കൊവിഡ് 19 : ആരാധനാലയങ്ങളിൽ ഇരുപതുപേരിൽ അധികമുള്ള ആൾക്കൂട്ടം പാടില്ല, ജാഗ്രതാ നടപടികൾ ശക്തമാക്കി വയനാട്

By Web TeamFirst Published Mar 19, 2020, 10:21 AM IST
Highlights

വയനാട്ടിലെ മുസ്ലീം പള്ളികളില്‍ വെള്ളിയാഴ്ചയിലെ ജുമാ നമസ്കാരത്തിനും, ക്രിസ്ത്യന്‍ പള്ളികളിലെ കുർബാനയ്ക്കും, ക്ഷേത്രങ്ങളില് നടക്കുന്ന ആചാരങ്ങള്‍ക്കും 20 പേരില്‍ കൂടുതല്‍ പേർ പങ്കെടുക്കരുതെന്നാണ് നിർദേശം.

കല്‍പ്പറ്റ: കൊവിഡ് 19 മുൻകരുതലിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ജാഗ്രത കർശനമാക്കി. ആരാധനാലയങ്ങളില്‍ ആള്‍ക്കൂട്ടം ഇരുപത്പേരില്‍ കൂടരുതെന്ന് ജില്ലാ ഭരണകൂടം കർശന നിർദേശം നല്‍കി. അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ടുപോകുന്ന വിനോദ സഞ്ചാരികള്‍ക്ക് വയനാട്ടില്‍ താമസം ഒരുക്കാന്‍ തയാറാണെന്നും കളക്ടർ അദീല അബ്ദുളള അറിയിച്ചു.

വയനാട്ടിലെ മുസ്ലീം പള്ളികളില്‍ വെള്ളിയാഴ്ചയിലെ ജുമാ നമസ്കാരത്തിനും, ക്രിസ്ത്യന്‍ പള്ളികളിലെ കുർബാനയ്ക്കും, ക്ഷേത്രങ്ങളില് നടക്കുന്ന ആചാരങ്ങള്‍ക്കും 20 പേരില്‍ കൂടുതല്‍ പേർ പങ്കെടുക്കരുതെന്നാണ് നിർദേശം. സംസ്ഥാനത്തെവിടെയും ഒറ്റപ്പെടുന്ന വിദേശ സഞ്ചാരികള്‍ക്ക് ആരോഗ്യവകുപ്പിന്‍റെ നിബന്ധനകള്‍ക്ക് വിധേയമായി ജില്ലയില്‍ അഭയം നല്‍കും. എന്നാല്‍ നിരീക്ഷണത്തിലുള്ളവർ അനുമതിയില്ലാതെ പുറത്തുപോയാല്‍ പാസ്പോർട്ട് പിടിച്ചെടക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഇനിയുള്ള ദിവസങ്ങള്‍ നിർണായകമായതിനാല്‍ വെറ്ററിനറി യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ ഉള്‍പ്പടെ ജില്ലയില്‍ 5 കോവിഡ് കെയർ സെന്‍ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്, അതേസമയം വയനാട്ടില്‍ രണ്ടുപേർക്ക് കൊറോണ ബാധിച്ചെന്ന് തമിഴ്നാട് നീലഗിരി ജില്ലാ ഭരണകൂടം നല്‍കിയ വാർത്താ കുറിപ്പ് തെറ്റാണെന്നും അവർ തന്നെ അത് തിരുത്തിയെന്നും കളക്ടർ അറിയിച്ചു.

click me!