ചേരിക്കലിന് സമീപം നടന്ന ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് കിടന്നവരെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് ലഭിക്കാതിരുന്നതോടെ ഷിഫാസ് പൊലീസ് ജീപ്പിന്റെ സഹായം തേടി. ഇതാണ് പോലീസുകാരെ പ്രകോപിപ്പിച്ചതത്രേ. കേട്ടാൽ അറയ്ക്കുന്ന തെറിയാണ് പൊലീസ് വിളിച്ചതെന്നാണ് ഷിഫാസ് പറയുന്നത്.

പത്തനംതിട്ട: പന്തളത്ത് യുവാക്കൾക്ക് പൊലീസിന്റെ ക്രൂരമർദനമെന്ന് പരാതി. പന്തളം മാങ്ങാരം സ്വദേശി ഷിഫാസിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയുമാണ് പന്തളം സ്റ്റേഷനിലെ അഡീഷണൽ എസ്ഐമാരായ രാജേഷ്, സഞ്ചയൻ എന്നിവരും ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു പൊലീസുകാരനും ചേർന്ന് മർദിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. പോലീസ് മർദനത്തിനെതിരേ ജില്ലാ പൊലീസ് മേധാവിക്കുൾപ്പെടെ പരാതി നൽകിയിട്ടും അന്വേഷണം പോലും നടത്തിയില്ലെന്നാണ് ആക്ഷേപം.

ആഗസ്റ്റ് 30 നായിരുന്നു സംഭവം. ചേരിക്കലിന് സമീപം നടന്ന ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് കിടന്നവരെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് ലഭിക്കാതിരുന്നതോടെ ഷിഫാസ് പൊലീസ് ജീപ്പിന്റെ സഹായം തേടി. ഇതാണ് പോലീസുകാരെ പ്രകോപിപ്പിച്ചതത്രേ. കേട്ടാൽ അറയ്ക്കുന്ന തെറിയാണ് പൊലീസ് വിളിച്ചതെന്നാണ് ഷിഫാസ് പറയുന്നത്. തുടർന്ന് രാത്രിയിൽ വീണ്ടുമെത്തിയ ഇതേ പൊലീസുകാർ പന്തളം ടൗണിൽ വെച്ച് ഷിഫാസിനെ വീണ്ടും പരസ്യമായ് മർദിച്ചുവെന്നും പറയുന്നു. പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോവുകയും ചെയ്തു. ജീപ്പിൽ വെച്ചും പിന്നീട് സ്റ്റേഷനിലെത്തിച്ചും മർദിച്ചതായും പരാതിയുണ്ട്. മർദനത്തിൽ പരിക്കേറ്റ് അടൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ ഷിഫാസിന് ഡ്യൂട്ടി ഡോക്ടർ കിടത്തി ചികിത്സ നിഷേധിച്ചതായും ആരോപണമുണ്ട്. ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ആരോപണ വിധേയരായ പൊലീസുകാരെ സംരക്ഷിക്കുന്നതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.