500ല്‍ അധികം കേസുകളില്‍ പ്രതി; ഒടുവില്‍ 'കുട്ടി വിജയന്‍' പൊലീസിന്‍റെ കെണിയില്‍ കുടുങ്ങി

By Web TeamFirst Published Aug 22, 2021, 4:00 PM IST
Highlights

ഒന്നാം പ്രതി കുട്ടി വിജയൻ കേരളം, തമിഴ്നാട്. കർണാടകം എന്നീ സംസ്ഥാനങ്ങളിലായി ഏകദേശം അഞ്ഞൂറിലധികം കേസുകളിൽ പ്രതിയാണ്.

കോഴിക്കോട്: കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മലാപ്പറമ്പ് വാട്ടർ അതോറിറ്റി റോഡിൽ ഡോ. സ്വപ്ന നമ്പ്യാരുടെ വീട്ടിൽ കവർച്ച നടത്തി നാല്‍പ്പത്തിനാലര പവൻ സ്വർണാഭരണങ്ങളും ഡയമണ്ട് നെക്ലേസും പണവും കവർന്ന കേസിൽ പ്രതികള്‍ അറസ്റ്റില്‍. അമ്പലവയൽ സ്വദേശി വിജയൻ എന്ന കുട്ടി വിജയൻ (42 ), നടക്കാവ് പട്ടം വീട്ടിൽ ബവീഷ് (40) എന്നിവരെ മെഡിക്കൽ കോളേജ് എസിപി കെ സുദർശന്‍റെ നേതൃത്വത്തില്‍ ചേവായൂർ എസ് ഷാൻ, എസ്ഐ അഭിജിത്ത് എന്നിവരും സിറ്റി ഡൻസാഫ് സ്ക്വാഡും ചേർന്നാണ് പിടികൂടിയത്.

ജൂലൈ 26ന് രാത്രിയാണ് സംഭവം. കോഴിക്കോട് മെഡിക്കൽ കോളേജ് ഇഎൻടി വിഭാഗം അസിസ്റ്റന്‍റ്  പ്രൊഫസർ സ്വപ്ന നമ്പ്യാർ  എക്സാം ഇൻവിജിലേറ്റർ ഡ്യൂട്ടിക്കായി കണ്ണൂരിലേക്ക് പോയ സമയത്തായിരുന്നു കവർച്ച നടന്നത്. കേസിലെ ഒന്നാം പ്രതി വിജയൻ എന്ന കുട്ടി വിജയൻ 2007ൽ മാവൂർ സ്വദേശി വിദാസ് എന്നയാളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്.

അന്ന് കൊലപാതക, കവർച്ചാ കേസുകളിൽ പ്രതിയായിരുന്ന കുട്ടി വിജയൻ, മോഹനൻ, കുമാർ, സുരേഷ്, മണികണ്ഠൻ എന്നിവർ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിന്‍റെ പിൻവശത്തെ ചുവര് കുത്തിത്തുറന്ന്  2018ൽ രക്ഷപ്പെടുകയായിരുന്നു. പാറാവ് നിന്ന പൊലീസുകാരടക്കം അന്ന് സസ്‌പെൻഷനിലായിരുന്നു. അതിനുശേഷം പ്രതികളെ പിടികൂടിയെങ്കിലും ജാമ്യത്തിൽ ഇറങ്ങിയ കവർച്ചാസംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും കവർച്ച നടത്തി വരികയായിരുന്നു.

ഈ കേസിലെ ഒന്നാം പ്രതി കുട്ടി വിജയൻ കേരളം, തമിഴ്നാട്. കർണാടകം എന്നീ സംസ്ഥാനങ്ങളിലായി ഏകദേശം അഞ്ഞൂറിലധികം കേസുകളിൽ പ്രതിയാണ്. കവർച്ച നടത്തുന്ന മുതലുകൾ മേട്ടുപ്പാളയത്തുള്ള മകളുടെ ഭർത്താവിന്‍റെ അച്ഛന്‍റെ സഹായത്തോടെ തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ വിൽപ്പന നടത്തുകയും ആർഭാട ജീവിതം നയിച്ചുവരികയുമായിരുന്നു. പ്രതികളെ കൂടുതൽ അന്വേഷണത്തിനും അടുത്തകാലത്ത് ജില്ലയിലും പരിസരങ്ങളിലും റിപ്പോർട്ടായ കവർച്ചാകേസുകളിൽ ഇവരുടെ പങ്കാളിത്തത്തെപ്പറ്റി മനസിലാക്കുന്നതിനും കൂട്ടുപ്രതികളെ തിരിച്ചറിയുന്നതിനും മുതലുകൾ കണ്ടെടുക്കുന്നതിനും മറ്റുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി.

കേസിൽ കൂടുതൽ അന്വേഷണം തുടങ്ങിയതായി കേസിന് മേൽനോട്ടം വഹിക്കുന്ന മെഡിക്കൽ കോളേജ് എസിപി കെ സുദർശൻ പറഞ്ഞു. അന്വേഷണസംഘത്തിൽ ചേവായൂർ ഇൻസ്പെക്ടർ പി ചന്ദ്രമോഹൻ, എസ്ഐ ഷാൻ, എസ്ഐ അഭിജിത്ത്, രാജീവ് കുമാർ പാലത്ത് ഡൻസാഫ് അംഗങ്ങളായ സജി,  ഷാഫി, അഖിലേഷ്,  ജോമോൻ , ജിനേഷ് എന്നിവരും ഉണ്ടായിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!