
കോഴിക്കോട്: താമരശ്ശേരി പൂനൂർ പുഴയിൽ അപകടത്തിൽ പെടുന്നവർക്ക് രക്ഷപ്പെടുകയെന്നത് അത്ര എളുപ്പമുളള കാര്യമല്ല. ഈ പുഴയിൽ ഒഴുക്കിൽപെട്ട് 12 മണിക്കൂറിന് ശേഷം അത്ഭുതകരമായി രക്ഷപ്പെട്ട 70 വയസുകാരിയാണിപ്പോൾ താരം. ഇന്നലെ വൈകീട്ട് കുളിക്കാനിറങ്ങിയപ്പോഴാണ് കമലാക്ഷിയമ്മ അപകടത്തിൽ പെട്ടത്. തുടർന്ന് മണിക്കൂറുകളോളം തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് കാണാതായ ഇടത്ത് നിന്ന് 200 മീറ്ററോളം താഴെയുളള പാറയിൽ വൃദ്ധയെ കണ്ടെത്തിയത്.
കമലാക്ഷിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്നലെ വൈകിട്ട് കടുവാക്കുന്ന് ആനക്കയം ഭാഗത്താണ് ഇവർ ഒഴുക്കിൽ പെട്ടത്. വലിയ ഒഴുക്കുള്ള സ്ഥലമാണിത്. അതുകൊണ്ട് തന്നെ ഈ രക്ഷപ്പെടൽ അത്ഭുതമായി തന്നെയാണ് നാട്ടുകാരും കാണുന്നത്. ഇന്നലെ വൈകിട്ട് ഇവരെ കാണാതായതോടെ വലിയ രീതിയിൽ തെരച്ചിൽ നടത്തിയിരുന്നു. രാത്രി 12 മണിക്ക് ഇവരുടെ ചെരിപ്പ് ഈ ഭാഗത്ത് നിന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നരിക്കുനി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ തെരച്ചിൽ നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ ആരംഭിച്ചിരുന്നു. ഒഴുക്കിൽ പെട്ട സ്ഥലത്ത് നിന്ന് 200 മീറ്ററോളം താഴെ പുഴക്ക് നടുവിലെ പാറയിൽ അബോധാവസ്ഥയിലാണ് ഇവരെ കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam