
കല്‍പ്പറ്റ: വയനാട് മീനങ്ങാടിയിൽ കര്‍ണാടക ആര്‍ടിസി യാത്രക്കാരനിൽ നിന്ന് കുഴൽപ്പണം പിടിച്ചു. ഒന്നരക്കോടി രൂപയോളം കുഴൽപ്പണമാണ് എക്സൈസ് പിടികൂടിയത്. ഇന്ന് പുലർച്ചെ മൂന്നുമണിക്ക് മൈസൂരു- കോഴിക്കോട് ദേശീയപാതയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. സംഭവത്തിൽ മലപ്പുറം തിരൂരങ്ങാടി വള്ളിക്കുന്ന് സ്വദേശി അബ്ദുൾ റസാഖ് ആണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കര്‍ണാടക ആര്‍ടിസിയുടെ വോള്‍വോ സ്ലീപ്പര്‍ ബസിൽ മീനങ്ങാടിയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഇതിലെ യാത്രക്കാരനായ അബ്ദുൽ റസാഖിനെ കുഴൽപ്പണവുമായി പിടികൂടിയത്. പരിശോധനയിൽ നിയമവിരുദ്ധമായി രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന 1.36 കോടി രൂപ കണ്ടെടുത്തത്.
പണം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട യാതൊരു രേഖകളും ഇയാളുടെ കൈവശമുണ്ടായിരുന്നില്ല. വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ എം കെയുടെയും എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബാബുരാജിന്‍റെയും നേതൃത്വത്തിലുള്ള സംഘം ഇന്ന് പുലർച്ചെ മൂന്നുമണിയോടുകൂടിയാണ് മൈസൂരു -കോഴിക്കോട് ദേശീയപാതയിൽ മീനങ്ങാടിക്ക് സമീപം വെച്ചാണ് വാഹന പരിശോധന നടത്തിയത്.
എക്സൈസ് വകുപ്പ് സംസ്ഥാനതലത്തിൽ നടത്തിയ വാഹന പരിശോധനയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇത്രയും പണം പിടികൂടിയത്. അസി. എക്സൈസ് ഇൻസ്പെക്ടർ ഹരിദാസ്. എം.ബി, പ്രിവന്‍റീവ് ഓഫീസർ പ്രകാശൻ കെ.വി, സിവിൽ എക്സൈസ് ഓഫീസർമാരായ നിഷാദ് വി. ബി, അമൽ തോമസ് എം. ടി, ബിനു എം. എം, അജ്മൽ കെ, വനിത സിവിൽ എക്‌സൈസ് ഓഫീസർ സിനി പി. എം, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ ബാലചന്ദ്രൻ കെ.കെ എന്നിവർ സംഘത്തിലുണ്ടായിരുന്നു. പിടികൂടിയ തുക തുടർ നടപടികൾക്കായി ആദായനികുതി വകുപ്പിന് കൈമാറുമെന്ന് വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ ജെ ഷാജി അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam