
ആലപ്പുഴ: ഒറ്റ ശ്വാസത്തിൽ അറുപത് സസ്യങ്ങളുടെ പേര് പറഞ്ഞ് ഒമ്പതു വയസുകാരൻ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം കാട്ടൂക്കാരൻ വീട്ടിൽ സുധീർ സുഹറ ദമ്പതികളുടെ മകൻ മുഹമ്മദ് സഹിലാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്. നീർക്കുന്നം എസ്ഡിവി ഗവ. യു പി സ്കൂളിലെ നാലാം ക്ളാസ് വിദ്യാർത്ഥിയായ മുഹമ്മദ് സഹിൽ.
ലോക്ക്ഡൗൺ കാലം മുതലാണ് സഹിൽ തൻ്റെ കഴിവുകൾ പ്രകടിപ്പിച്ച് തുടങ്ങിയത്. തുടക്കത്തിൽ കുപ്പികളിൽ വർണ വിസ്മയം തീർത്തു. പിന്നീട് കുപ്പി, ചിരട്ട, തൊണ്ട്, കയർ മറ്റ് പാഴ് വസ്തുക്കൾ എന്നിവ ഉപയോഗിച്ച് ചെടിച്ചട്ടികളും നിർമിച്ചു തുടങ്ങി. മകൻ്റെ കഴിവ് തിരിച്ചറിഞ്ഞ പിതാവ് പിന്നീട് പല സ്ഥലങ്ങളിൽ നിന്നായി ധാരാളം ചെടികളും എത്തിച്ചു. മാതാവിൻ്റെ സഹായത്താൽ ഈ ചെടികളുടെ പേരും കാണാപ്പാഠമായി.
ജൂണിലാണ് പ്ലാൻ്റ് ഐഡൻ്റിഫിക്കേഷൻ വിഭാഗത്തിൽ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിലേക്ക് അപേക്ഷ അയച്ചത്. പിന്നീട് ഇവരുടെ നിർദേശ പ്രകാരം ചെടികളുടെ പേര് പറയുന്ന വീഡിയോയും അയച്ചു നൽകി. ഒരു മിനിറ്റിൽ അറുപത് ചെടികളുടെ പേരുകളാണ് മുഹമ്മദ് സഹിൽ പറഞ്ഞത്. കഴിഞ്ഞ ദിവസം ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ നിന്ന് മുഹമ്മദ് സഹിലിന് മെഡലും സർട്ടിഫിക്കറ്റും ലഭിച്ചു. വീടിൻ്റെ പരിസരമാകെ ഈ മിടുക്കൻ പാഴ് വസ്തുക്കളിൽ നിർമിച്ച ചെടിച്ചട്ടികളുടെ ശേഖരം മാത്രമാണുള്ളത്. ചെടികളെ ജീവന് തുല്യം സ്നേഹിക്കുന്ന സഹിൽ നാടിന് അഭിമാനമായി മാറിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam