നിലമ്പൂർ കോയിപ്ര മലയിൽ മണ്ണിടിച്ചിൽ; ഉരുൾപൊട്ടൽ ഭീതിയിൽ പരിഭ്രാന്തരായി നാട്ടുകാർ

By Web TeamFirst Published Jun 18, 2021, 10:36 PM IST
Highlights

കനത്ത മഴയിൽ കോയിപ്ര മലയിൽ മണ്ണിടിഞ്ഞു. ഇതോടെ കോട്ടപ്പുഴ കലങ്ങി ഒഴുകിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. മലവാരത്ത് മഴ തുടരുന്നതിനാൽ ഉരുൾപ്പൊട്ടൽ സാധ്യതയുണ്ടാകുമോ എന്നതാണ് ഭീതിക്ക് കാരണം. 

നിലമ്പൂർ: കനത്ത മഴയിൽ കോയിപ്ര മലയിൽ മണ്ണിടിഞ്ഞു. ഇതോടെ കോട്ടപ്പുഴ കലങ്ങി ഒഴുകിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. മലവാരത്ത് മഴ തുടരുന്നതിനാൽ ഉരുൾപ്പൊട്ടൽ സാധ്യതയുണ്ടാകുമോ എന്നതാണ് ഭീതിക്ക് കാരണം. പുഴയിൽ വെള്ളം കലങ്ങി ഒഴുകുന്നതും മലയിൽ മണ്ണിടിഞ്ഞ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സമീപ പഞ്ചായത്തുകളിലും ആശങ്ക സൃഷ്ടിച്ചു. 

ജനവാസ മേഖലയിൽ നിന്നും ഏതാനും കിലോമീറ്ററുകൾ മാറി കോയിപ്ര മല വനമേഖല സ്ഥിതി ചെയ്യുന്നത്. വ്യാഴാഴ്ച അർദ്ധരാത്രിയോടെ മലവാരത്ത് നിന്നും വലിയ ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. ഇന്നലെ രാവിലെ കോട്ടപ്പുഴയിൽ കലങ്ങിയ വെള്ളവും വന്നിരുന്നു. അമരമ്പലം പഞ്ചായത്തിലെ ടി കെ കോളനിയിലെ പൂന്തോട്ടംക്കടവിലെ വനം വകുപ്പ് ഔട്ട് പോസ്റ്റിന് എതിർ വശത്തായാണ് ചോക്കാട് പഞ്ചായത്തിലെ പർവ്വതമലയിലാണ് മണ്ണിടിച്ചിൽ ദൃശ്യമാകുന്നത്. 

മണ്ണിടിഞ്ഞുണ്ടായ ചെളി പുഴയിലെത്തിയതാവാം പുഴ കലങ്ങി ഒഴുകാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. ടി കെ കോളനി നിവാസികൾക്ക് കുടിവെള്ളത്തിനായി പുഴയിൽ സ്ഥാപിച്ച ചെറിയ പൈപ്പുകൾ പുഴയെടുത്തതൊഴിച്ചാൽ മറ്റ് ദുരിതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.  ആശങ്കപ്പെടേണ്ടതില്ലന്നും കോട്ടപുഴയോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം നൽകി.

click me!