Latest Videos

അടുക്കളയും പരിസരവുമെല്ലാം വൃത്തിഹീനം, മാലിന്യ സംസ്കരണം പേരിനുപോലുമില്ല; ഹോട്ടലുകളിലും കടകളിലും പരിശോധന

By Web TeamFirst Published May 8, 2024, 6:36 PM IST
Highlights

വീഴ്ചകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് അവ പരിഹരിക്കാൻ നോട്ടീസ് നൽകി. 

ആലപ്പുഴ: ആലപ്പുഴയിൽ നഗരസഭ ആരോഗ്യ വിഭാഗം വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ  വൃത്തിഹീനമായ സാഹചര്യങ്ങള്‍ കണ്ടെത്തി. തുടർന്ന് പിഴ ഈടാക്കുന്നതിന് അധികൃതർ നോട്ടീസ് നല്‍കി. തോണ്ടന്‍കുളങ്ങര വാര്‍ഡില്‍ കുബാബ റെസ്റ്റോറന്‍റിലെ അടുക്കളയും, പരിസരവും മാലിന്യങ്ങളും, മലിനജലത്താലും നിറഞ്ഞു നില്‍ക്കുന്ന അവസ്ഥയിലും, പാത്രങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ കഴുകുന്നതായും കണ്ടെത്തി.  ഇവിടെ മാലിന്യ സംസ്കരണ സംവിധാനം പ്രവര്‍ത്തന രഹിതമായിരുന്നു.  പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതായും പരിശോധനയില്‍ ബോധ്യപ്പെട്ടു. 

അടുക്കളയും, പരിസരവും പുകയും മാറാല നിറഞ്ഞ രീതിയിലും, പ്ലാസ്റ്റിക് ഇതരവസ്തുക്കള്‍ നിറഞ്ഞ് മലിനമായ അവസ്ഥയിലുമായിരുന്നെന്ന് അധികൃതർ പറ‌ഞ്ഞു. തൊഴിലാളികള്‍ മാസ്ക്, ഏപ്രണ്‍ എന്നിവ ഉപയോഗിച്ചിരുന്നില്ലെന്നും ഭക്ഷണ അവശിഷ്ടങ്ങളും, പ്ലാസ്റ്റികും തരംതിരിക്കാതെ സൂക്ഷിക്കുന്നതായും, അടുക്കള വെള്ളവും അഴുക്കും നിറഞ്ഞ നിലയിലും കണ്ടെത്തി.

തോണ്ടന്‍കുളങ്ങര വാര്‍ഡില്‍ ജലീൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള വെജിറ്റബിള്‍ ഷോപ്പ് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നതായും, റോഡിലേക്ക് ഇറക്കി അനധികൃത തട്ട് നിര്‍മ്മിച്ച് കച്ചവടം ചെയ്യുന്നതായും പരിശോധനയിൽ കണ്ടെത്തിയെന്ന് അധികൃതർ പറ‌ഞ്ഞു. ഇവിടെ നിന്ന് അഴുകിയ പഴവര്‍ഗ്ഗങ്ങളും പിടിച്ചെടുത്തു.

തോണ്ടന്‍കുളങ്ങര ചെമ്മോത്ത് വെളിയില്‍ ഇക്ബാലിന്‍റെ ഉടമസ്ഥതയിലുള്ള ഇറച്ചിക്കടയില്‍ അലക്ഷ്യമായി പാഴ് വസ്തുക്കള്‍ നിക്ഷേപിച്ചിരിക്കുന്നതായും, പരിസരം വൃത്തിഹീനമായ സാഹചര്യത്തില്‍, മുറിച്ച മാംസത്തില്‍ ഈച്ചകളുടെ സാന്നിദ്ധ്യവും കണ്ടെത്തി. മൂന്നു സ്ഥാപനങ്ങള്‍ക്കും പിഴ ചുമത്തുന്നതിനും, ന്യൂനതകള്‍ പരിഹരിക്കുന്നതിനും നോട്ടീസ് നല്‍കി.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്യാം കുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പി.എച്ച്.ഐമാരായ സാലിന്‍ , ജസീന  എന്നിവർ  പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!