കുട്ടികളിൽ പോഷകാഹാരം ഉറപ്പാക്കുന്നതിന് കൃഷി വിജ്ഞാൻ കേന്ദ്രത്തിൻറെ പോഷകാഹാരത്തോട്ടം പദ്ധതി

By Web TeamFirst Published Dec 21, 2020, 8:17 PM IST
Highlights

ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്റെ അനുബന്ധ സ്ഥാപനമായ കെ‌വി‌കെയിലെ ഒരു സംഘം ഉദ്യോഗസ്ഥരാണ് പോഷകാഹാരത്തോട്ടം പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്...

കോഴിക്കോട്: പച്ചക്കറിക്കൃഷിയിലൂടെ പോഷകാഹാരം ഉറപ്പുവരുത്തുക എന്ന ആരോഗ്യകരമായ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ് കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്ത്. പോഷകാഹാര ലഭ്യതയിൽ ഓരോ വീടും സ്വയം പര്യാപ്തമാകുക എന്ന ലക്ഷ്യത്തോടുകൂടിയാണ്  പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം  പോഷകാഹാരത്തോട്ടം പദ്ധതി ആരംഭിച്ചിരിക്കുന്നത്. കെ.വി.കെയുടെ (കൃഷി വിജ്ഞാൻ കേന്ദ്രം) ദത്തുഗ്രാമമാണ് കോട്ടൂർ.  പോഷകാഹാരത്തോട്ടം പദ്ധതി നിരവധി കുടുംബങ്ങളുടെ ഭക്ഷണരീതിയിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്റെ അനുബന്ധ സ്ഥാപനമായ കെ‌വി‌കെയിലെ ഒരു സംഘം ഉദ്യോഗസ്ഥരാണ് പോഷകാഹാരത്തോട്ടം പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 25 കുടുംബങ്ങൾക്കുള്ള പച്ചക്കറി വിത്തുവിതരണവും പരിശീലന പരിപാടികളും നടത്തി. മേഖലയിലെ കുട്ടികൾക്കും കൗമാരക്കാർക്കും ഗർഭിണികൾക്കും പോഷകാഹാരം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ മൂന്ന് അങ്കണവാടികളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭക്ഷ്യ സുരക്ഷയുടെ സുസ്ഥിര മാതൃകകളാണ് പോഷകാഹാരത്തോട്ടങ്ങളെന്നു ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ . സന്തോഷ് ജെ ഈപ്പൻ പറഞ്ഞു.നമ്മുടെ ഗ്രാമങ്ങളിൽ ആരോഗ്യകരവും പോഷക സമ്പുഷ്ടമായ ആഹാരം ഉറപ്പുവരുത്താനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് പോഷകാഹാരത്തോട്ടമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കുട്ടികൾക്കും പോഷകാഹാരം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്മാർട്ട് ന്യൂട്രീഷൻ വില്ലേജ് സ്കീമിന് കീഴിലുള്ള പദ്ധതി ആരംഭിച്ചിട്ടുള്ളത് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.  ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയിൽ പ്രാദേശികമായി ലഭ്യമായതും തദ്ദേശീയവുമായ വിത്തുകളാണ് വിതരണം നടത്തുന്നത്.

പച്ചക്കറി കൃഷി, ജൈവകൃഷി, മണ്ണിര കമ്പോസ്റ്റിംഗ്, മറ്റ് കാർഷിക അനുബന്ധ വിഷയങ്ങൾ എന്നിവയിൽ ഗുണഭോക്തൃ കുടുംബങ്ങൾക്ക് കെവി‌കെ അധികൃതർ നിരവധി പരിശീലന പരിപാടികൾ പൂർത്തിയാക്കി. മുത്തുകാട്, നാടുവണ്ണൂർ ഗ്രാമപഞ്ചായത്തുകളും പദ്ധതിയുടെ ഭാഗമാണ്. പദ്ധതിയുപയോക്താക്കളായ കുടുംബങ്ങൾക്ക് വിത്തുകൾക്കൊപ്പം കമ്പോസ്റ്റ് യൂണിറ്റ് നൽകുന്നതിനാൽ  അടുക്കളയിലെ മാലിന്യങ്ങളിൽ നിന്ന് ആവശ്യാനുസരണം വളം ഉത്പാദിപ്പിക്കാനും അവർക്ക് കഴിയും. സംയോജിത കാർഷിക മാതൃയാണ് പോഷകാഹാരത്തോട്ടത്തിലൂടെ കെ വി കെ പ്രോത്സാഹിപ്പിക്കുന്നത്. പലരും പച്ചക്കറികളോടൊപ്പം കോഴി, ആട് എന്നിവ വളർത്താൻ തുടങ്ങിയത് പദ്ധതിയുടെ വിജയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

വിത്ത് വിതരണത്തിനും പരിശീലനത്തിനും പുറമെ, പോഷകാഹാര ഉപഭോഗം മെച്ചപ്പെടുത്തുന്നതിന് പോഷകാഹാര തോട്ടം അവരെ സഹായിക്കുന്നുണ്ടോയെന്ന് അവലോകനം ചെയ്യുന്നതിന് ഗുണഭോക്തൃ കുടുംബങ്ങൾക്കിടയിൽ ഒരു പോഷകാഹാര ഉപഭോഗ പഠനവും കെ വി കെ ലക്ഷ്യം വയ്ക്കുന്നു. ഒരു സർവേയുടെ സഹായത്തോടെയാണ് പോഷകാഹാര ഉപയോഗക്രമങ്ങളെക്കുറിച്ച്‌ പഠിക്കുന്നത്. ഇത് കുട്ടികളുടെയും മുതിർന്നവരുടെയും ഭക്ഷണ സമയം പോഷകാഹാരങ്ങളുടെ ഉപയോഗം ഇവ വിലയിരുത്താനും ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിക്കാനും ഈപഠനം സഹായകമാവും.

പച്ചക്കറികൾക്കായി പണം ചെലവഴിക്കേണ്ടതില്ലാത്തതിനാൽ വരുമാനം ലാഭിക്കുന്നത് ഉറപ്പാക്കാൻ പുതിയ പ്രോജക്റ്റ് സ്ത്രീകളെ സഹായിക്കുന്നു. കെ‌വി‌കെ ആരംഭിച്ച പദ്ധതി പ്രകാരം, തിരഞ്ഞെടുത്ത ഒരു കൂട്ടം ഗുണഭോക്താക്കൾക്ക് പോഷകാഹാരത്തോട്ടം സ്ഥാപിക്കുന്നതിന് വർഷം മുഴുവൻ പിന്തുണ ലഭിക്കും. അടുത്ത വർഷം പദ്ധതി മറ്റൊരു പഞ്ചായത്തിലേക്ക് വ്യാപിപ്പിക്കും. ഒരു വർഷത്തേക്കുള്ള ഞങ്ങളുടെ പിന്തുണ, വരും വർഷങ്ങളിലും പോഷകാഹാര തോട്ടം പദ്ധതി തുടരാൻ ഗുണഭോക്താക്കളെ എളുപ്പത്തിൽ സഹായിക്കുമെന്ന് കൃഷി വിദഗ്ധർ പറഞ്ഞു.

click me!