
തിരുവനന്തപുരം: നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിൽ കരിങ്കുരങ്ങിന് കുഞ്ഞ് ജനിച്ചു. നീലഗിരി ലങ്കുർ ഇനത്തിൽപ്പെട്ട 15 വയസുകാരിയായ 'രഞ്ജിനി' എന്ന പെൺകുരങ്ങാണ് കുഞ്ഞിന് ജന്മം നൽകിയത്. 18 വയസുകാരനായ 'രാജീവ്' ആണ് അച്ഛൻ കുരങ്ങ്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടായിരുന്നു പുതിയ അതിഥി ജനിച്ചത്.
2013ൽ വനം വകുപ്പിന്റെ കോടനാടുള്ള അനിമൽ റെസ്ക്യൂ സെന്‍ററിൽ നിന്നാണ് രാജീവിനെയും രഞ്ജിനിയെയും തിരുവനന്തപുരം മൃഗശാലയിൽ എത്തിക്കുന്നത്. അതിനുശേഷം 2014ൽ ഇവയ്ക്ക് 'സോന' എന്ന് പേരുള്ള ഒരു പെൺകുഞ്ഞ് ജനിച്ചിരുന്നു. അതിനുശേഷമുള്ള നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മൃഗശാലയിൽ വീണ്ടും കരിങ്കുരങ്ങ് കുഞ്ഞിന്‍റെ ജനനം.
പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നതും വംശനാശഭീഷണി നേരിടുന്നതുമായ ഒരു അപൂർവ ജീവിവർഗമായതിനാൽ കരിങ്കുരങ്ങുകളുടെ പ്രജനനം വളരെ ബുദ്ധിമുട്ടേറിയതാണെന്ന് മൃഗശാല അധികൃതർ പറയുന്നു. അക്രമകാരികളായ ഇവർ ഇണചേരുന്നത് അപൂർവമായാണ്. കൃത്യമായ പരിചരണവും അനുകൂലമായ അന്തരീക്ഷവും വഴിയാണ് ഈ നേട്ടം കൈവരിക്കാനായതെന്നാണ് വിലയിരുത്തൽ.
നിലവിൽ അമ്മ കുരങ്ങിനെയും കുഞ്ഞിനെയും മൃഗശാലയിൽ പ്രത്യേകം സജ്ജമാക്കിയ 'നഴ്‌സറി' കൂട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. കുഞ്ഞിന്‍റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ഒരു മാസത്തെ സൂക്ഷ്മ നിരീക്ഷണത്തിന് ശേഷം സന്ദർശകർക്ക് കാണാൻ സാധിക്കുന്ന രീതിയിലുള്ള തുറന്ന കൂട്ടിലേക്ക് ഇവരെ മാറ്റുമെന്ന് മൃഗശാല അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam