Asianet News MalayalamAsianet News Malayalam

ആലപ്പുഴയിലെ അപകടം: കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്യും; ഗുരുതര വീഴ്ചയെന്ന് മോട്ടോർ വാഹന വകുപ്പ്

അപകടത്തിന്റെ സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് മോട്ടോർ വാഹന വകുപ്പ് കെ എസ് ആർ ടി സി ഡ്രൈവർക്ക് എതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്

Alappuzha accident KSRTC driver license to be suspended MVD
Author
Alappuzha, First Published Jul 23, 2022, 9:03 PM IST

ആലപ്പുഴ: ആലപ്പുഴയിൽ കെ എസ് ആർ ടി സി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. കെ എസ് ആർ ടി സി ഡ്രൈവർ കെ വി ശൈലേഷിന്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് മോട്ടോർ വാഹനവകുപ്പ് പരിശോധനയിൽ കണ്ടെത്തി. ഇദ്ദേഹത്തിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെന്റ് ചെയ്യും. ഇക്കാര്യത്തിൽ നടപടിയെടുക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് ആർ ടി സി ഡ്രൈവർ കെ വി ശൈലേഷിന് മോട്ടോർ  വാഹനവകുപ്പ് നോട്ടീസ് നൽകി.

ഓവർടേക്ക് ചെയ്ത കെഎസ്ആർടിസിയുടെ പിൻഭാഗം തട്ടി ബൈക്ക് യാത്രികന്റെ മരണം

വാഹനാപകടത്തിന് കാരണം കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. അപകടത്തിന്റെ സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് മോട്ടോർ വാഹന വകുപ്പ് കെ എസ് ആർ ടി സി ഡ്രൈവർക്ക് എതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്. ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷനില്‍ വൈകിട്ട് നാല് മണിക്കായിരുന്നു അപകടം. ആലപ്പുഴ കണ്ണാട്ടുചിറയിൽ മാധവൻ ആചാരിയും മകനും ഇടത് വശത്ത് ശരിയായ ദിശയിലൂടെയാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്. 

അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ചു, പിതാവ് മരിച്ചു

സ്കൂട്ടറിന്റെ പിറകിലായിരുന്നു കെ എസ് ആർ ടി സി ബസ്. ഓവർടേക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബസ് സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസിനടിയിലേക്ക് വീണ മാധവന്‍ അപകട സ്ഥലത്ത് തന്നെ മരണമടഞ്ഞു. സ്കൂട്ടർ ഓടിച്ചിരുന്ന മാധവന്റെ മകന്‍ ഷാജിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കലവൂർ സ്വദേശിയാണ് കെ എസ് ആർ ടി സി ബസ് ഓടിച്ച കെ വി ശൈലേഷ്. ഇദ്ദേഹത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാന്‍ മന്ത്രി ആന്‍റണി രാജു കെ എസ് ആർ ടി സി മാനേജിങ് ഡയറക്ടർക്ക് നിര്‍ദ്ദേശം നൽകി.

കെഎസ്ആർടിസി - സ്വിഫ്റ്റിൽ വരുമാന വർദ്ധനവ്

ബൈക്കപകടത്തിൽ ഡിഗ്രി വിദ്യാർത്ഥിനി മരിച്ചു

തിരുവനന്തപുരം: ബൈക്കപകടം ബിരുദ വിദ്യാർത്ഥിനി മരിച്ചു. ബുധനാഴ്ച കാര്യവട്ടത്തിന് സമീപം അമ്പലത്തിൽകര വച്ചുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന തിരുവനന്തപുരം പൗഡിക്കോണം സ്വദേശി കൃഷ്ണ ഹരിയാണ് (21) മരിച്ചത്. ബുധനാഴ്ച രാവിലെ കൃഷ്ണ ഹരി സുഹൃത്തിന്റെ  ബൈക്കിൽ ശ്രീകാര്യത്തു നിന്നും കഴക്കൂട്ടത്തേയ്ക്ക് വരികയായിരുന്നു. ഈ സമയത്ത് ബൈക്ക് റോഡിൽ തെന്നിവീണാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കൃഷ്ണ ഹരിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കൃഷ്ണ ഹരിയുടെ സുഹൃത്ത് ബൈക്ക് ഓടിച്ചിരുന്ന സൗരവ് പരിക്കുകളോടെ ചികിത്സയിലാണ്. കണിയാപുരത്തെ എംജിഎം കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് മരിച്ച കൃഷ്ണ ഹരി.

Follow Us:
Download App:
  • android
  • ios