തൊഴിലാളികളുടെ മക്കള്‍ക്ക് ജോലി നല്‍കിയില്ല; സിപിഎമ്മിനെതിരെ സമരവുമായി സിപിഐ

By Web TeamFirst Published Sep 10, 2019, 8:25 PM IST
Highlights

തൊഴിലാളികളുടെ വിദ്യാസമ്പന്നരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി വാഗ്ദാനം നല്‍കിയാണ് ഗാര്‍ഡന്റെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തീകരിച്ചത്. 

ഇടുക്കി: സിപിഎമ്മിനെതിരെ പരോക്ഷസമരവുമായി സിപിഐ പ്രവര്‍ത്തകര്‍. ജില്ലാ ടൂറിസം വകുപ്പ് ആരംഭിച്ചിരിക്കുന്ന ബോട്ടാനിക്ക് ഗാര്‍ഡനില്‍ തൊഴിലാളികളുടെ മക്കളെ ഒഴിവാക്കി നിയമനം നടത്തുന്നതിനെതിരെ  നാളെ ഉപവാസം സമരം സംഘടിപ്പിക്കും.

മൂന്നാറിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുന്നതിനാണ് ജില്ലാ ടൂറിസം വകുപ്പിന്റെ നേത്യത്വത്തില്‍ ഗവ. കോളേജിന് സമീപത്തെ 5 ഏക്കര്‍ ഭൂമിയില്‍ മൂന്നുക്കോടി രൂപ ചിലവഴിച്ച് ബൊട്ടാണിക്ക് ഗാര്‍ഡന്‍ നിര്‍മ്മിച്ചത്. 

തൊഴിലാളികളുടെ വിദ്യാസമ്പന്നരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി വാഗ്ദാനം നല്‍കിയാണ് ഗാര്‍ഡന്റെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തീകരിച്ചത്. തൊഴിലാളികള്‍ക്ക് ഹൗസിംഗ് കോളനി നിര്‍മ്മിക്കാന്‍ മാറ്റിവെച്ചിരുന്ന ഭൂമിയിലാണ് ഗാര്‍ഡന്‍ നിര്‍മ്മിക്കുന്നതെന്ന ആരോപണം ശക്തമായപ്പോള്‍  തൊഴിലാളികളുടെ ജോലി സാധ്യത ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ലാതാക്കുന്നതായി സിപിഎം പ്രവര്‍ത്തകര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതോടെ ആരോപണങ്ങളില്‍ നിന്നും പലരും പിന്‍മാറി. 

എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബൊട്ടാണിക്ക് ഗാര്‍ഡനിലെ കച്ചവടസ്ഥാപനങ്ങളും ഗാര്‍ഡന്റെ നടത്തിപ്പ് ചുമലതയും വന്‍കിടക്കാര്‍ക്ക് തീറെഴുതിയിരിക്കുകയാണെന്ന് സിപിഐ ആരോപിക്കുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സിപിഐ മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തില്‍ ഗാര്‍ഡന് മുന്നില്‍ ഉപവാസ സമരം സംഘടിപ്പിക്കുന്നതെന്ന് സെക്രട്ടറി പളനിവേല്‍ ജില്ലാ കമ്മറ്റിയംഗം ചന്ദ്രപാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

'ആയിരക്കണക്കിന് തൊഴിലാളികളുടെ മക്കളാണ് ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജോലിക്കായി കാത്തിരിക്കുന്നത്. ഹൈഡല്‍ ടൂറിസം പാര്‍ക്കില്‍ ട്രേഡ് യൂണിയന്‍ നേതാവിന്റെ മകന് ജോലി നല്‍കിയപ്പോഴും തൊഴിലാളികളുടെ മക്കളെ ഒഴിവാക്കി. സ്വകാര്യ ലാഭത്തിനായി പാര്‍ക്കില്‍ സൊസൈറ്റിയുടെ പേരില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴും യൂണിയന്‍ നേതാക്കളുടെ ബന്ധുക്കള്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. ഇത്തരം വ്യവസ്ഥകള്‍ മാറ്റുന്നതിനായി നടത്തുന്ന സമരത്തില്‍ പാര്‍ട്ടി ഭേതമന്യേ എല്ലാ ഉദ്യോഗാര്‍ത്ഥികളും പങ്കെടുക്കണമെന്നാണ് ആവശ്യം.

click me!