
തിരുവനന്തപുരം: പൊലീസിന് തീരാ തലവേദനയായ കുപ്രസിദ്ധ ഗുണ്ട, 'ജാങ്കോ' എന്നു വിളിയ്ക്കുന്ന അനിൽ കുമാർ പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കൊച്ചു വേളി, വിനായക നഗർ, പുതുവൽ പുത്തൻ വീട്ടിൽ വിക്രമൻ മകൻ അനിൽ കുമാറിനെ പേട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കടകം പള്ളിയിൽ നിന്നും വന്ന് കൊച്ചുവേളി വിനായക നഗറിൽ വാടകയ്ക്ക് താമസിയ്ക്കുന്ന സുജാബിനെ(46) വെട്ടി പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. ഇന്നലെയാണ് അനിൽ സുജാബിനെ ആക്രമിച്ചത്. അനിൽ കുമാറിന്‍റെ അനിയന്‍റെ പേരിലുള്ള വാടക വീട്ടിൽ നിന്നും ഒഴിഞ്ഞു കൊടുക്കാത്തതിലുള്ള വിരോധത്താലായിരുന്നു ആക്രമണം.
ഇന്നലെ വൈകിട്ട് 7.30 മണിയോടെ വാടക വീട്ടിലെത്തിയ അനിൽ സുജാബിനെ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ അനിൽകുമാറിനെ പേട്ട സിഐ വി. എം. ശ്രീകുമാറിന്റെ നേതൃത്വത്തിൽ, എസ്ഐ സുമേഷ്, സാബു, സിപിഒമാരായ ദീപു, ഷെഫീഖ്, അനൂപ് എന്നിവർ ചേർന്ന സംഘമാണ് പിടകൂടിയത്. 42 കാരനായ അനിൽ കുമാർ പ്രതിയായ ക്രിമിനൽ കേസുകൾ തലസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ നിലവിലുണ്ട്. രണ്ടു തവണ കാപ്പാ പ്രകാരം ശിക്ഷ അനുഭവിച്ചിട്ടുള്ള അനിൽകുമാർ എക്സ്പ്ലോസീവ് ആക്ട് പ്രകാരമുള്ള കേസുകളിലും പ്രതിയാണ്. പിടികൂടാനെത്തുന്ന പൊലീസിന് നേരെ പടക്കം എറിഞ്ഞു രക്ഷപ്പെടുകയാണ് ഇയാളുടെ പതിവ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam