ഒഡിഷയില്‍ നിന്ന് മണ്ണും വിത്തും പണിക്കാരുമെത്തി; ഉള്ളി കൃഷിയില്‍ പരീക്ഷണവുമായി കോഴിക്കോട്ടുകാരന്‍

By Web TeamFirst Published Feb 16, 2020, 4:59 PM IST
Highlights

മൂന്ന് വർഷമായി കൃഷിപ്പണിയിൽ ഷിഹാബുദ്ദിനെ സഹായിക്കുന്ന ഈ ഒഷിഷക്കാരുടെ ആശയമാണ്  ഈ മണ്ണിലെ ഉള്ളിക്കൃഷി. ഷിഹാബുദ്ദീൻ സമ്മതം മൂളിയപ്പോൾ പണിക്കാർ നേരെ നാട്ടിലേക്ക് വണ്ടി കയറി. തിരിച്ചെത്തിയത് ഒമ്പത് ചാക്ക് മണ്ണും അരക്കിലോ സവാള വിത്തും കൊണ്ടാണ്.

മായനാട്: ഉള്ളി വില കുതിച്ചുയർന്നപ്പോൾ ബദൽ മാർഗങ്ങൾ തേടിയവരാണ് മലയാളികൾ. അടുക്കളയിൽ അത്രക്ക് പ്രാധാന്യമുള്ള ഉള്ളിയെ,കൃഷിയിൽ എന്ത് കൊണ്ട് ഒരു കൈ നോക്കിക്കൂടാ എന്ന് ചിന്തിച്ച ഒരു കർഷകനുണ്ട് കോഴിക്കോട്ട്. കോട്ടാംപ്പറമ്പ് സ്വദേശി ഷിഹാബുദ്ദീൻ. വീടിനടുത്തായി 70 സെന്‍റ് സ്ഥലത്താണ് ഷിഹാബുദ്ദീന്‍റെ ഉള്ളികൃഷി.

ഷിഹാബുദ്ദീന്‍റെ കൃഷിയിടത്തില്‍ നിന്ന് കേള്‍ക്കുന്ന പാട്ടു കേട്ടോ, നട്ടു പിടിപ്പിക്കുന്ന വിള കണ്ടോ കൃഷിക്കാരെ കണ്ടോ തെറ്റിദ്ധരിക്കേണ്ട സ്ഥലം കോഴിക്കോടാണ്. മായനാട് താഴെ വയലിൽ ഷിഹാബുദ്ദീൻ എന്ന കർഷകൻ പാട്ടത്തിനെടുത്ത കൃഷി ഭൂമി. മൂന്ന് വർഷമായി കൃഷിപ്പണിയിൽ ഷിഹാബുദ്ദിനെ സഹായിക്കുന്ന ഈ ഒഷിഷക്കാരുടെ ആശയമാണ്  ഈ മണ്ണിലെ ഉള്ളിക്കൃഷി. ഷിഹാബുദ്ദീൻ സമ്മതം മൂളിയപ്പോൾ പണിക്കാർ നേരെ നാട്ടിലേക്ക് വണ്ടി കയറി. തിരിച്ചെത്തിയത് ഒമ്പത് ചാക്ക് മണ്ണും അരക്കിലോ സവാള വിത്തും കൊണ്ടാണ്.

തണുപ്പുള്ള സ്ഥലം ആവശ്യമായതിനാൽ വയലാണ് വയലാണ് സവാള കൃഷിക്കായി തെരഞ്ഞെടുത്തത്. ഏകദേശം 15000 രൂപയോളമാണ് മുടക്ക് മുതൽ. സംഗതി ക്ലിക്കായാൽ ഏകദേശം ഏഴ് ടൺ സവാള വിളവെടുക്കാനാകുമെന്നാണ് കണക്ക് കൂട്ടൽ.

click me!