
തിരുവനന്തപുരം: തൊണ്ടയിൽ മുള്ള കുടുങ്ങി സർക്കാർ ആശുപത്രിയിൽ എത്തിയ നേഴ്സിങ് വിദ്യാർഥിനിയുടെ നടുവ് എക്സ്റേ മെഷീൻ തട്ടി ഒടിഞ്ഞു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചിറയിൻകീഴ് കൂന്തള്ളൂർ മണ്ണുവിളവീട്ടിൽ ലതയുടെ മകൾ ആദിത്യ ആണ് നടുവൊടിഞ്ഞ് കിടപ്പിലായത്. വായിൽ മീൻമുള്ള് കുടുങ്ങിയത് ചികിത്സിക്കാൻ ആശുപത്രിയിൽ പോയ കുട്ടിക്ക് ഇപ്പൊൾ എഴുനേറ്റു നിക്കാൻ കഴിയാത്ത അവസ്ഥയാണ്. ആശുപത്രിയിലെ ഇ.എൻ.ടി ഡോക്ടറുടെ നിർദേശപ്രകാരമാണ് കുട്ടിക്ക് എക്സ്റേ എടുത്തത്. എക്സ്റേ എടുക്കുന്നതിനിടെ മെഷീന്‍റെ ഒരു ഭാഗം ഇളക്കി കുട്ടിയുടെ നടുവിൻറെ ഭാഗത്ത് ശക്തിയായി ഇടിക്കുകയായിരുന്നു.
കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ കുട്ടിയുടെ അമ്മ കണ്ടത് നടക്കാൻ പോലും കഴിയാതെ വേദന കൊണ്ട് പുളയുന്ന മകളെയാണ്. മാതാവ് താങ്ങിയാണ് ആശുപത്രിയിലെ ഓർത്തോ ഡോക്ടറുടെ അടുത്ത് എത്തിച്ചത്. ഇദ്ദേഹത്തിന്‍റെ നിർദേശാനുസരണം വീണ്ടും കുട്ടിക്ക് എക്സ്റേ എടുത്തപ്പോൾ നടുവിന്‍റെറെ ഭാഗത്ത് അസ്ഥിയിൽ പൊട്ടൽ ഉണ്ടെന്ന് കണ്ടെത്തി. വീഴ്ച മറയ്ക്കാൻ വേണ്ടി ബെൽറ്റ് ഇട്ട് വിശ്രമിച്ചാൽ മതിയെന്ന് നിർദേശിച്ച് മരുന്ന് നൽകി ഡോക്ടർമാർ കുട്ടിയെ വിട്ടയച്ചു. പക്ഷേ അവസാന വർഷ ബി.എസ്.സി നഴ്സിങ് വിദ്യാർഥിനിയായ ആദിത്യക്ക് പക്ഷേ ഡോക്ടർമാർ തമ്മിലുള്ള സംഭാഷണത്തിൽ നിന്ന് തന്‍റെ പരിക്ക് നിസ്സാരമല്ല എന്ന് മനസ്സിലായി.
തുടർന്ന് ആദിത്യയും മാതാവും മറ്റൊരു ഡോക്ടറെ കാണിച്ചപ്പോഴാണ് കുട്ടിയുടെ നടുവിലെ എല്ലിൽ പൊട്ടൽ സ്ഥിതികരിച്ചത്. ഉടൻ മാതാവ് ലത ആശുപത്രി സൂപ്രണ്ടിനെ നേരിൽ കണ്ട് പരാതി അറിയിച്ചെങ്കിലും എക്സറേ വിഭാഗത്തിലെ ജീവനക്കാരെ സംരക്ഷിക്കാനുള്ള ശ്രമം ആണ് നടന്നത് എന്ന് ആരോപിക്കുന്നു. തുടർന്ന് ഇവർ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്. ആദിത്യയുടെ പിതാവ് ആരോഗ്യ അവശതകളാൽ കിടപ്പിലാണ്. അഴൂർ പി.എച്ച്.സിയിലെ പാർട്ട് ടൈം സ്വീപ്പർ ആയ ലതയുടെ വരുമാനത്തിലാണ് ജീവിതം മുന്നോട്ടു നീങ്ങിയിരുന്നത്. ആദിത്യ കിടപ്പിലായതോടെ ഇപ്പൊൾ അമ്മയ്ക്ക് ജോലിക്ക് പോകാനും കഴിയാത്ത അവസ്ഥയാണ്.
Read More : ആറു മാസമായി ശമ്പളമില്ല, ജീവിക്കാൻ മറ്റ് വഴിയില്ല; കണ്ണൂർ ആറളം ഫാമിൽ തൊഴിലാളികളും ജീവനക്കാരും ദുരിതത്തിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam