
ബെംഗളൂരു: ഓണക്കാലത്ത് നാട്ടിലെത്താൻ കാത്തിരിക്കുന്ന മറുനാടൻ മലയാളികളെ കൊള്ളയടിച്ച് സ്വകാര്യ ട്രാവൽ ഏജൻസികളും വിമാന കമ്പനികളും. ട്രെയിനുകൾ കഴിഞ്ഞാൽ മലയാളികൾ ഏറ്റവുമധികം ആശ്രയിക്കുന്ന സ്വകാര്യ ബസുകളിൽ സീറ്റുറപ്പിക്കാൻ നാലായിരവും അയ്യായിരവും നൽകേണ്ട സ്ഥിതിയാണ്. തിരുവനന്തപുരത്തേക്കുള്ള വിമാന നിരക്ക് ഇപ്പോൾ തന്നെ ഒൻപതിനായിരം കടന്നു. ഗരീബ്‍രഥ് എക്സ്പ്രസിൽ വെയിറ്റിംഗ് ലിസ്റ്റ് 200 പിന്നിട്ടു, ഐലൻഡ് എക്സ്‍പ്രസിലും യശ്വന്ത്പൂർ എക്സ്‍പ്രസിലും സീറ്റില്ല. സെപ്തംബർ രണ്ടിന്റെ ട്രെയിനിലെ അവസ്ഥയാണ് ഇത്. നാട്ടിലെത്തണം, ഓണമുണ്ണണം, എന്തുണ്ട് വഴി. ബെംഗളൂരുവിൽ മലയാളികൾ പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്. ഓണം വരുന്ന സെപ്തർ ആദ്യ വാരത്തിൽ നാട്ടിലേക്കുള്ള ട്രെയിനുകളിൽ ഇടമില്ല. തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും എറണാകുളത്തേക്കുമുള്ള ട്രെയിനുകളെല്ലാം ഫുൾ. ജനറൽ കംപാർട്ട്മെന്റുകളിൽ സാഹസം കാണിച്ച് കയറിക്കൂടിയാൽ പോലും നാട്ടിലെത്താനാകുമെന്ന് ഉറപ്പില്ല. സെപ്തംബർ രണ്ടിന് തിരുവന്തപുരത്തേക്കുള്ള ഗരീബ്രഥിൽ വെയിറ്റിംഗ് ലിസ്റ്റ് 200 കടന്നു. കന്യാകുമാരിയിലേക്കുള്ള ഐലൻഡ് എക്സ്പ്രസിൽ ബുക്കിംഗ് അവസാനിച്ചു. കണ്ണൂരിലേക്കുള്ള യശ്വന്ത്പൂർ എക്സ്പ്രസിൽ ഇനി സാധ്യത തത്കാൽ മാത്രം. തൊട്ടടുത്ത ദിവസവും സ്ഥിതി വ്യത്യസ്തമല്ല. ഇനി ഫ്ലെറ്റിനെ ആശ്രയിക്കാമെന്ന് കരുതിയാൽ കീശ മറ്റൊന്ന് തയ്പ്പിക്കേണ്ടി വരും.
സെപ്തംബർ രണ്ടിന് 6,998 രൂപയും ഉത്രാട ദിനത്തിൽ 9135 രൂപയുമാണ് തിരുവനന്തപുരത്തേക്കുള്ള നിരക്ക്. താരതമ്യേന നിരക്ക് കുറവുള്ള കൊച്ചിയിലേക്കും ടിക്കറ്റ് ചാർജ് ഉയരുകയാണ്. കെഎസ്ആർടിസി ബസുകളെ ആശ്രയിക്കാമെന്ന് കരുതിയാൽ, തിരുവനന്തപുരത്തേക്ക് 8 ബസുകൾ സർവീസ് നടത്തുന്ന ഉത്രാടത്തലേന്ന്, ഒഴിവുള്ളത് ഒന്നോ രണ്ടോ സീറ്റാണ്. അതിലും ഫ്ലെക്സി നിരക്ക് നൽകേണ്ടി വരും.
ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്ക് കോഴിക്കോട്ടേക്കുമെല്ലാം പ്രതിദിന സർവീസ് ഓപ്പറേറ്റ് ചെയ്യുന്ന സ്വകാര്യ ട്രാവൽ എജൻസികൾ കനിയുമോ? ഒരു സാധ്യതയുമില്ല. തിരക്കേറുമ്പോൾ തോന്നുംപടി നിരക്ക് ഈടാക്കാറുള്ള ഈ ടീമുകൾ എങ്ങിനെ കനിയാൻ. സെപ്തംബർ മൂന്നിന് നാട്ടിലേക്കുള്ള നിരക്ക് ഇപ്പോഴേ നാലായിരം കടന്നു. അവധി ശരിയാക്കി അവസാന ദിവസം ടിക്കറ്റ് എടുക്കാൻ ഓടുന്നവർക്ക് ഒരു രക്ഷയുമുണ്ടാകില്ല. നാട്ടിലെത്തണോ പറയുന്ന പണം നൽകേണ്ടി വരും.
ഇനിയുള്ളത് റെയിൽവേ കനിയുമോ എന്ന ചോദ്യമാണ്. ഇതുവരെ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഒരു ഓണം സെപ്ഷ്യൽ ട്രെയിൻ മാത്രമാണ് റെയിൽവേ പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂരിലേക്ക്. അവധിക്കാലം മുതലെടുപ്പ് കാലമായി കരുതാറുള്ള റെയിൽവേയിലും ഇവിടത്തുകാർക്ക് പ്രതീക്ഷയില്ല. പ്രതിദിനം 49 സർവീസ് വിവിധ ജില്ലകളിലേക്ക് ഓപ്പറേറ്റ് ചെയ്യുന്ന കെഎസ്ആർടിസി അധിക സർവീസ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതു മാത്രമാണ് പ്രതീക്ഷ. ആ പ്രതീക്ഷ സഫലമായാൽ, നാട്ടിലെത്താം. ഓണമുണ്ണാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം