വീട്ടിലേക്ക് മടങ്ങവെ ആരോഗ്യപ്രവര്‍ത്തകയെ സ്‌കൂട്ടര്‍ ഇടിച്ച് അപകടപ്പെടുത്താന്‍ ശ്രമം

By Web TeamFirst Published Oct 27, 2021, 10:07 PM IST
Highlights

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്ന ശാന്തിയെ സ്‌കൂട്ടര്‍ ഇടിച്ച് അപകടപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ആരോഗ്യപ്രവര്‍ത്തകയുടെ മുഖത്ത് എല്ലു പൊട്ടിയത് ഉള്‍പ്പെടെ ഗുരുതര പരുക്കേറ്റു.
 

ചേര്‍ത്തല:  ജോലി കഴിഞ്ഞു പോകവെ ആരോഗ്യപ്രവര്‍ത്തകയെ (Health worker) സ്‌കൂട്ടര്‍ ഇടിച്ച് അപകടപ്പെടുത്താന്‍ ശ്രമം. ഇടിച്ച സ്‌കൂട്ടര്‍ നിര്‍ത്താതെ പോയി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ചേര്‍ത്തല പള്ളിപ്പുറം കേളമംഗലം വിനയ്ഭവനില്‍ വിനയ് ബാബുവിന്റെ ഭാര്യ എസ്. ശാന്തിയ്ക്കാണ് (Shanthi-34) പരുക്കേറ്റത്. ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്ന ശാന്തിയെ സ്‌കൂട്ടര്‍ ഇടിച്ച് അപകടപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ആരോഗ്യപ്രവര്‍ത്തകയുടെ മുഖത്ത് എല്ലു പൊട്ടിയത് ഉള്‍പ്പെടെ ഗുരുതര പരുക്കേറ്റു.  

ഞായറാഴ്ച്ച രാത്രി എട്ടരയോടെ ചേര്‍ത്തല നെടുമ്പ്രക്കാട് ഗവ. യുപിഎസിനു സമീപമായിരുന്നു സംഭവം.  ശാന്തിയുടെ പിറകിലൂടെ വന്ന സ്‌കൂട്ടര്‍ തന്റെ സ്‌കൂട്ടറില്‍ ഇടിക്കുമെന്നു മിററിലൂടെ മനസിലാക്കി കുറച്ചുകൂടി റോഡിന് കുറച്ചുകൂടി വശം ചേര്‍ന്നുപോയി. എന്നിട്ടും പിറകില്‍ ഇടിച്ചു. അല്‍പ്പം കൂടി നീങ്ങിയപ്പോള്‍ സ്‌കൂട്ടറുകളില്‍ തമ്മില്‍ മുട്ടി വീഴാന്‍ പോകുന്ന അവസ്ഥയുണ്ടായി. വീണ്ടും സ്‌കൂട്ടറിന്റെ മുന്‍വശം തന്റെ സ്‌കൂട്ടറിന്റെ മുന്‍വശത്ത് ഇടിപ്പിച്ചു മുന്നോട്ടുപോയി. ഇതേ തുടര്‍ന്ന് താന്‍ റോഡിന്റെ വലതുവശത്തേക്കു തെറിച്ചു വീണു. വണ്ടിയും തെന്നിത്തെറിച്ചു. ആ സമയം പെട്ടെന്ന് റോഡിലൂടെ വണ്ടികളൊന്നും വരാഞ്ഞതിനാല്‍ വലിയ അപകടത്തില്‍ നിന്നും താന്‍ രക്ഷപ്പെട്ടെന്നും ശാന്തി പറയുന്നു. 

വീണതിനുശേഷം സ്‌കൂട്ടറുകാരന്‍ അല്‍പ്പനേരം നിന്നെങ്കിലും പിറകില്‍ നിന്നും കാര്‍ വരുന്നതുകണ്ട് രക്ഷപ്പെട്ടു. കാര്‍ യാത്രക്കാരനും പ്രദേശവാസികളും ചേര്‍ന്നാണ് ശാന്തിയെ എഴുന്നേല്‍പ്പിച്ചത്. തന്നെ സ്‌കൂട്ടര്‍ ഇടിച്ചിട്ടു നിര്‍ത്താതെ പോയെന്നു പറഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരില്‍ ചിലര്‍ പിന്നാലെ പോയെങ്കിലും കണ്ടെത്താനായില്ല. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടി മടങ്ങി.

ചൊവ്വാഴ്ച്ച വേദനകളും അസ്വസ്ഥതയും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തി എക്‌സറെ എടുത്തപ്പോളാണ് മുഖത്തിന്റെ വലത് എല്ലിന് പൊട്ടല്‍ അറിഞ്ഞത്. കാല്‍മുട്ടുകള്‍ക്കും പരുക്കുണ്ട്. പാന്റും ഷര്‍ട്ടും ധരിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മധ്യവയസ്‌ക്കനാണ് ഇടിച്ചതെന്ന് ശാന്തി പറഞ്ഞു. ഈ 13 നാണ് പിഎസ്‌സി മുഖാന്തരം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലി ലഭിച്ചത്.
 

click me!