
സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴ പഞ്ചായത്തിലെ (Noolpuzha Panchayat) 17-ാം വാര്‍ഡും പരിസരവും മറ്റൊരു 'കുറുക്കന്‍മൂല' ആകാതിരിക്കണമെങ്കില്‍ ഒരാഴ്ചയായി ജനങ്ങളുടെ സ്വസ്ഥജീവിതം ഇല്ലാതാക്കുന്ന കടുവയെ (Tiger) മയക്കുവെടിവെച്ച് പിടികൂടണമെന്ന് പഞ്ചായത്ത് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ഞായറാഴ്ച രാവിലെ വനംമന്ത്രി എ കെ ശശീന്ദ്രനെ കല്‍പ്പറ്റയിലെത്തി നേരില്‍ കാണാനും ഇന്ന് ചേര്‍ന്ന് സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനമായി. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം.
നിലവില്‍ ഇല്ലിച്ചോട് പ്രദേശത്തെ തേക്കിന്‍കൂപ്പില്‍ ഒരു കൂട് മാത്രമായിരുന്നു സ്ഥാപിച്ചിരുന്നത്. ഇവിടെ മറ്റൊരു കൂട് കൂടി വൈകീട്ട് സ്ഥാപിക്കണമെന്ന് വനം ഉദ്യോഗസ്ഥരോട് യോഗത്തില്‍ സംസാരിച്ച പ്രതിനിധികളില്‍ ചിലര്‍ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം പിന്നീട് പരിഗണിക്കാമെന്നാണ് വനംവകുപ്പിന്റെ തീരുമാനം. ആദ്യ കൂട് സ്ഥാപിച്ച പ്രദേശത്തേക്ക് കടുവ വീണ്ടും എത്തിയതായി ഉള്ള ഒരു സൂചനയും ഇന്ന് ലഭിച്ചിട്ടില്ലാത്തതിനാലാണ് രണ്ടാമത്തെ കൂട് സ്ഥാപിക്കാത്തതെന്ന് റെയ്ഞ്ച് ഓഫീസര്‍ രഞ്ജിത്ത് അറിയിച്ചു.
അതേസമയം, കൂട് വെച്ച് പിടിക്കാനുള്ള ശ്രമം പരാജയപ്പെട്ടാല്‍ മാത്രമെ മയക്കുവെടി വെച്ച് പിടികൂടാനുള്ള തീരുമാനമുണ്ടാകൂ എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. നായ്‌ക്കെട്ടിയിലും പരിസരത്തും ഇപ്പോഴും വനംവകുപ്പിന്റെ സംഘങ്ങള്‍ നിരീക്ഷണം തുടരുകയാണ്. രാത്രി കടുവ ഏതെങ്കിലും വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയാണെങ്കില്‍ ഇരയെ അവിടെ നിന്ന് മാറ്റാതെ തന്നെ കടുവയെ പിടികൂടാനാണ് നീക്കം. പ്രദേശത്തെ വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് വനംവകുപ്പിന് കീഴിലുള്ള ടെക്‌നിക്കല്‍ ആന്റ് മോണിറ്ററിങ് സമിതി (Committe for technical guidance and monitoring) യോഗം വിളിച്ച് ചേര്‍ക്കും.
അതിനിടെ പ്രദേശത്ത് വേറെയും കടുവകള്‍ എത്തുന്നുണ്ടെന്ന സംശയം നാട്ടുകാര്‍ ഉന്നയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീശന്‍ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം കാര്‍ യാത്രക്കാര്‍ കണ്ടത് കാലിന് മുടന്തുള്ള കടുവയായിരുന്നെങ്കിലും പിന്നീട് ബൈക്ക് യാത്രികരുടെ മുമ്പിലകപ്പെട്ട കടുവക്ക് ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഇവര്‍ പറഞ്ഞതായി പ്രസിഡന്റ് അറിയിച്ചു.
നൂല്‍പ്പുഴ നായ്‌ക്കെട്ടി പ്രദേശം കടുവാ ഭീതിയില്‍; പട്ടാപകല്‍ പശുക്കിടാവിനെ ആക്രമിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam