പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങി ഗ്രേവിക്ക് വേണ്ടി പ്രശ്നമുണ്ടാക്കിയിട്ട് കാര്യമില്ല! ഫ്രീയല്ല, പരാതി തള്ളി

Published : May 21, 2025, 07:00 PM IST
പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങി ഗ്രേവിക്ക് വേണ്ടി പ്രശ്നമുണ്ടാക്കിയിട്ട് കാര്യമില്ല! ഫ്രീയല്ല, പരാതി തള്ളി

Synopsis

ബീഫ് ഫ്രൈയും പൊറോട്ടയും ഓർഡർ ചെയ്ത ഉപഭോക്താവിന് ഗ്രേവി സൗജന്യമായി നൽകിയില്ലെന്ന പരാതി നിലനിൽക്കില്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 

കൊച്ചി: ബീഫ് ഫ്രൈയും പൊറോട്ടയും ഓർഡർ ചെയ്ത ഉപഭോക്താവിന് ഗ്രേവി സൗജന്യമായി നൽകിയില്ലെന്ന പരാതി നിലനിൽക്കുന്നതല്ലെന്ന്‌ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. എറണാകുളം സ്വദേശി ഷിബു എസ്,  കോലഞ്ചേരി പത്താം മൈലിലെ 'ദി പേർഷ്യൻ ടേബിൾ'  എന്ന റെസ്റ്ററന്‍റിനെതിരെ നൽകിയ പരാതി പരിഗണനാർഹമല്ലെന്ന് വ്യക്തമാക്കിയാണ് നിരാകരിച്ചത്. 

പരാതിക്കാരനും സുഹൃത്തും 2024 നവംബർ മാസത്തിലാണ് എതിർകക്ഷിയുടെ റെസ്റ്ററന്‍റിൽ  ബീഫ് ഫ്രൈയും പൊറോട്ടയും ഓർഡർ നൽകിയത്. ഓർഡർ ചെയ്ത ഭക്ഷണത്തോടൊപ്പം ഗ്രേവി ആവശ്യപ്പെട്ടു. അത് നൽകാനാവില്ലെന്ന് ഹോട്ടലുടമ അറിയിച്ചു. തുടർന്നാണ് കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസർക്ക് പരാതി നൽകിയത്. താലൂക്ക് സപ്ലൈ ഓഫീസറും ഫുഡ് സേഫ്റ്റി ഓഫീസറും അന്വേഷണം നടത്തുകയും ഗ്രേവി കൊടുക്കുക എന്നത് സ്ഥാപനത്തിന്‍റെ നയമല്ലെന്നു റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്നാണ് പരാതിക്കാരൻ കമ്മീഷനെ സമീപിച്ചത്. 

ഭക്ഷണത്തിന്‍റെ ഗുണമേന്മ, അളവ്, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് പരാതിയില്ല. ഓർഡർ ചെയ്ത ഭക്ഷണത്തോടൊപ്പം ഗ്രേവി ലഭ്യമാക്കിയില്ല എന്നതാണ് പരാതിക്കാരൻ ഉന്നയിച്ചത്.  എന്നാൽ, സൗജന്യമായി ഗ്രേവി ലഭ്യമാക്കാമെന്ന് റെസ്റ്ററന്‍റ് വാഗ്ദാനം നൽകുകയോ അതിനായി പണം ഈടാക്കുകയോ ചെയ്തിട്ടില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമം - സെക്ഷൻ 2(11) അനുസരിച്ച് സേവനത്തിലെ ന്യൂനത എന്നാൽ, നിലവിലുള്ള ഏതെങ്കിലും നിയമ പ്രകാരമോ അല്ലെങ്കിൽ എതിർ കക്ഷിയുടെ വാഗ്ദാന പ്രകാരമോ നിഷ്കർഷിച്ചിട്ടുള്ള സേവനങ്ങളുടെ ഗുണമേന്മ, അളവ്, സുരക്ഷ എന്നിവയിൽ സംഭവിച്ചിട്ടുള്ള ന്യൂനതയാണെന്ന് ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി.

ഈ സാഹചര്യത്തിൽ, ഗ്രേവി നൽകേണ്ടതിന് എന്തെങ്കിലും നിയമപരമായതോ അല്ലെങ്കിൽ കരാറിലൂടെയോ ബാധ്യത എതിർകക്ഷിക്ക് ഉണ്ടെന്ന് തെളിയിക്കാൻ പരാതിക്കാരന് കഴിഞ്ഞില്ല. അതിനാൽ, പൊറട്ടയും ബീഫ്  നൽകുമ്പോൾ ഗ്രേവി സൗജന്യമായി നല്കാത്തത് സേവന ന്യൂനതയായി പരിഗണിക്കാനാവില്ലെന്ന് ഹോട്ടൽ ഉടമയ്ക്കെതിരായ പരാതി നിരാകരിച്ചു കൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു