സ്കൂള്‍ ബസില്‍ നിന്ന് തെറിച്ചു വീണ മൂന്നാംക്ലാസുകാരന് മേല്‍ പിന്‍ചക്രം കയറിയിറങ്ങി; ദാരുണാന്ത്യം

By Web TeamFirst Published Feb 5, 2020, 11:58 AM IST
Highlights

നിറയെ കുട്ടികളുണ്ടായിരുന്ന ബസിന്‍റെ പടിയിലാണ് കുട്ടി നിന്നിരുന്നത്.  ബസില്‍ കുട്ടികളെ കുത്തി നിറച്ച് കൊണ്ടുപോയതാണ് അപകടകാരണമെന്നാണ് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്. 

മലപ്പുറം: സ്കൂള്‍ ബസില്‍ നിന്ന് തെറിച്ച വീണ് അതേ ബസിന്‍റെ പിന്‍ചക്രത്തിനടയില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം കൊളത്തൂരിലാണ് നാടിനെ വേദനയിലാഴ്ത്തിയ ദാരുണ അപകടം നടന്നത്. മഞ്ഞക്കുളം മദ്രസയ്ക്ക് സമീപം താമസിക്കുന്ന കക്കാട്ട് ഷാനവാസിന്‍റെ മകന്‍ ഫര്‍സീന്‍ അഹ്മദ് ആണ് മരിച്ചത്. കുറുവ എയുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഫര്‍സീന്‍. ഫര്‍സീന്‍റെ മാതാവ് ഇതേ സ്കൂളിലെ അധ്യാപികയാണ്.

ഫര്‍സീന്‍ തന്‍റെ മാതാവിന്‍റെ വീടിനടുത്ത് നിന്നും ഒരു കിലോമീറ്ററോളം അകലെയുള്ള സ്കൂളിലേക്ക് പോവുമ്പോഴാണ് അപകടം നടന്നത്. രാവിലെ പത്തരയോടെ സ്കൂളിലേക്ക് പോകാനായി ഫര്‍സീന്‍ ബസില്‍ കയറി. നിറയെ കുട്ടികളുണ്ടായിരുന്ന ബസിന്‍റെ പടിയിലാണ് കുട്ടി നിന്നിരുന്നത്. സ്കൂളിലേക്കുള്ള യാത്രക്കിടെ വാതിലിന്‍റെ കൊളുത്തില്‍ ബാഗ് കുടുങ്ങി, ഡോര്‍ തുറന്ന് ഫര്‍സീന്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

റോഡില്‍ വീണ വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ ബസിന്‍റെ പിന്‍ചക്രം കയറിയിറങ്ങി സംഭവ സ്ഥലത്ത് വച്ചുതന്നെ മരണം സംഭവിച്ചു. ബസില്‍ കുട്ടികളെ കുത്തി നിറച്ച് കൊണ്ടുപോയതാണ് അപകടകാരണമെന്നാണ് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്. 
 

click me!