
വളപ്പ്: രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിൽ മത്സ്യത്തൊഴിലാളിയുടെ കട ഒഴിപ്പിക്കാൻ ശ്രമമെന്ന് പരാതി. എറണാകുളം വളപ്പ് സ്വദേശിയായ സുനിൽകുമാറാണ് ഞാറയ്ക്കൽ പഞ്ചായത്തിനെതിരെ പരാതിയുമായി എത്തിയത്. പ്രളയരക്ഷാ പ്രവർത്തനത്തിന്‍റെ പേരിൽ മുഖ്യമന്ത്രിയടക്കം ആദരിച്ച മത്സ്യത്തൊഴിലാളിയാണ് സുനിൽകുമാർ.
പ്രളയകാലത്ത് സ്വന്തം ജീവൻ കയ്യിലെടുത്ത് സുനിൽകുമാറെന്ന മത്സ്യതൊഴിലാളി രക്ഷിച്ചത് മുന്നൂറോളം ജീവനുകളാണ്. അന്യന്‍റെ മുന്നിൽ കൈനീട്ടി ഉണ്ടാക്കിയ ഷെഡ് ഉപേക്ഷിച്ച് തെരുവിലേക്കിറങ്ങാൻ ഒരുങ്ങുകയാണ് അതേ രക്ഷകൻ. മത്സ്യതൊഴിലാളി സഹകരണസംഘത്തിന്‍റെ പ്രസിഡന്‍റ് കൂടിയായ സുനിൽ കുമാർ രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്നു. പക്ഷെ, മുഖ്യമന്ത്രിയടക്കം ആദരിച്ച മത്സ്യതൊഴിലാളിയുടെ കട പൊളിക്കാൻ പഞ്ചായത്ത് ഭരണസമിതി ഒന്നടങ്കം രംഗത്തെത്തി. സിപിഎം സിപിഐ പോര് രൂക്ഷമായ ഞാറയ്ക്കൽ മേഖലയിൽ സിപിഐ സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയതാണ് തനിക്ക് എതിരായ വൈരാഗ്യത്തിന് കാരണമെന്ന് സുനിൽകുമാർ പറയുന്നു.
അനുവാദം ഇല്ലാതെ ഷെഡ് കെട്ടിയെന്നാണ് സുനിൽ കുമാറിനെതിരായ പഞ്ചായത്തിന്‍റെ ആരോപണം. എന്നാൽ കരാർ പാലിച്ചാണ് കട നടത്തുന്നതെന്ന് ഇതേ കടയിലെ തൊഴിലാളി കൂടിയായ ലേലം ഉടമ പറയുന്നു. ആർക്കും വേണ്ടാതെ കിടന്ന മാർക്കറ്റ് ജനപ്രിയമാക്കിയെടുത്ത, ജനപ്രിയനായ മത്സ്യതൊഴിലാളി നേതാവിനെതിരായ നീക്കത്തിൽ നാട്ടുകാരും പ്രതിഷേധിച്ചു.
കട ഒഴിപ്പിക്കാനുള്ള ഉത്തരവിനെതിരെ സുനിൽകുമാർ നേടിയ സ്റ്റേ കാലാവധി അവസാനിക്കുകയാണ്. ഇക്കാര്യത്തിൽ തീരുമാനം പഞ്ചായത്തിന് സ്വീകരിക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. തനിക്കെതിരെ വാളോങ്ങി നിൽക്കുന്ന പഞ്ചായത്ത് ഭരണസമിതി അനുകൂല തീരുമാനം എടുക്കുമെന്ന പ്രതീക്ഷ സുനിലിനില്ല. പക്ഷെ ഇനി എന്ത് എന്ന ചോദ്യത്തിന് സുനിലിനും കൂടെയുള്ള ആറ് പേർക്കും ഉത്തരമില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam