
തിരുവനന്തപുരം: തലസ്ഥാനത്തെ കുപ്രസിദ്ധ കുറ്റവാളിയായ ഫാന്‍റം പൈലി എന്നു വിളിക്കുന്ന ഷാജിയെ വർക്കല പൊലീസ് പിടികൂടി. തിരുവമ്പാടി ഗുലാബ് മൻസിലിൽ ഷാജി (40) യെ കാപ്പ നിയമപ്രകാരമാണ് വർക്കല പൊലീസ് പിടികൂടിയത്. റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി ഓട്ടോ റിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന ഷാജിയെ പൊലീസ് വഴിയിൽ വച്ച് കാണുകയായിരുന്നു. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയ ഫാന്‍റം പൈലി രക്ഷപ്പെടാൻ നോക്കിയെങ്കിലും പൊലീസ് സാഹസികമായി കീഴക്കുകയായിരുന്നു. ഓട്ടോ റിക്ഷയിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് സാഹസികമായാണ് പിടികൂടിയത്. 60 ൽ അധികം കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയാണ് ഇപ്പോൾ പിടിയിലായ ഫാന്‍റം പൈലിയെന്ന് അറിയപ്പെടുന്ന ഷാജിയെന്ന് വർക്കല പൊലീസ് പറഞ്ഞു.
അതേസമയം വർക്കലയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത ഇന്ന് വൈകിട്ട് തിരുവമ്പാടി ബീച്ചിൽ ഗോഡ്സ് ഓൺ കൺട്രി കിച്ചൺ എന്ന റിസോർട്ടിൽ മിന്നൽ റെയിഡ് നടത്തി പൊലീസ് മദ്യവും കഞ്ചാവും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളുമടക്കം കണ്ടെത്തി എന്നതാണ്. തിരുവനന്തപുരം യോദ്ധാവ് കൺട്രോൾ റൂമിലേക്ക് ഒരാൾ വിളിച്ച് വർക്കല റിസോർട്ടിൽ മദ്യവും മയക്കുമരുന്നും വില്പന നടക്കുന്നു എന്ന് രഹസ്യ വിവരം നൽകുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസ് മിന്നൽ വേഗത്തിൽ റെയ്ഡ് നടത്തുകയായിരുന്നു. റെയിഡിൽ ജീവനക്കാരടക്കമുള്ളവർ പിടിയിലായി. ഡാൻസാഫ് ടീമിന്‍റെയും പൊലീസിന്‍റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു റെയ്ഡ് നടത്തിയത്. ഗോഡ്സ് ഓൺ കൺട്രി കിച്ചൺ എന്ന റിസോർട്ടിന്‍റെ സമീപത്ത് തന്നെ ജീവനക്കാർ താമസിക്കുന്ന വീട്ടിൽ നിന്നാണ് പൊലീസ് സാധനങ്ങൾ കണ്ടെടുത്തത്.. റിസോർട്ട് ജീവനക്കാരായ വർക്കല പെരുങ്കുളം സ്വദേശിയായ കണ്ണൻ എന്ന് വിളിക്കുന്ന വിനോദ് , കോവളം സ്വദേശിയായ മുഹമ്മദ് ഹാജ, ഇടവ സ്വദേശിയായ മുഹമ്മദ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റിസോർട്ട് ഉടമയുടെ പേരിലും കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam