പള്ളി വികാരിയുടെ സ്കൂട്ടർ അടിച്ചുമാറ്റി മുങ്ങി യുവാക്കൾ; 48 മണിക്കൂറിനുള്ളിൽ പൊക്കി പൊലീസ്

By Web TeamFirst Published Jan 21, 2023, 10:33 PM IST
Highlights

കേസ് രജിസ്റ്റര്‍ ചെയ്ത് 48 മണിക്കൂറിനുള്ളില്‍ തന്നെ പ്രതികൾ പൊലീസിന്റെ വലയിലായി. ആദിത്യനെ ഇടപ്പള്ളിയില്‍ നിന്നും സാദിക്കിനെ കളമശ്ശേരിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്

ഹരിപ്പാട്: സ്കൂട്ടര്‍ മോഷ്ടിച്ച കേസിൽ യുവാക്കള്‍ പിടിയില്‍. ചേപ്പാട് കത്തോലിക്കാ പള്ളി സെമിത്തേരിയുടെ മുന്‍വശം ദേശീയ പാതയുടെ അരികില്‍ നിന്ന് ചേപ്പാട് തിരുഹൃദയ കത്തോലിക്കാ പള്ളി വികാരി ഫാ. ജെയിംസിന്റെ സ്കൂട്ടര്‍ മോഷ്ടിച്ച കേസിലാണ് രണ്ട് പേർ അറസ്റ്റിലായത്. എറണാകുളം ഇടപ്പള്ളി എളമക്കര തിരുനിലയത്ത് വീട്ടില്‍ ആദിത്യന്‍ (20), കളമശ്ശേരി സി പി നഗര്‍ വട്ടക്കുന്നില്‍വീട്ടില്‍ സാദിക്ക് (18) എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

കേസ് രജിസ്റ്റര്‍ ചെയ്ത് 48 മണിക്കൂറിനുള്ളില്‍ തന്നെ പ്രതികൾ പൊലീസിന്റെ വലയിലായി. ആദിത്യനെ ഇടപ്പള്ളിയില്‍ നിന്നും സാദിക്കിനെ കളമശ്ശേരിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കായംകുളം ഡിവൈഎസ് പി അജയ് നാഥിന്റെ നേതൃത്വത്തില്‍ കരീലകുളങ്ങര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുനുമോൻ കെ, എസ് സി പി ഒമാരായ പ്രസാദ്, വിനീഷ്, വിമലേഷ്, സിപിഐ മാരായ മോണിക്കുട്ടൻ, അനീസ്, സജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതി ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

അതേസമയം, സ്ഥിരമായി  ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച്  വിൽപ്പന നടത്തി വന്ന വർക്ക് ഷോപ്പ് മെക്കാനിക്കായിരുന്ന മോഷ്ടാവ് കൊച്ചിയിൽ അറസ്റ്റിലായി. കുന്നത്തേരി പേകുഴി വീട്ടിൽ റഫീക്ക് (38) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ഉളിയന്നൂരിൽ നിന്നും തൃശൂർ കൊച്ചുകടവ് സ്വദേശിയുടെ ബൈക്ക് മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് നമ്പർ പ്ലേറ്റുകൾ ഇല്ലാതെ ഇതേ ബൈക്കുമായി റഫീക്കിനെ പിടികൂടുന്നത്.

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇയാളുടെ പക്കൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം, ആലുവ ഭാഗങ്ങളിൽ നിന്നും മോഷണം നടത്തിയ മറ്റ് മൂന്ന് ബൈക്കുകൾ കൂടി പിടികൂടി. എല്ലാം നമ്പർ പ്ലേറ്റുകൾ ഊരി മാറ്റിയ നിലയിലായിരുന്നു. മുൻപ് വർക്ക് ഷോപ്പ് മെക്കാനിക്കായിരുന്ന റഫീക്ക് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് ബൈക്കുകളുടെ ലോക്ക് പൊട്ടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

ഡ്യൂപ്ലിക്കേറ്റ് താക്കോൽ, വണ്ടി കയ്യിലായാലുടൻ നമ്പർ പ്ലേറ്റ് ഊരിമാറ്റും; വർക്ക് ഷോപ്പ് മെക്കാനിക്കായ മോഷ്ടാവ്

click me!