
കൊച്ചി: വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ ട്വന്‍റി 20 ഭരണ സമിതിക്കെതിരെ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസം പരാജയപ്പെട്ടു. എൽഡിഎഫ് അംഗങ്ങൾ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാതെ വിട്ട് നിന്നു. നിലവിൽ ട്വന്‍റി 20ക്ക് അഞ്ച്, യുഡിഎഫിന് അഞ്ച്, എൽഡിഎഫിന് മൂന്ന് എന്നിങ്ങനെയാണ് കക്ഷി നില. ഏഴ് പേരുടെ പിന്തുണ ആണ് അവിശ്വാസം വിജയിക്കാൻ വേണ്ടത്. കാര്യമായ കൂടിയാലോചന ഇല്ലാതെ അവതരിപ്പിച്ച അവിശ്വാസമാണ് ഇതോടെ പരാജയപ്പെട്ടത്.
അതേസമയം, തൊടുപുഴ വെള്ളിയാമറ്റം പഞ്ചായത്തിന്‍റെ ഭരണം എൽഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. സ്വതന്ത്ര അംഗമായ ഇന്ദു ബിജുവിന്‍റെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം നേടിയത്. ഇടത് ഭരണകാലത്ത് പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ഇന്ദു ബിജു തന്നെയാണ് ഇത്തവണയും പ്രസിഡന്‍റ് . പതിനഞ്ചംഗ ഭരണസമിതിയിൽ യുഡിഎഫിന് ഏഴ്, എല്‍ഡിഎഫിന് ആറ്, രണ്ട് സ്വതന്ത്രര്‍ എന്നിങ്ങനെയായിരുന്നു കക്ഷി നില.
യുഡിഎഫ് കൂടുതൽ സീറ്റിൽ വിജയിച്ചെങ്കിലും കേവല ഭൂരിപക്ഷം നേടിയിരുന്നില്ല. രണ്ട് സ്വതന്ത്രരുടെ പിന്തുണയോയാണ് ഇതുവരെ ഇടത് മുന്നണി ഭരിച്ചിരുന്നത്. ഇന്ദു ബിജു എല്‍ഡിഎഫ് പ്രസിഡന്‍റുമാക്കി. മറ്റൊരു സ്വതന്ത്ര അംഗത്തെ പ്രസിഡന്‍റ് ആക്കാമെന്നായിരുന്നു മുന്നണിയിലെ ധാരണ. ഇതുപ്രകാരം ഇന്ദു ബിജു രാജിവയ്ക്കുകയായിരുന്നു. ഇതിനിടെ ഇന്ദു ബിജുവുമായി ധാരണയില്‍ എത്തിയാണ് യുഡിഎഫ് ഭരണം ഉറപ്പാക്കിയത്.
അതേസമയം, കഴിഞ്ഞ മാസം എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തി കളമശ്ശേരി നഗരസഭ ഭരണം നിലനിർത്താനും യുഡിഎഫിന് സാധിച്ചിരുന്നു. വോട്ടെടുപ്പിൽ നിന്ന് യുഡിഎഫും ബിജെപിയും വിട്ടുനിന്നതാണ് അവിശ്വാസം പരാജപ്പെടാൻ കാരണം. ഒരൊറ്റ സീറ്റിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു കളമശ്ശേരി നഗരസഭയിൽ യുഡിഎഫ് ഭരണം. യുഡിഎഫിൽ നിന്ന് ഒരു സ്വതന്ത്രനെ അടർത്തി എടുത്താണ് എൽഎഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഈ നീക്കം യുഡിഎഫ് തന്ത്രപൂർവം മറികടക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam