
കോട്ടയം: പാലാ നഗരസഭയിൽ ചെയര്പേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ പ്രതിപക്ഷമായ എൽഡിഎഫ് കൊണ്ടുവന്ന ബിനുവിനെതിരെയുള്ള അവിശ്വസ പ്രമേയം ഇന്ന് ചർച്ചയ്ക്ക് എടുക്കും. അതേസമയം ചർച്ചയിൽ പങ്കെടുക്കരുത് എന്ന് അവശ്യപെട്ട് പാർട്ടി കൗൺസിലർമാർക്ക് കോൺഗ്രസ് വിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ കോൺഗ്രസിന്റെ കൂടി സഹായത്തോടെ ആവിശ്വാസം പാസാകും എന്ന പ്രതീക്ഷയിൽ ആണ് പ്രതിപക്ഷത്തുള്ള എൽഡിഎഫ് അംഗങ്ങൾ. യുഡിഎഫിനുള്ളിലെ ആഭ്യന്തര പ്രതിസന്ധിയും കലഹവും മുൻനിർത്തിക്കൊണ്ടാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്.
26 അംഗങ്ങളുള്ള പാലാ നഗരസഭയിൽ നിലവിൽ എൽഡിഎഫിന് 12 അംഗങ്ങളാണുള്ളത്. 14 പേരുടെ പിന്തുണ ഉറപ്പാക്കിയാൽ പ്രതിപക്ഷത്തിന് ഭരണം അട്ടിമറിക്കാനാവും. ദിയ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയുമായി ചേർന്ന് ഭരണം നടത്താനില്ലെന്നാണ് ആറോളം കോൺഗ്രസ് കൌൺസിലർമാരുടെ നിലപാട്. ഭരണത്തിനെതിരെ കോൺഗ്രസ് അംഗങ്ങളുടെ എതിർപ്പ് ഉയർന്നതോടെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്. ഭരണം നഷ്ടപ്പെടുത്തുന്ന തീരുമാനം എടുക്കരുതെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്.
വിപ്പ് ലംഘിച്ച് ദിയക്കെതിരെ വോട്ട് ചെയ്യാനാണ് ചില അംഗങ്ങളുടെ തീരുമാനമെന്നാണ് വിവരം. ഇതിൽ ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നും വിപ്പ് ലംഘിച്ചാൽ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും, കോൺഗ്രസ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗവും സ്വതന്ത്രരുമടക്കം 14 പേരാണ് ഭരണപക്ഷത്തുള്ളത്. ഇതിൽ കോൺഗ്രസ് ആണ് സ്വതന്ത്ര കൂട്ടായ്മക്കുള്ള പിന്തുണ പിൻവലിച്ചുവെന്ന് ആദ്യം പ്രഖ്യാപിച്ചത്. കോൺഗ്രസ് അംഗങ്ങൾ വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചാൽ ഭരണ അട്ടിമറിയുണ്ടാകും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam