
തിരുവനന്തപുരം: കണ്ണിനെ ബാധിച്ച ക്യാൻസർ രോഗത്തിന്റെ ചികിത്സക്കായി ഒന്നര വയസുകാരി അന്‍വിതയും രക്ഷിതാക്കളും ഇന്ന് രാവിലെ ആലപ്പുഴ ചേര്‍ത്തലയില്‍ നിന്ന് ആംബുലന്‍സില്‍ ഹൈദരാബാദിലേക്ക് തിരിച്ചു. ഹൈദരബാദ് എല്‍.വി. പ്രസാദ് അശുപത്രിയില്‍ തിങ്കളാഴ്ചയാണ് ചികിത്സ ആരംഭിക്കുന്നത്.
മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പ്രശ്‌നത്തിൽ ഇടപെട്ടതോടെയാണ് കുട്ടിയുടെ ചികിത്സ യാഥാര്‍ത്ഥ്യമായത്. ചികിത്സയ്ക്ക് ശേഷം കുട്ടിയെ ഇതേ ആംബുലന്‍സില്‍ തിരികെ വീട്ടിലെത്തിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
ലോക്ക് ഡൗണ്‍ കാലമായതിനാല്‍ വളരെയേറെ ബുദ്ധിമുട്ടിയാണ് കുഞ്ഞിനെയും മാതാപിതാക്കളെയും ഹൈദരബാദില്‍ എത്തിക്കാന്‍ സംവിധാനമൊരുക്കിയത്. കേരള സാമൂഹ്യ സുരക്ഷാ മിഷനാണ് കുഞ്ഞിനെ ഹൈദരാബാദിലെത്തിക്കാന്‍ ആവശ്യമായ യാത്ര സൗകര്യം ഏര്‍പ്പെടുത്തിയത്. യാത്ര അനുമതിയും ആംബുലന്‍സ് കടന്നു പോകുന്ന മറ്റ് സംസ്ഥാനക്കള്‍ക്കുള്ള നിര്‍ദ്ദേശവും പൊലീസ് ആസ്ഥാനത്ത് നിന്ന് നല്‍കിയിരുന്നു.
യാത്ര ചെലവും മറ്റും സര്‍ക്കാരാണ് വഹിക്കുന്നത്. ആലപ്പുഴ ചേര്‍ത്തലയില്‍ നിന്ന് ഇന്ന് രാവിലെ 7.15ന് യാത്ര തിരിച്ച ആംബുലന്‍സ് രാത്രി 11 മണിയോടെ ഹൈദരാബാദിലെത്തും. സാമൂഹ്യ സുരക്ഷാ മിഷന്‍ ഉദ്യോഗസ്ഥര്‍ രാവിലെ വീട്ടിലെത്തി രക്ഷിതാക്കള്‍ക്ക് യാത്ര ചെലവിന് ആവശ്യമായ തുക കൈമാറി.
കണ്ണിലെ പ്രത്യേക ക്യാന്‍സര്‍ (റെറ്റിനോ ബ്ലാസ്‌റ്റോമ) ബാധയെ തുടര്‍ന്ന് ചേര്‍ത്തല നഗരസഭ 21ാം വാര്‍ഡ് മുണ്ടുവെളി വിനീത് വിജയന്റെയും ഗോപികയുടെയും മകളായ അന്‍വിത നാളുകളായി എല്‍.വി.പ്രസാദ് ആശുപത്രിയിലും അപ്പോളോ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam