
തൃശൂര്‍: 2019ല്‍ മതിലകം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതകക്കേസില്‍ പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന ഒഡീഷ സ്വദേശി ബിക്കാരി മാലിക്ക് (36) അറസ്റ്റിലായി. ഒഡീഷയിലെ ഗഞ്ചാം ജില്ലയില്‍ ജഹാഡ സ്വദേശിയായ ഇയാളെ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമിന്റെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ഒളിവില്‍ പോയതിനെത്തുടര്‍ന്ന് ഇയാളെ പിടികൂടുന്നതിനായി കൊടുങ്ങല്ലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പടിഞ്ഞാറേ വെമ്പല്ലൂര്‍ ചന്ദന സ്വദേശിയായ വിജിത്ത് കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ബിക്കാരി മാലിക്ക്. വിജിത്തിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് ആള്‍താമസമില്ലാതെ കാടുപിടിച്ചു കിടന്നിരുന്ന പറമ്പില്‍ ഒളിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒഡീഷയിലേക്ക് കടന്ന പ്രതിയെ അവിടെനിന്നാണ് പോലീസ് പിടികൂടിയത്.
കേസിലെ മറ്റു പ്രതികളെ 2019ല്‍ നിലവിലെ മതിലകം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിമല്‍ വി.വി.യുടെ നേതൃത്വത്തില്‍ ഒഡീഷയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. മതിലകം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നെസിയ എം.യുടെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രബിന്‍, സിവില്‍ പോലീസ് ഓഫീസര്‍ ബിനില്‍ എന്നിവര്‍ ഒഡീഷയിലെത്തി ദിവസങ്ങളോളം താമസിച്ച് പ്രതിയുടെ താമസസ്ഥലം നിരീക്ഷിച്ചും മറ്റും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam