എറണാകുളം: കേരളം ഇതുവരെ കാണാത്ത പ്രളയത്തില്‍ വിറങ്ങലിച്ച് നിന്നപ്പോള്‍ ആരും പറയാതെ തന്നെ വെള്ളത്തില്‍ ഒറ്റപ്പെട്ടവരെ തേടിയിറങ്ങിയ മത്സ്യത്തൊഴിലാളികള്‍, കേരളത്തിന്‍റെ സൈന്യമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് രക്ഷാപ്രവര്‍ത്തകനായ ഖായിസിന്റെ വീഡിയോ. ഫോർട്ട് കൊച്ചിക്കാരനാണ് ഖായിസ്.
കൂടെപ്പിറപ്പുകളെ രക്ഷിച്ചതിന് മുഖ്യമന്ത്രി പ്രഖ്യാപിച്ച 3000 രൂപയുടെ സാമ്പത്തിക സഹായം വേണ്ടെന്നും തങ്ങളെ കേരളാ മുഖ്യമന്ത്രിയുടെ സൈന്യമെന്ന് വിശേഷിപ്പിച്ചതില്‍ അങ്ങേയറ്റം അഭിമാനിക്കുന്നെന്നും ഫോർട്ട് കൊച്ചിക്കാരന്‍ ഖായിസ് മുഹമ്മദ്. ഖായിസ് മുഹമ്മദ് തന്‍റെ ഫേസ് ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയറിയിച്ച് വീഡിയോ ഷെയർ ചെയ്തത്.
കേരളത്തിന്‍റെ സൈന്യം മത്സ്യത്തൊഴിലാളികളാണെന്ന് പറഞ്ഞതില്‍ അങ്ങേയറ്റം നന്ദിയുണ്ട്. കൂട്ടപ്പിറപ്പുറകളെ സഹായിച്ചതിന്‍റെ പണം തങ്ങള്‍ക്ക് ആവശ്യമില്ല. കേടായ ബോട്ടുകള്‍ നന്നാക്കി തന്നാല്‍ അത് തങ്ങള്‍ക്ക് അത് അങ്ങേയറ്റം ഉപകാരപ്രദമാകുമെന്നും ഖായിസ് തന്‍റെ ഫേസ് ബുക്ക് വീഡിയോയില്‍ പറയുന്നു. ഏറെ നാശനഷ്ടമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് സംഭവിച്ചത്. നിരവധി ബോട്ടുകള്‍ മരക്കുറ്റിയിലും മതിലുകളിലും തട്ടി തകര്‍ന്നു.
ഖായിസിന്‍റെ വാക്കുകള്‍:
‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി സാര്‍ അറിയുന്നതിന്, എന്റെ പേര് ഖായിസ്. എന്റെ വീട് ഫോര്‍ട്ട് കൊച്ചിയിലാണ്. ഞാനൊരു മല്‍സ്യത്തൊഴിലാളിയുടെ മകനാണ്. എന്റെ വാപ്പ പണിയെടുത്തത് ഹാര്‍ബറിലാണ്. ആ പൈസ കൊണ്ടാണ് ഞാനും എന്റെ കുടുംബവും അനിയനും എല്ലാം ജീവിച്ചത്.
ഇന്നലെ എന്‍റെ മല്‍സ്യത്തൊഴിലാളികളായ കൂട്ടുകാരോടൊപ്പം ഞാനും ഇവിടുന്ന് ബോട്ടെടുത്ത് പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ വേണ്ടി പോയിരുന്നു. അതില്‍ പങ്കെടുത്തതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. പക്ഷേ ഇന്ന് രാവിലെ സാര്‍ പറഞ്ഞു ഞങ്ങളാണ് സാറിന്‍റെ സൈന്യമെന്ന്, മല്‍സ്യത്തൊഴിലാളികളാണ് സാറിന്‍റെ സൈന്യമെന്ന്. അതിന് ഞാനൊരുപാട് അഭിമാനിച്ചു. എന്നാല്‍ പിന്നീട് ഞാനറിഞ്ഞു രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ മല്‍സ്യത്തൊഴിലാളികള്‍ക്ക് 3000 രൂപ വച്ച് കൊടുക്കുന്നുണ്ടെന്ന്. വളരെ സങ്കടത്തോടെ പറയുന്നു ഞങ്ങളുടെ കൂടെപ്പിറപ്പുകളെ രക്ഷിച്ചതിന് കാശ് ഞങ്ങള്‍ക്കു വേണ്ട.
സാര്‍ മറ്റൊരു കാര്യം പറഞ്ഞിരുന്നു, ഞങ്ങളുടെ കേടായ ബോട്ടുകളെല്ലാം നന്നാക്കി തരുമെന്ന്. അത് നല്ലൊരു കാര്യമാണ്. കാരണം ഞങ്ങള്‍ക്ക് മറ്റ് ഉപജീവന മാര്‍ഗങ്ങള്‍ ഒന്നുമില്ല. അതല്ലാതെ ഞങ്ങളുടെ കൂടപ്പിറപ്പുകളെ, ഞങ്ങളുടെ സൗഹൃദങ്ങളെ രക്ഷിച്ചതിനുള്ള കാശ് ഞങ്ങള്‍ക്കുവേണ്ട. ഇത്രയും പറഞ്ഞുകൊണ്ട് എല്ലാ ആദരവോടും നന്ദിയോടും ഞാന്‍ നിര്‍ത്തുന്നു’. ഇതാണ് ഖായിസ് മുഹമ്മദിന്‍റെ വാക്കുകള്‍.
നിരവധിപേരാണ് ഖായിസിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഈ വിഡിയോ വളരെയധികം വൈറലുമായി. ‘നിങ്ങളാണ് ഇപ്പോള്‍ കേരളത്തിലെ കണ്‍കണ്ട ദൈവങ്ങള്‍, രക്ഷകന്മാര്‍’, ‘കടപ്പാട് ഒന്നുകൊണ്ടും വീട്ടാന്‍ കഴിയില്ല’ തുടങ്ങിയ പ്രതികരണങ്ങളാണ് ഖായിസിന്റെ വിഡിയോയ്ക്കു ലഭിക്കുന്നത്.
ഖായിസിന്‍റെ ഫേസ് ബുക്ക് വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യൂ :
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam