തണ്ടപ്പേർ രജിസ്റ്ററിൽ കൃത്രിമം നടത്തി; നെടുംകണ്ടം ഡെപ്യൂട്ടി തഹസില്‍ദാരെ സസ്പെൻഡ് ചെയ്തു

By Web TeamFirst Published Feb 16, 2020, 4:24 PM IST
Highlights

ചൊവ്വാഴ്ചക്കുള്ളില്‍ സ്ഥലത്തിന്റെ യഥാര്‍ഥ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ തണ്ടപ്പേര്‍ റദ്ദാക്കുമെന്ന് സ്ഥലയമുടമയും മുന്‍ സിഐടിയു നേതാവുമായ ലൂക്ക ജോസഫിന് കളക്ടര്‍ അന്ത്യശാസനം നല്‍കി. 

ഇടുക്കി: തണ്ടപ്പേര്‍ രജിസ്റ്ററിൽ കൃത്രിമം നടത്തി കരം സ്വീകരിച്ച മുന്‍ കട്ടപ്പന വില്ലേജ് ഓഫീസറും നിലവില്‍ നെടുംകണ്ടം ഡെപ്യൂട്ടി തഹസില്‍ദാരുമായ ആന്റണി ജോസഫിനെ ജില്ലാ കളക്ടര്‍ സസ്‌പെന്റ് ചെയ്തു. കട്ടപ്പന ബസ് സ്റ്റാന്റിന് സമീപം സഹകരണ ആശുപത്രി നിര്‍മ്മിച്ച സ്ഥലത്തിന് അന്ന് വില്ലേജ് ഓഫീസറായിരുന്ന ആന്റണി ജോസഫും സ്ഥലമുടമ ലൂക്ക ജോസഫും ചേര്‍ന്ന് ഗൂഢാലോചന നടത്തി തണ്ടപ്പേര്‍ രജിസ്റ്ററില്‍ ക്യത്രിമം നടത്തി കരമടച്ച സംഭവത്തിലാണ് സസ്‌പെന്‍ഷന്‍.

ചൊവ്വാഴ്ചക്കുള്ളില്‍ സ്ഥലത്തിന്റെ യഥാര്‍ഥ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ തണ്ടപ്പേര്‍ റദ്ദാക്കുമെന്ന് സ്ഥലയമുടമയും മുന്‍ സിഐടിയു നേതാവുമായ ലൂക്ക ജോസഫിന് കളക്ടര്‍ അന്ത്യശാസനം നല്‍കി. കട്ടപ്പന ഗണപതി പ്ലാക്കല്‍ സിബിക്കുട്ടി സെബാസ്റ്റ്യന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്. കട്ടപ്പന ഗുരുമന്ദിരത്തിന് സമീപം സിബിക്കുട്ടിയുടെ ഭൂമിയുടെ തണ്ടപ്പേര്‍ രജിസ്റ്റര്‍ പേജ് കീറിമാറ്റി പകരം ലൂക്ക ജോസഫിന്റെ സ്ഥലത്തിന്റെ തണ്ടപ്പേര്‍ കണക്കെഴുതിചേര്‍ത്ത് പുതിയ പേജ് ഒട്ടിച്ചാണ് കൃത്രിമം നടത്തിയത്.

പട്ടയ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരിനെ 'തണ്ടപ്പേര്' എന്ന് വിളിക്കുന്നു. വില്ലേജ് ഓഫീസുകളിൽ കരം പിരിക്കുന്നതിനായി തണ്ടപ്പേര് രേഖപ്പെടുത്തിയിരിക്കുന്ന രജിസ്റ്ററിനെ തണ്ടപ്പേര് രജിസ്റ്റർ എന്ന് വിളിക്കാറുണ്ട്. ഒരു വസ്തു കൈമാറ്റം ചെയ്തു കഴിഞ്ഞു (Transfer of Property Act, Registration Act), വസ്തു വാങ്ങിച്ച ആൾ വില്ലേജ് ഓഫീസിൽ ചെന്ന് പട്ടയ രജിസ്റ്ററിലെ പേരിൽ കൂട്ടേണ്ടതാണ്. പേരിൽ കൂട്ടി (പോക്ക് വരവ് ചെയ്യൽ) വസ്തു കരം സ്വീകരിക്കുന്നതോടുകൂടി വാങ്ങിച്ച വസ്തുവിന്റെ പൂർണ്ണ അവകാശം വാങ്ങിച്ച ആൾക്ക് ലഭിക്കുന്നു.

click me!