
ഇടുക്കി: അതീവ സുരക്ഷയുള്ള പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ തമിഴ്നാട് എംഎൽഎ മാർക്കൊപ്പമെത്തിയ സംഘം ഡ്രോൺ പറത്തിയ സംഭവത്തിൽ കേസ് എടുക്കേണ്ടെന്ന് വനംവകുപ്പ് തീരുമാനം. മുൻകൂർ അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിക്കരുതെന്ന് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിനും ജലവിഭവ വകുപ്പിനും നിർദ്ദേശം നൽകി. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന വിഷയമായതിനാലാണ് കേസ് ഒഴിവാക്കിയത്. ശനിയാഴ്ചയാണ് പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ തമിഴ്നാട് സംഘം ഡ്രോൺ ഉപയോഗിച്ച് മുല്ലപ്പെരിയാർ കനാലിൻറെയും വനമേഖലയുടെയും ദൃശ്യം പകർത്തിയത്. സംരക്ഷിത വനമേഖലയായ പെരിയാർ കടുവാ സങ്കേതത്തിൽ ഡ്രോണുകൾ പറത്തുന്നതിനും ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനും കർശന നിരോധനമുണ്ട്.
പെരിയകുളം എംഎൽഎ ശബരി ഐങ്കരൻ, കമ്പം എംഎൽഎ ജഗന്നാഥ് മിശ്ര എന്നിവർക്കും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കുമൊപ്പമെത്തിയപ്പോഴാണ് ദൃശ്യങ്ങൾ പകർത്തിയത്. സംഭവം വിവാദമായതോടെ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത ദൃശ്യം പെരിയകുളം എംഎൽഎ നീക്കം ചെയ്തു. കഴിഞ്ഞ ദിവസം കാർഷിക ആവശ്യങ്ങൾക്കായി മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തമിഴ്‌നാട് ഉയർത്തിയപ്പോഴായിരുന്നു സംഭവം. അണക്കെട്ടിന്റെ ഷട്ടർ ഉയർത്തുന്നതിനോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പ്രത്യേക പൂജകൾ നടത്തിയിരുന്നു. ഈ സംഘത്തോടൊപ്പം എത്തിയവരാണ് പെരിയാർ കടുവാ സങ്കേതത്തിന്റെ ആകാശദൃശ്യങ്ങൾ അനധികൃതമായി ഡ്രോൺ ഉപയോഗിച്ച് പകർത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam