
കൽപ്പറ്റ: ഹർത്താൽദിനത്തിൽ അക്രമികൾ തകർത്ത ബസിന് പകരം ഓടിക്കാൻ വണ്ടിയില്ലാത്തതിനാൽ മികച്ച വരുമാനമുള്ള സർവ്വീസ് റദ്ദാക്കി കെഎസ്ആര്‍ടിസി. രാവിലെ ആറുമണിക്കുള്ള മാനന്തവാടി-കല്ലോടി- കുറ്റ്യാടി- കോഴിക്കോട് സർവീസ് ആണ് താത്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. കഴിഞ്ഞ 17-ന് തേറ്റമലയിലാണ് ബസിന് നേരെ ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞത്.
അക്രമത്തിൽ ബസിന്‍റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. ഇനി കോഴിക്കോട് കൊണ്ടുപോയി പുതിയ ചില്ല് ഘടിപ്പിക്കണം. രാവിലെ ആറുമണിക്ക് മാനന്തവാടിയിൽ നിന്നെടുത്ത് ഒമ്പത് മണിയാവുമ്പോൾ കോഴിക്കോട് എത്തുന്ന ഈ സർവീസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്ന രോഗികള്‍ക്കടക്കം ഒട്ടേറെ പേര്‍ക്ക് ആശ്രയമായിരുന്ന സർവീസ് മുടങ്ങിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
അതേസമയം ബസ് അറ്റകുറ്റപ്പണി പൂർത്തിയാക്കി തിരികെയെത്തിക്കും വരെ പകരം ഓടിക്കാൻ ബസില്ല എന്നാണ് അധികൃതർ പറയുന്നത്. ചുരത്തിൽ ഓടിക്കാൻ പാകത്തിൽ ക്ഷമതയുള്ള ബസ് ഡിപ്പോയിൽ ഇല്ലെന്നാണ് വിശദീകരണം. സ്പെയർപാർട്‌സ് ഇല്ലാത്തത് കാരണം മറ്റ് 20 ബസുകൾകൂടി മാനന്തവാടി ഡിപ്പോയിൽ ഓടാതെ കിടക്കുന്നുണ്ട്.
ദിവസേന 93 ഷെഡ്യൂളുകളാണ് ഡിപ്പോയിൽ നിന്നുള്ളതെങ്കിലും വണ്ടികളുടെ കുറവ് കാരണം 74 ഷെഡ്യൂളുകളാണ് ഇപ്പോൾ നടത്തുന്നത്. ടയർ, സ്പ്രിങ് ലീഫ്, എൻജിൻ തുടങ്ങിയവയ്ക്കാണ് പ്രധാനമായും ക്ഷാമം നേരിടുന്നത്. എല്ലാ ഷെഡ്യൂളുകളും നടത്തിയിരുന്ന സമയത്ത് 12 ലക്ഷം രൂപ വരുമാനം ലഭിച്ചിരുന്നു. ബസുകൾ കട്ടപ്പുറത്തായതോടെ വരുമാനം കുറഞ്ഞു. ഇപ്പോൾ 10 ലക്ഷം രൂപയാണ് ഒരു ദിവസത്തെ വരുമാനം. ചെറിയ തകരാറിന്‍റെ പേരിൽ പോലും ബസുകൾ വെറുതെ കിടന്ന് നശിക്കുകയാണ് ഡിപ്പോയിൽ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam