
കല്‍പ്പറ്റ: മീനങ്ങാടിയില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ പൂപ്പല്‍ ബാധിച്ച പന്നിയിറച്ചി പിടികൂടി. മീനങ്ങാടിയിലെ 'ഫ്രഷ് പന്നിസ്റ്റാളി'ല്‍ നിന്നുമാണ് പൂപ്പല്‍ ബാധിച്ച് ഉപയോഗശൂന്യമായ പന്നിയിറച്ചി പിടികൂടിയത്. പന്നിയിറച്ചി വിൽക്കുന്ന സ്റ്റാൾ ആരോഗ്യ വകുപ്പ് അടപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 9.30 ഓടെ മീനങ്ങാടി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗീതയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മാര്‍ക്കറ്റ് റോഡിന് സമീപത്തെ ഫ്രഷ് പന്നി സ്റ്റാളില്‍ പഴകിയ പന്നിമാംസം വില്‍പ്പനക്ക് വെച്ചതായി കണ്ടെത്തിയത്.
25 കിലോയോളം വരുന്ന മാംസം പൂപ്പല്‍ നിറഞ്ഞ അവസ്ഥയിലാണുണ്ടായിരുന്നത്. സ്ഥാപനത്തില്‍ നിന്ന് ഹെല്‍ത്ത് കാര്‍ഡോ മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ ലൈസന്‍സോ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ ലൈസന്‍സാണ് സ്ഥാപനത്തിലുണ്ടായിരുന്ന ജീവനക്കാരന്‍ ഹാജരാക്കിയതെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗീത പറഞ്ഞു. സ്ഥാപനം അടച്ചു പൂട്ടുകയും കണ്ടെടുത്ത മാംസം ആരോഗ്യ വകുപ്പ് ഫെനോയില്‍ ഒഴിച്ച് നശിപ്പിക്കുകയും ചെയ്തു.
അതേസമയം, കഴിഞ്ഞ ജൂലൈയില്‍ മാനന്തവാടിയില്‍ പഴകിയതും പുഴുക്കൾ നിറഞ്ഞതുമായ ബീഫ് പിടിച്ചെടുത്തിരുന്നു. കോറോം ചോമ്പാല്‍ ബീഫ് സ്റ്റാറ്റാളാണ് പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതര്‍ പൂട്ടിച്ചത്. പഴകിയതും പുഴുക്കളുളളതുമായ ഇറച്ചി വിറ്റുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു നടപടി. പരിശോധനയില്‍ പഴകിയ മാംസം കണ്ടെത്തി നശിപ്പിക്കുകയും തുടര്‍ന്ന് ബീഫ് സ്റ്റാള്‍ അടച്ചുപൂട്ടിക്കുകയും ചെയ്തു. 2019 ഒക്ടോബറില്‍ മാനന്തവാടി നഗരസഭ പരിധിയിലെ എരുമ തെരുവിലും നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ മാട്ടിറച്ചി പിടികൂടിയിരുന്നു.
എന്നാല്‍ ഈ വിവരം പുറത്തറിഞ്ഞത് ഒരു ദിവസത്തിന് ശേഷമായിരുന്നു. ഇത് വലിയ വിവാദത്തിന് വഴി വെച്ചിരുന്നു. മാരുതി തീയേറ്ററിന് സമീപത്തെ സ്റ്റാളുകളില്‍ നിന്നും എരുമത്തെരുവിലെ താല്‍ക്കാലിക മത്സ്യമാര്‍ക്കറ്റിന്റെ സമീപത്തെ ഒരു സ്റ്റാളില്‍ നിന്നുമാണ് ഭക്ഷ്യയോഗ്യമല്ലാത്തതും പഴകിയതുമായ മാട്ടിറച്ചി അന്ന് പിടിച്ചെടുത്തിരുന്നത്. ഈ വിവരം അധികൃതര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത് ഒരു ദിവസം വൈകി നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു. കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇക്കാര്യം പുറമെ ഉള്ളവര്‍ക്ക് അറിവുണ്ടായിരുന്നില്ല. തുടര്‍ന്നാണ് പരിശോധന വിവരം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരില്‍ ചിലര്‍ രംഗത്ത് വന്നത്.
തലസ്ഥാനത്ത് അമിത വേഗതയിലെത്തിയ കാർ തലകുത്തനെ മറിഞ്ഞു! പിന്നാലെ കാറിലുളളവർ ഓടിരക്ഷപ്പെട്ടു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam