ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സാഹസികത; ഒഴുക്കില്‍പ്പെട്ട് മരണത്തെ മുന്നില്‍ കണ്ട വയോധികന് പുതുജീവന്‍

By Web TeamFirst Published Dec 21, 2020, 8:24 PM IST
Highlights

പുഴയ്ക്ക് സമീപം താമസിക്കുന്ന ഇരുവരും പുഴയില്‍ മിന്‍പിടിക്കാനും കുളിക്കാനും സ്ഥിരമായി വാഹനങ്ങളുടെ ടയറിന്റെ ട്യൂബില്‍ കാറ്റ് നിറച്ച് കറങ്ങാറുണ്ട്. ഈ കറക്കത്തിനിടയിലാണ് മറുകരയില്‍ ഒരാള്‍ വെള്ളത്തില്‍ മുങ്ങിതാഴുന്നത് കണ്ടത്. ഉടനെ ഇരുവരും ട്യൂബ് തുഴഞ്ഞ് മറുകരയിലെത്തി രക്ഷിക്കാനായി തോര്‍ത്തിട്ടുകൊടുത്തു.
 

വേങ്ങര: ഒഴുക്കില്‍പ്പെട്ട വയോധികനെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത് 14 വയസുകാരായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍. കടലുണ്ടിപ്പുഴയില്‍ കുളിക്കുന്നതിനിടെ കൂരിയാട് പനമ്പുഴ കടവില്‍ കൊളപ്പുറം കുംഭാരകോളനിയിലെ കുഞ്ഞുട്ടി ചെട്ടിയാരാ(75)ണ് ഒഴുക്കില്‍പ്പെട്ടത്.

കാട്ടുമുണ്ടക്കല്‍ സഞ്ജയ്(14) കാട്ടുമുണ്ടക്കില്‍ അദ്വൈത്(14) എന്നിവര്‍ ചേര്‍ന്നാണ് മുങ്ങി താഴുകയായിരുന്ന ഇയാളെ രക്ഷപ്പെടുത്തിയത്. പുഴയ്ക്ക് സമീപം താമസിക്കുന്ന ഇരുവരും പുഴയില്‍ മിന്‍പിടിക്കാനും കുളിക്കാനും സ്ഥിരമായി വാഹനങ്ങളുടെ ടയറിന്റെ ട്യൂബില്‍ കാറ്റ് നിറച്ച്  കറങ്ങാറുണ്ട്.

ഈ കറക്കത്തിനിടയിലാണ് മറുകരയില്‍ ഒരാള്‍ വെള്ളത്തില്‍ മുങ്ങിതാഴുന്നത് കണ്ടത്. ഉടനെ ഇരുവരും ട്യൂബ് തുഴഞ്ഞ് മറുകരയിലെത്തി രക്ഷിക്കാനായി തോര്‍ത്തിട്ടുകൊടുത്തു. ഇത് വിജയിക്കാതെ വന്നതോടെ കൈ കാണിച്ചുവെങ്കിലും ഇതും വിജയിച്ചില്ല.

ഇതേതുടര്‍ന്ന്  രണ്ടുപേരും വെള്ളത്തിലേക്ക് എടുത്തുചാടി വലിച്ച് കരക്ക് കയറ്റുകയായിരുന്നു. വിവിരമറിഞ്ഞെത്തിയ നാട്ടുകാര്‍ ചെട്ടിയാരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാട്ടുമുണ്ടക്കല്‍ ഷണ്‍മുഖന്റേയും തങ്കമണിയുടേയും മകനാണ് അദ്വൈത്. ഭാസ്‌കരന്റേയും ബീനയുടേയും മകനാണ് സഞ്ജയ്. 


 

click me!