
മലപ്പുറം : ഫിറ്റ്‌നസും ഇന്‍ഷുറന്‍സും ഇല്ലാതെ കുട്ടികളെ കുത്തിനിറച്ച് അമിതവേഗതയില്‍ ഓടിച്ചു പോയ ഓട്ടോ നിലമ്പൂര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഇന്ന് രാവിലെ നിലമ്പൂര്‍ കനോലി പ്ലോട്ടില്‍ പരിശോധനയ്ക്കിടെ അമിതവേഗതയില്‍ കുട്ടികളെയും കുത്തിനിറച്ച് ഓടിച്ചുവന്ന ഓട്ടോറിക്ഷ പരിശോധനയ്ക്കായി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു. വാഹനത്തെ പിന്തുടർന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിൽ വാഹനത്തിന് ഫിറ്റ്‌നസും ഇന്‍ഷുറന്‍സും ഇല്ലെന്ന് വ്യക്തമായി.
വാഹനത്തിൽ ഡ്രൈവറെ കൂടാതെ ഫുട്ബാള്‍ മത്സരത്തിനു പോകുന്ന ഒമ്പത് വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. 4,000 രൂപ പിഴ ചുമത്തിയതിനു പുറമേ സുരക്ഷിതമല്ലാത്ത വാഹനമോടിച്ചതിന് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനിച്ചു. രാവിലെ 11ന് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പോകുന്ന കുട്ടികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഓട്ടോ പിടിച്ചെടുത്തതോടെ മറ്റ് വാഹനം കിട്ടാതെ യാത്ര മുടങ്ങുമെന്നായ കുട്ടികളെ ഉദ്യോഗസ്ഥര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തില്‍ തന്നെ കൃത്യസമയത്ത് ഫുട്‌ബോള്‍ മത്സര വേദിയില്‍ എത്തിച്ചു.
റോഡ് ടെസ്റ്റിനിടെ യുവതിയോട് മോശം പെരുമാറ്റം; മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥനെതിരായ നടപടിയില്‍ വിവാദം
കൊല്ലം: റോഡ് ടെസ്റ്റിനെത്തിയ യുവതിയോട് മോശമായി പെരുമാറിയെന്നു കാണിച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തതിൽ വിവാദം. കൊല്ലം പത്തനാപുരം സബ് ആർ.ടി ഓഫീസിലെ എം.വി.ഐ, എ.എസ് വിനോദിനെയാണ് സസ്പെൻഡ് ചെയ്തത്. തന്നെ കുടുക്കിയതാണെന്ന് പറഞ്ഞ് വിനോദ് കുമാർ ഗതഗത മന്ത്രിക്ക് പരാതി നൽകി. ഗൂഢാലോചന അന്വേഷിച്ചില്ലെങ്കിൽ സംസ്ഥാനവ്യാപക സമരമുണ്ടാകുമെന്നാണ് മോട്ടോർ വെഹിക്കൽ ഇൻസ്പകെട്ർമാരുടെ സംഘടനയുടെ മുന്നറിയിപ്പ്.
റോഡ് ടെസ്റ്റിനിടെ മോശമായി പെരുമാറിയെന്ന് കാട്ടി വിനോദിനെതിരെ മുഖ്യമന്ത്രിക്ക് പെൺകുട്ടി നൽകിയ പരാതി ഗതാഗത കമ്മിഷണർ അന്വേഷിച്ചിരുന്നു. പൊലീസ് കേസെടുത്തതിനൊപ്പം സസ്പെൻഷനും പിന്നാലെയെത്തി. പത്തനാപുരം സബ് ആർടി ഓഫീസിലെ എം.വി.ഐയാണ് എ.എസ് വിനോദ്. മോട്ടോർ വെഹിക്കിൾ ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ് വിനോദ്. നേരത്തെ പത്തനാപുരത്ത് ഇതേ എംവിഐ ടിപ്പർ ലോറി പിടികൂടി പിഴയിട്ടതും, ഇതിൽ ഗണേശ് കുമാർ എംഎൽഎ ഇടപെട്ട് ഉദ്യോഗസ്ഥരോട് കയർത്തതും വലിയ വിവാദമായിരുന്നു. ഈ പ്രശ്നം കഴിഞ്ഞ് അധികനാൾ പിന്നിടും മുൻപെയാണ് അടുത്ത കേസ്.
2017ലും തന്നെ സമാനമായ രീതിയിൽ കുടുക്കിയതാണെന്നും, തനിക്കെതിരെ ഒന്നും കണ്ടെത്താൻ അന്നും കഴിഞ്ഞില്ലെന്നും വിനോദ് പറയുന്നു. അതേസമയം, നടപടി സ്വാഭാവിക നടപടിക്രമങ്ങളെന്നാണ് ഗതാഗത വകുപ്പ് വിശദീകരിക്കുന്നത്. വിനോദിനെ സസ്പെൻഡ് ചെയ്ത വാർത്ത സഹിതം പോസ്റ്ററുകൾ ടിപ്പർ ലോറി അസോസിയേഷന്റെ ഫേസ്ബുക്ക് പേജുകളിലുൾപ്പടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Read More : ആലപ്പുഴയിലെ അപകടം: കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്യും; ഗുരുതര വീഴ്ചയെന്ന് മോട്ടോർ വാഹന വകുപ്പ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam