
കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. കൊടുങ്ങല്ലൂർ വെമ്പല്ലൂർ കൈതക്കാട്ട് വീട്ടിൽ പ്രതീഷ് (42) നെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. വൈകിട്ട് മൂന്നരയോടെ വിദ്യാർഥിനി സ്കൂളിൽ നിന്ന് വീട്ടിലേക്ക് തനിയെ നടന്നു പോകുന്നത് കണ്ട് പ്രതി കാറിൽ പുറകെ ചെന്നു.
വഴി ചോദിക്കാൻ എന്ന വ്യാജേന വിദ്യാർത്ഥിനിയുടെ അടുത്ത് കാർ നിർത്തി അടുത്തേക്ക് വിളിച്ച് നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. ഭയന്ന കുട്ടി നിലവിളിച്ച് വീട്ടിലേക്ക് ഓടിപ്പോയി. പ്രതി സഞ്ചരിച്ച കാറിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തെ തുടർന്നാണ് പിടിയിലായത്. പ്രവാസിയായിരുന്ന ഇയാൾ ഇപ്പോൾ നാട്ടിൽ സ്ഥിര താമസമാണ്.
മുനമ്പം ഡിവൈഎസ്‍പി എം കെ മുരളിയുടെ നിർദ്ദേശപ്രകാരം വടക്കേക്കര ഇൻസ്പെക്ടർ വി സി സൂരജ്, എസ്ഐ എം എസ് ഷെറി, എഎസ്ഐമാരായ റസാഖ്, ഷൈൻ, ഗ്രേസി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടുകളെ പീഡിപ്പിച്ച രണ്ട് കേസുകളില്‍ വിധി വന്നു. ബസ് കാത്ത് നിന്ന പെൺകുട്ടിയെ സ്കൂളിലാക്കാം എന്ന് പറഞ്ഞ് പ്രതി കാറിൽ കയറ്റി കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ പ്രതിയെ കോടതി ഇരുപത് വർഷം തടവിന് ശിക്ഷിച്ചു. പിണ്ടിമന ഭൂതത്താൻകെട്ട് സ്വദേശി ബിനുവിനെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ശിക്ഷിച്ചത്. 2018 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ആറു വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 10 വർഷം കഠിനതടവും 50,000 രൂപ പിഴയുമാണ് വിധിച്ചത്.
കളമശ്ശേരി കൂനംതൈ ഭാഗം മധുകപ്പിള്ളി വീട്ടിൽ രാജീവിനെയാണ് (44) എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷിച്ചത് . 2019 ഫെബ്രുവരിലായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാം ക്ലാസുകാരിയായ പെൺകുട്ടി സ്കൂളിൽ പോകുന്നതും വരുന്നതും പ്രതിയുടെ ഓട്ടോയിൽ ആയിരുന്നു. മറ്റു കുട്ടികളെല്ലാം ഇറങ്ങി അവസാനമാണ് പെൺകുട്ടി വീട്ടിൽ ഇറങ്ങിയിരുന്നത്. ഇത് മുതലെടുത്താണ് പ്രതി ആളൊഴിഞ്ഞ ഭാഗത്ത് ഓട്ടോ നിർത്തി പെൺകുട്ടിയെ പീഡിപ്പിച്ചത്.
10-ാം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കി മുങ്ങി രണ്ടാനച്ഛന്‍; തപ്പിയിറങ്ങി പൊലീസ്, നൽകിയ വിലാസം വരെ വ്യാജം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam