വയനാട്ടില്‍ ഭൂമി അളക്കാനെത്തിയ ഉദ്യോഗസ്ഥരെ ഒമ്പതാംതവണയും തടഞ്ഞു; ആത്മഹത്യശ്രമവും, അറസ്റ്റും

Published : Dec 09, 2020, 09:58 AM IST
വയനാട്ടില്‍ ഭൂമി അളക്കാനെത്തിയ ഉദ്യോഗസ്ഥരെ ഒമ്പതാംതവണയും തടഞ്ഞു; ആത്മഹത്യശ്രമവും, അറസ്റ്റും

Synopsis

നിരവധി കുടുംബങ്ങള്‍ വര്‍ഷങ്ങളായി താമസിക്കുന്ന ഭൂമി അളക്കാനെത്തിയ കോടതി കമ്മീഷന്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ കുട്ടികളും സ്ത്രീകളും ഉള്‍പ്പെട്ട സമരക്കാര്‍ തടഞ്ഞു. മണിക്കൂറുകളോളം നീണ്ട സംഘര്‍ഷത്തിനൊടുവില്‍ പ്രതിഷേധക്കാരില്‍ ഒരാള്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ തുനിഞ്ഞതോടെ പോലീസും ഉദ്യോഗസ്ഥരും പിന്‍മാറി.

കല്‍പ്പറ്റ: നിരവധി കുടുംബങ്ങള്‍ വര്‍ഷങ്ങളായി താമസിക്കുന്ന ഭൂമി അളക്കാനെത്തിയ കോടതി കമ്മീഷന്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ കുട്ടികളും സ്ത്രീകളും ഉള്‍പ്പെട്ട സമരക്കാര്‍ തടഞ്ഞു. മണിക്കൂറുകളോളം നീണ്ട സംഘര്‍ഷത്തിനൊടുവില്‍ പ്രതിഷേധക്കാരില്‍ ഒരാള്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ തുനിഞ്ഞതോടെ പോലീസും ഉദ്യോഗസ്ഥരും പിന്‍മാറി. സമരത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ വൃദ്ധനെ ആശുപത്രിയിലാക്കി. വയനാട് ജില്ലയിലെ വടുവന്‍ചാലിനടുത്ത് മുപ്പൈനാട് പഞ്ചായത്തിലുള്‍പ്പെട്ട കാടാശ്ശേരിയിലാണ് സംഭവം. ഉദ്യോഗസ്ഥരെ സമരക്കാര്‍ മണിക്കൂറുകളോളം തടഞ്ഞുവെക്കുകയും ചെയ്തു. 

സ്വകാര്യ വ്യക്തി നേടിയ കോടതി നിര്‍ദേശം നടപ്പാക്കാനായി ഇന്ന് രാവിലെയാണ് കമ്മീഷനും സംഘവം കാടാശ്ശേരിയില്‍ എത്തിയത്. രണ്ട് ഡി.വൈ.എസ്.പി. മാരുടെ നേതൃത്വത്തില്‍ മുന്നൂറോളം വരുന്ന പോലീസ് സംഘവും ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്നു. സംഘര്‍ഷമുണ്ടായാല്‍  നേരിടാന്‍ ജലപീരങ്കിയടക്കമുളളവ സജ്ജമാക്കിയിരുന്നു. കോടതിയുടെ നിര്‍ദേശം നടപ്പാക്കാന്‍ സഹകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തീകരിക്കാനായില്ല. ഔദ്യോഗിക നടപടി തടസ്സപ്പെടുത്തിയതിന് സ്ത്രീകളടക്കം 20 പേരെ പോലീസ് അറസ്റ്റുചെയ്ത് കൊണ്ടു പോയി. 

ഒമ്പതാംതവണയാണ് ഉദ്യോഗസ്ഥര്‍ ഭൂമിയളക്കാനെത്തുന്നത്. മുമ്പ് എട്ട് തവണയും മടങ്ങിയതിനാല്‍ സര്‍വ്വസന്നാഹവുമായി എത്തിയിട്ടും ഇത്തവണയും മടങ്ങേണ്ടിവന്നു. 145 കുടുംബങ്ങളാണ് ഇവിടെയുള്ളത്. നിലമ്പൂര്‍ കോവിലകത്തിന്റെ ഉടമസ്ഥതയില്‍ ആയിരുന്ന ഭൂമി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏക്കറിന് 600 രൂപ നിശ്ചയിച്ച് കുടുംബങ്ങള്‍ വില കൊടുത്ത് വാങ്ങിയതാണെന്ന് പറയുന്നു. ഭൂമിക്ക് കോവിലകം പട്ടയവും നല്‍കിയിരുന്നു. 78 മുതല്‍ സര്‍ക്കാരിലേക്ക് നികുതിയും നല്‍കുന്നതായി ഇവർ പറയുന്നു. 

കോടതിയില്‍ നിന്ന് ഉത്തരവ് നേടിയ പരാതിക്കാരനും കോഴിക്കോട് സ്വദേശിയുമായ സ്വകാര്യവ്യക്തി മരം മുറിക്കാനും ഏലകൃഷിക്കും കോവിലകത്തിന്റെ അധികാരികളില്‍ നിന്നും ഇതേ ഭൂമി മുമ്പ് പാട്ടത്തിനെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. ഈ സമയത്ത് കോവിലകത്തിന്റെ ജോലിക്കാരായി ഇവിടെ താമസിച്ചു വന്നവരാണ് കുടുംബങ്ങളില്‍ പലരും. 2006 ലാണ് സ്വകാര്യവ്യക്തി ഭൂമിയുടെ അവകാശം തെളിയിക്കണമെന്നാവശ്യപ്പെട്ട് സുല്‍ത്താന്‍ബത്തേരി കോടതിയിലെത്തിയത്. തുടര്‍ന്ന് 2008 ലാണ് ആദ്യമായി ഭൂമി അളക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തുന്നത്. കേസില്‍ പാട്ടാവകാശ തീറാധാരത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടിക്കൊരുങ്ങുന്നതെന്നും സമരസമിതി കണ്‍വീനര്‍ എം.എസ്. സുനില്‍ പറഞ്ഞു.  

സമരക്കാരും കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം കോടതി നിര്‍ദേശം നടപ്പിലാക്കാതെ പിന്‍മാറില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ
ഫ്രഷേഴ്സ് ഡേയിൽ പങ്കെടുത്ത് മടങ്ങവെ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചു, 19കാരന് ദാരുണാന്ത്യം