
മലപ്പുറം: നിലമ്പൂരിൽ അർദ്ധരാത്രി കുഴിയിൽ വീണ യുവാവിനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി പോലീസ്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് നിലമ്പൂർ പോലീസ് സ്റ്റേഷനിലേക്ക് കൺട്രോൾ റൂമിൽ നിന്ന് സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ലഭിക്കുന്നത്. ഒരു യുവാവ് നിലമ്പൂർ ഭാഗത്ത് എവിടെയോ കുഴിയിൽ വീണു കിടക്കുന്നുണ്ടെന്നായിരുന്നു സന്ദേശം.
വിവരം ലഭിച്ച ഉടൻ നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ. ടി.പി. മുസ്തഫയും സിനിയർ സി.പി.ഒ. നിബിൻ ദാസും യുവാവിനെ തിരിച്ചുവിളിച്ചു. കുഴിയിൽ വീണുകിടക്കുകയാണെന്നും സ്ഥലം എവിടെയാണെന്ന് അറിയില്ലെന്നും യുവാവ് മറുപടി നൽകി. തുടർന്ന് സൈബർ സെല്ലിൻ്റെ സഹായത്തോടെ ഫോൺ നമ്പറിൻ്റെ ലൊക്കേഷൻ പരിശോധിച്ച പോലീസ്, യുവാവ് മമ്പാട് ടാണ ഭാഗത്താണ് ഉള്ളതെന്ന് മനസ്സിലാക്കി.
പോലീസ് ഫോണിലൂടെ യുവാവിന് ധൈര്യം പകരുകയും തിരച്ചിലിനൊടുവിൽ സ്ഥലം കണ്ടെത്തുകയും ചെയ്തു. ടാണയിൽ പുഴക്കടവിലേക്ക് പോകുന്ന റോഡിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപമുള്ള 10 അടിയോളം താഴ്ചയുള്ള കുഴിയിൽ വീണുകിടക്കുന്ന നിലയിൽ രവീൺ എന്ന യുവാവിനെയാണ് പോലീസ് കണ്ടെത്തിയത്. തൊട്ടടുത്തുള്ള വീട്ടിൽനിന്ന് കോണി സംഘടിപ്പിച്ചാണ് യുവാവിനെ കരക്കെത്തിച്ചത്. പരിക്കേറ്റ 22-കാരനായ രവീണിനെ ഉടൻ തന്നെ നിലമ്പൂർ ഗവ. ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശിയാണ് രവീൺ.
പൈനാപ്പിൾ കൃഷിത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനാണ് രവീൺ ബന്ധുക്കളോടൊപ്പം നിലമ്പൂരിൽ എത്തിയത്. കൂടെയുള്ളവരെ അറിയിക്കാതെ രാത്രി താമരശ്ശേരിയിലുള്ള വീട്ടിലേക്ക് പോകാനിറങ്ങിയതായിരുന്നു. ബസ് കിട്ടാതെ വന്നപ്പോൾ മമ്പാട് ഭാഗത്തേക്ക് നടക്കുകയായിരുന്നു. തന്നെ ആരോ പിന്തുടരുന്നതായി തോന്നിയെന്നും രക്ഷപ്പെടാൻ ഓടുന്നതിനിടെയാണ് കുഴിയിൽ വീണതെന്നുമാണ് രവീൺ പോലീസിനോട് പറഞ്ഞത്. പോലീസിൻ്റെ സമയോചിതമായ ഇടപെടലാണ് രവീണിന് ജീവൻ തിരിച്ചുകിട്ടാൻ കാരണമായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam