
കോഴിക്കോട്: ഗുണ്ടകൾക്കെതിരെ കോഴിക്കോട് ജില്ലയിൽ കർശന നടപടിയുമായി പൊലീസ്. നിരവധി ക്രിമിനൽ കേസിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മെഡിക്കൽ കോളേജ് കാമ്പസ് ക്വാട്ടേഴ്സിൽ താമസിക്കുന്ന ബിലാൽ ബക്കറി (26) നെയാണ് ഡെപ്യൂട്ടി കമ്മീഷണർ അമോസ് മാമൻ ഐപിഎസിന്‍റെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജ് അസി. കമ്മീഷണർ കെ.സുദർശൻറെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ബെന്നി ലാലുവും സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും (കാവൽ) ചേർന്ന് പിടികൂടിയത്.
മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ബിലാൽ ബക്കറിന് വധശ്രമം, കവർച്ച, ലഹരിക്കടത്ത് തുടങ്ങി
നിരവധി ക്രിമിനൽ കേസുകൾ ജില്ലയിലെ മെഡിക്കൽ കോളേജ്, ടൗൺ, കസബ, ഫറോക്ക്, കുന്ദമംഗലം, ചേവായൂർ, വെള്ളയിൽ, ട്രാഫിക്ക് പോലീസ് സ്റ്റേഷനുകളിലെ കേസിലെ പ്രതിയാണ്. സ്ഥിരമായി കേസുകളിൽ ഉൾപ്പെട്ട ശേഷം ജാമ്യത്തിൽ ഇറങ്ങി വീണ്ടും ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യുന്ന പ്രതികൾ സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയാവുന്നത് കണ്ട് ഗവൺമെൻറ് തലത്തിൽ കാപ്പ നിയമം കർശനമായി നടപ്പിൽ വരുത്താൻതീരുമാനിക്കുകയും ആയതിന് കാവൽ എന്നപേരിൽ പ്രത്യേക അന്വേഷണ സംഘങ്ങൾ ജില്ലകൾ തോറും രൂപീകരിച്ചിട്ടുണ്ട്.
ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്നും ഗുണ്ടകളുടെ നീക്കങ്ങൾ കാവൽ സ്ക്വാഡ് പ്രത്യേകം നിരീക്ഷിക്കുമെന്നും രണ്ട് പേരെ ഇതിനോടകം കാപ്പ നിയമത്തിൽ അറസ്റ്റ് ചെയ്തതായും ഡെപ്യൂട്ടി കമ്മീഷണർ അമോസ് മാമൻ ഐപിഎസ് അറിയിച്ചു. സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ ശിവദാസൻ, സിവിൽ പോലീസ് ഓഫീസർ ശരത്ത് എന്നിവര ടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത്.
പൊതുസുരക്ഷയ്ക്കും സമാധാനത്തിനും ഭംഗം വരുത്തുന്നവർ, അറിയപ്പെടുന്ന ഗുണ്ടകൾ, ലഹരി മരുന്ന് ഉൽപാദകർ, കടത്തുകാർ, മയക്കുമരുന്ന് വിൽപനക്കാർ എന്നിവരെല്ലാമാണ് കാപ്പ നിയമത്തിന്‍റെ പരിധിയിൽ വരും. ജില്ലാ പൊലീസ് മേധാവി എ.അക്ബർ ഐപിഎസിന്‍റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ല കലക്ടറാണ് ബിലാലിനെതിരെ കാപ്പ ചുമത്താനുള്ള ഉത്തരവ് ഇറക്കിയത്. ജില്ലയിലെ ക്രിമിനലുകളെ നിരീക്ഷിച്ച് വരികയാണെന്നും നടപടി ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam