കാരുണ്യത്തിന്റെ കരുതലൊരുക്കി ഒരു കൂട്ടം മാലാഖമാർ, ജനറൽ ആശുപത്രിക്ക് സമീപം 'പ്രത്യാശയുടെ അഭയകേന്ദ്രം'; ക്യാൻസറിനെ കരുത്തോടെ നേരിടാം

Published : Jul 04, 2025, 10:00 PM ISTUpdated : Jul 04, 2025, 10:02 PM IST
CANCER

Synopsis

പാവപ്പെട്ട കുടുംബങ്ങളിലെ ക്യാൻസർ രോഗികൾക്ക് ചികിത്സ കാലയളവിൽ താമസിക്കുന്നതിനായി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സി എസ് ആർ പദ്ധതിയുടെ ഭാഗമായി എസ് ഡി കോൺവെന്റിനോട് ചേർന്നു നിർമിച്ച ഹേവൻ ഓഫ് ഹോപ് ബിൽഡിംഗ് പ്രവർത്തന സജ്ജമായി

കൊച്ചി: കാർന്നുതിന്നുന്ന ക്യാൻസറിനെ കരുത്തോടെ നേരിടാൻ കാരുണ്യത്തിന്റെ കരുതലൊരുക്കി ഒരു കൂട്ടം മാലാഖമാർ. അവർക്കുവേണ്ട സാമ്പത്തിക പിന്തുണയുമായി പ്രമുഖ ബാങ്കിങ് സ്ഥാപനം. കരുണവറ്റാത്ത സമൂഹത്തിനു മുകളിൽ ഇവർ പടുത്തുയർത്തിയ സൗധത്തിന് പേര് 'ഹേവൻ ഓഫ് ഹോപ്' അഥവാ പ്രത്യാശയുടെ അഭയകേന്ദ്രം! പാവപ്പെട്ട കുടുംബങ്ങളിലെ ക്യാൻസർ രോഗികൾക്ക് ചികിത്സ കാലയളവിൽ താമസിക്കുന്നതിനായി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സി എസ് ആർ പദ്ധതിയുടെ ഭാഗമായി എസ് ഡി കോൺവെന്റിനോട് ചേർന്നു നിർമിച്ച ഹേവൻ ഓഫ് ഹോപ് (Haven of Hope) ബിൽഡിംഗ് പ്രവർത്തന സജ്ജമായി. അഗതികളുടെ സഹോദരിമാർ (എസ് ഡി) എന്ന സന്യാസ സമൂഹത്തിന്റെ സ്ഥാപകനും എറണാകുളം – അങ്കമാലി അതിരൂപതാംഗവുമായ ധന്യൻ വർഗീസ് പയ്യപ്പിള്ളി അച്ചന്റെ സ്മരണാർഥമാണ്‌ എറണാകുളം ജനറൽ ഹോസ്പിറ്റലിന് എതിർവശത്തായി ഹേവൻ ഓഫ് ഹോപ് പണിതുയർത്തിയത്. ജനറൽ ഹോസ്പിറ്റലിൽ ക്യാൻസറിന് അത്യാധുനിക ചികിത്സാ സൗകര്യമുണ്ടെങ്കിലും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസിക്കാനുള്ള സ്ഥലം കണ്ടെത്തുക പ്രയാസമായിരുന്നു. കീമോയ്ക്കും റേഡിയേഷനുമായി ആശുപത്രിയിൽ വരുന്ന പാവപ്പെട്ട കുടുംബങ്ങളിലെ ആളുകളുടെ ദുരവസ്ഥ മനസിലാക്കിയ സന്യാസ സമൂഹം വിഷയം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു.

അഭയകേന്ദ്രത്തിന്റെ ഉദ്‌ഘാടനം സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ വി ജെ കുര്യൻ നിർവഹിച്ചു. സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക തീർക്കുന്ന അഭയകേന്ദ്രവുമായി സഹകരിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്യാൻസർ എന്ന മാരക രോഗത്തിനു മുന്നിൽ പകച്ചുനിൽക്കുന്ന വലിയൊരു സമൂഹത്തിന് സാന്ത്വനം നൽകാൻ പദ്ധതിയിലൂടെ സാധിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ പ്രയോജനകരമാണ് ഈ പദ്ധതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഞാൻ എം ഡി ആയിരുന്ന കാലത്താണ് പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ (പി പി പി മോഡൽ) കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമാണം പൂർത്തീകരിക്കുന്നത്. പി പി പി മോഡലിൽ പ്രവർത്തനം നടത്തുന്ന രാജ്യത്തെ ആദ്യ വിമാനത്താവളവും സിയാലാണ്. എന്നാൽ ഇപ്പോൾ, രാജ്യത്ത് വീണ്ടുമൊരു പി പി പി മാതൃക വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പ്രൊജക്റ്റ് ഫോർ പുവർ പീപ്പിൾ (പി പി പി) എന്ന പദ്ധതിയിലൂടെ പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പാക്കാൻ നമുക്ക് കഴിയണം. ഇതിനായി പൊതുസമൂഹവും സ്ഥാപനങ്ങളും ഒരേ മനസോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സന്യാസ സമൂഹത്തിന്റെ പ്രൊവിൺഷ്യൽ സുപ്പീരിയർ സിസ്റ്റർ റെയ്സി തളിയൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് എം ഡിയും സി ഇ ഒ യുമായ പി ആർ ശേഷാദ്രി, നോൺ എക്സിക്യൂട്ടീവ് ഇൻഡിപെൻഡന്റ് ഡയറക്ടർ എം ജോർജ് കോരാ, നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ പോൾ ആന്റണി, ബെന്നി പി തോമസ്, സി ഒ ഒ ആന്റോ ജോർജ് ടി എന്നിവർ മുഖ്യതിഥികളായി. പ്രൊവിൺഷ്യൽ കൗൺസിലർ സിസ്റ്റർ അനീഷ, തൃക്കാക്കര നൈപുണ്യ പബ്ലിക് സ്കൂൾ മുൻ ഡയറക്ടർ റവ. ഫാ. കുരിയാക്കോസ് മുണ്ടാടൻ, പെരുമാനൂർ ലൂർദ് മാതാ പള്ളി വികാരി റവ. ഡോ. ജെയിംസ് പെരേപ്പാടൻ, എസ് ഡി ജനറൽ കൗൺസിലർ സിസ്റ്റർ താരക, സിസ്റ്റർ ആൻ പോൾ എന്നിവർ സംസാരിച്ചു.

1927 ൽ സന്യാസ സമൂഹം സ്ഥാപിച്ച ധന്യൻ വർഗീസ് പയ്യപ്പിള്ളി അച്ചൻ, 1929 ൽ കൊച്ചിയിലെ സർക്കാർ ആശുപത്രിയിലാണ് (ഇന്നത്തെ ജനറൽ ഹോസ്പിറ്റൽ) നിര്യാതനായത്. അവസാന നാളുകളിലും തൊട്ടടുത്ത കട്ടിലിൽ മരണവെപ്രാളത്തിൽ വിഷമിച്ച രോഗിക്ക് വേണ്ടി മധ്യസ്ഥ പ്രാർത്ഥന നടത്തിയ ജീവിതമാണ് അദ്ദേഹത്തിന്റേത്. ജീവിത കാലയളവിനിടയിൽ വർഗീസ് പയ്യപ്പിള്ളി അച്ചൻ നടത്തിയ സുകൃതങ്ങൾ അംഗീകരിച്ച കത്തോലിക്കാ സഭ 2018 ൽ അദ്ദേഹത്തെ ധന്യപദവിയിലേക്കുയർത്തി. പാ​വ​പ്പെ​ട്ട​വ​ര്‍ക്കി​ട​യി​ല്‍ സേ​വ​നം ചെ​യ്യു​ക​യെ​ന്ന​ത്​ ജീ​വി​ത​ ദൗ​ത്യ​മാ​യി ഏ​റ്റെ​ടു​ത്ത വർഗീസ് പയ്യപ്പിള്ളി അച്ചന്റെ നാമത്തിൽ അഭയകേന്ദ്രം പൂർത്തീകരിച്ചതിന്റെ സന്തോഷത്തിലാണ് സന്യാസ സമൂഹം. സന്യാസ സമൂഹത്തിന്റെ കൈവശമുള്ള 13 സെന്റ് സ്ഥലത്ത് 10000 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം പണിതത്. സൗത്ത് ഇന്ത്യൻ ബാങ്ക് സി എസ് ആർ പദ്ധതിയിലുൾപ്പെടുത്തി മൂന്ന് കോടിയിലധികം രൂപയാണ് നിർമാണത്തിനായി നൽകിയത്. നാല് നിലകളുള്ള കെട്ടിടത്തിൽ ഒരേ സമയം 32 രോഗികൾക്കും ബന്ധുക്കൾക്കും പ്രവേശനം നൽകാൻ കഴിയും. രോഗികൾക്ക് ഭക്ഷണം ഉണ്ടാക്കുന്നതിനായി കിച്ചൻ ഏരിയ, രോഗികൾക്കായി അഡ്ജസ്റ്റബിൾ മെഡിക്കൽ ബെഡ്, മറ്റു സൗകര്യങ്ങൾ എന്നിവയാണ് കെട്ടിടത്തിൽ സജീകരിച്ചിട്ടുള്ളത്. അഭയകേന്ദ്രത്തിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്
വർക്ക് ഷോപ്പിൽ സ്‌കൂട്ടറിൻ്റെ തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ തീപ്പൊരി; ലീക്കായ പെട്രോളിന് തീപിടിച്ചു; അഗ്നിരക്ഷാ സേനയെത്തി അണച്ചു