അവഗണനയുടെ ട്രാക്കിൽ നിലമ്പൂർ റെയിൽവേ: സർവീസുകൾ പുനഃസ്ഥാപിക്കാൻ ഇനി എത്ര കാത്തിരിക്കണം!

By Web TeamFirst Published Sep 26, 2021, 10:30 PM IST
Highlights

കേരളത്തിലെ ഏറ്റവും മനോഹരമായ ട്രെയിൻ യാത്രയിലൊന്നാണ് ഷൊർണൂർ-നിലമ്പൂർ പാത. പ്രകൃതി മനോഹരമായ ഈ പാത ഇന്ന് അവഗണനയുടെ പടുകുഴിയിലാണ്. 

നിലമ്പൂർ: കേരളത്തിലെ ഏറ്റവും മനോഹരമായ ട്രെയിൻ യാത്രയിലൊന്നാണ് ഷൊർണൂർ-നിലമ്പൂർ പാത. പ്രകൃതി മനോഹരമായ ഈ പാത ഇന്ന് അവഗണനയുടെ പടുകുഴിയിലാണ്. കൊവിഡിന്റെ തുടക്കത്തിൽ നിർത്തിവെച്ച ട്രെയിൻ സർവീസ് ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ആകെ പുനഃസ്ഥാപിച്ചതാകട്ടെ രാജറാണി എക്‌സ്പ്രസ് മാത്രമാണ്. ഇതും രാത്രി മാത്രമാണ് സർവീസ് നടത്തുന്നത്. 

കേരളത്തിലെ ഒട്ടുമിക്ക ട്രെയിൻ സർവീസുകളും പുനരരാംഭിച്ചിട്ടും നിലമ്പൂർ റെയിൽവേയോടുള്ള അവഗണന തുടരുകയാണ്. ട്രെയിൻ സർവീസില്ലാത്തതിനാൽ വിദ്യാർഥികളടക്കമുള്ളവർ ബസ് സർവീസിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കൂടാതെ രാജറാണി എക്‌സ്പ്രസിന്റെ  സർവീസ് ഷൊർണൂരിലേക്ക് മാറ്റാനുള്ള ചരട്‌വലികളും നടക്കുന്നുണ്ട്.

ഏഴ് സർവീസുകൾ നടത്തിയിരുന്ന നിലമ്പൂർ-ഷൊർണൂർ പാതയിൽ കൊവിഡിനെ തുടർന്ന് ആദ്യഘട്ടത്തിൽ മുഴുവൻ സർവീസുകൾ നിർത്തിവെച്ചിരുന്നു. എന്നാൽ പിന്നീട് രാജ്യറാണി എക്‌സ്പ്രസ് മാത്രമാണ് പുനഃസ്ഥാപിച്ചത്. നിലവിൽ നിലമ്പൂർ-ഷൊർണ്ണൂർ പാതയിൽ വണ്ടികൾ പകൽ സർവീസ് നടത്താത്തതിനാൽ വലിയ ദുരിതമാണ് ജനങ്ങൾ അനുഭവിക്കുന്നത്. വിദ്യാർഥികൾ, സർക്കാർ ജീവനക്കാർ, സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാർ തുടങ്ങി ആയിരക്കണക്കിന് ആൾക്കാരാണ് പകൽ സർവീസുകളെ ആശ്രയിച്ചിരുന്നത്. 

ഇവരെല്ലാം മറ്റു യാത്രാ മാർഗ്ഗങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. അഞ്ച് പാസഞ്ചർ സർവീസുകളും നിലമ്പൂർ-കോട്ടയം എക്‌സ്പ്രസും ചരക്ക് തീവണ്ടിയും ഉടൻ സർവീസ് ആരംഭിക്കണമെന്നാണ് യാത്രികരുടെ ആവശ്യം. മംഗലാപുരം-ഷൊർണൂർ-പാലക്കാട്-എറണാകുളം-തിരുവനന്തപുരം പാതകതകളിൽ ഒട്ടുമിക്ക പാസഞ്ചറുകളും സർവീസ് പുനരാരംഭിച്ചു കഴിഞ്ഞു. കൊല്ലം-പുനലൂർ പാതയിൽ നാല് സർവീസുകൾ ഓടിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ നിലമ്പൂർ-ഷൊർണൂർ പാതയിൽ രാജറാണി എക്‌സ്പ്രസ് മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.

അവഗണനെക്കെതിരെ റിലേ സത്യഗ്രഹ സമരം നിലമ്പൂർ റെയിൽവേയോടുള്ള അവണനക്കെതിരെ റെയിൽവേ ആക്ഷൻ കൗൺസിൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന റിലേ സത്യഗ്രഹ സമരത്തിന് തുടക്കം കുറിച്ചിരിക്കുകയാണിപ്പോൾ. ശനിയാഴ്ച തുടങ്ങിയ സമരം ഏറനാട് മണ്ഡലം എം എൽ എ. പി കെ ബഷീറാണ് ഉദ്ഘാടനം ചെയ്തത്.

നിലമ്പൂർ പാതയോടുള്ള റെയിൽവേയുടെ അവഗണന അവസാനിപ്പിക്കുക, കോട്ടയം-നിലമ്പൂർ എക്‌സ്പ്രസ് സർവീസ് പുനരാരംഭിക്കുക, കൊവിഡിന് മുമ്പുള്ള എല്ലാ സർവീസുകളും പുനരാരംഭിക്കുക, നിലമ്പൂർ-ഷൊർണ്ണൂർ പാതയിൽ ചരക്ക് ഗതാഗതം ആരംഭിക്കുക, നിലമ്പൂർ-ഷൊർണ്ണൂർ പാതയുടെ വൈദ്യുതീകരണം ആരംഭിക്കുക, നിലമ്പൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് നേരിട്ട് സർവീസ് ആരംഭിക്കുക, നിലമ്പൂരിൽ നിന്നും കൊച്ചുവേളിയിലേക്കുള്ള രാജ്റാണിയുടെ സർവീസ് തിരുവനന്തപുരം നാഗർകോവിൽ വരെ നീട്ടുക, റെയിൽവേയുടെ വിസ്റ്റാഡം ടൂറിസ്റ്റ് കോച്ച് നിലമ്പൂരിലേക്കും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആക്ഷൻ കൗൺസിൽ സമരം നടത്തുന്നത്.

ചരക്ക് വണ്ടികളില്ല: പ്രേതാലയം പോലെ ചരക്ക് ഗോഡൗൺ

ചരക്ക് വണ്ടികളെത്താതതിനാൽ നോക്കുകുത്തിയായിരിക്കുകയാണ് നിലമ്പൂർ റെയിൽവേ സ്‌റ്റേഷനിലെ ചരക്ക് ഗോഡൗൺ. നാല് കോടിയിലേറെ രൂപ വിനിയോഗിച്ച് നിർമിച്ച ഇത് ഉപയോഗശൂന്യമായി കിടക്കുകയാണ്. കഴിഞ്ഞ വർഷം ചരക്ക് ട്രെയ്‌നിന്റെ   ഉദ്ഘാടനം നടത്തുകയും സിമന്റ് ലോഡ് എത്തുകയും ചെയ്തിരുന്നു. എന്നാൽ വിവിധ ട്രേഡ് യൂനിയനുകളിലെ തൊഴിലാളികൾ തമ്മിലുണ്ടായ തർക്കം ലോഡിറക്കുന്നതിന് താമസമുണ്ടാക്കി. 

ഗുഡ്‌സ് ട്രെയിൻ സ്റ്റേഷനിലെത്തിയാൽ അഞ്ച് മണിക്കൂർ മാത്രമാണ് ചരക്കിറക്കുന്നതിനുള്ള സമയം. അത് കഴിഞ്ഞാൽ ഓരോ മണിക്കൂറിനും അധികതുക അടക്കണം. തർക്കം രൂക്ഷമായതോടെ സിമന്റിറക്കാൻ വലിയ തുകയാണ് വ്യാപാരികൾ നൽകേണ്ടി വന്നത്. എന്നാൽ ജപപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തി പ്രശ്‌നം പരിഹരിച്ചെങ്കിലും ഇനി സിമെന്റിറക്കാനില്ലെന്ന് സിമന്റ് മൊത്തക്കച്ചവടക്കാരും തീരുമനിച്ചു. ഇതോടെ ചരക്ക് നീക്കവും നിലച്ചു. നിലവിൽ തൊഴിൽ തർക്കമില്ലെങ്കിലും ചരക്ക് ട്രെയിൻ എത്തുന്നില്ല.

click me!