സ്വപ്നം കാണാത്തവരാണ് ! അവരെ അത് പഠിപ്പിക്കുകയാണവര്‍

By Web TeamFirst Published Jan 27, 2019, 10:19 PM IST
Highlights

ഉറിതൂക്കി മലയിലെ റിപ്പബ്ലിക്ക് ദിനാഘോഷം ഒരു ചരിത്ര നിമിഷമാണ്. പൂർണമായും പരസഹായം ആവശ്യമായ 20 കുട്ടികളും അവരുടെ രക്ഷിതാക്കളും മലകയറി. കൂട്ടിന് കുന്നുമ്മൽ ബിആർസി പ്രവർത്തകരും കുറ്റ്യാടി പൊലീസും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഭരണാധികാരികളും ഉണ്ടായിരുന്നു.

കോഴിക്കോട്: ഉറിതൂക്കി മലയിലെ റിപ്പബ്ലിക്ക് ദിനാഘോഷം ഒരു ചരിത്ര നിമിഷമാണ്. പൂർണമായും പരസഹായം ആവശ്യമായ 20 കുട്ടികളും അവരുടെ രക്ഷിതാക്കളും മലകയറി. കൂട്ടിന് കുന്നുമ്മൽ ബിആർസി പ്രവർത്തകരും കുറ്റ്യാടി പൊലീസും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഭരണാധികാരികളും ഉണ്ടായിരുന്നു.

റിപ്പബ്ലിക് ദിനത്തില്‍ അവര്‍ മലമുകളില്‍ പതാക ഉയര്‍ത്തി. ആ യാത്രയില്‍ ജീവിതത്തിലാധ്യമായി അവർ ലോകം കണ്ടു. പതഞ്ഞൊഴുകുന്ന നദികളും  ചിറകുവീശി പറക്കുന്ന പക്ഷികളും പൂക്കളും പൂമ്പാറ്റകളുമടക്കം ഇന്നേവരെ കണ്ടതിൽ നിന്നും  വ്യത്യസ്ഥമായ മറ്റൊരു ലോകം. ജീവിതം ഒരു സ്വതന്ത്ര റിപബ്ലിക് ആണെന്ന് ഈ കുട്ടികൾ പ്രഖ്യാപിച്ചിരിക്കുന്നു. കുന്നുമ്മൽ ബിആർസിയിലെ ഭിന്നശേഷിയുള്ള കുട്ടികളാണ് സ്വാതന്ത്ര്യത്തിന്റെ പതാകയുമായി ഇന്നലെ ഉറിതൂക്കിമല കയറിയത്.

ജീവിതത്തിലാദ്യമായി ഈ കുട്ടികൾ ലോകം മറ്റെന്തൊക്കെയോ കൂടിയാണെന്ന് തിരിച്ചറിയികയായിരുന്നു. മകരത്തണുപ്പിൽ അവരും പശ്ചിമഘട്ട ജൈവ വൈവിധ്യത്തിന്റെ സൗന്ദര്യം ആസ്വദിച്ചു. വീല്‍ചെയറില്‍ വീട്ടില്‍ തന്നെ കഴിയുന്നവര്‍, അങ്ങനെയല്ലെങ്കില്‍ പുറംലോകമെന്തെന്ന് അറിയാത്തവരെന്ന് അതിശയോക്തിയില്ലാതെ പറയാവുന്നവര്‍, അവരായിരുന്നു ഇന്നുവരെ സ്വപ്നം കാണാത്ത യാഥാര്‍ഥ്യം സാധ്യമാക്കിയത്.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്, കുറ്റ്യാടി ജനമൈത്രി പൊലീസ്, ഫോറസ്റ്റ്, ഹെൽത്ത് ഡിപ്പാർട്ട്മെന്‍റുകൾ, ബിആർസി പ്രവർത്തകർ, പാലിയേറ്റീവ് പ്രവർത്തകർ, സീനിയർ സിറ്റിസൺ ഫോറം എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പും റിപബ്ലിക് ദിന പരിപാടികളും സംഘടിപ്പിച്ചത്. 

ഇതിന്‍റെ പിന്നില്‍ മഹത്തായ ലക്ഷ്യങ്ങളുണ്ട്. വീടിന് പുറത്തെ വെളിച്ചം കാണാത്ത കുട്ടികള്‍ ഇനിയുണ്ട്. വാര്‍ത്തയില്‍ ഞങ്ങളുടെ പേരുകള്‍ നല്‍കണമെന്നില്ല എങ്കിലും ഇങ്ങനെയൊരു യാത്ര നടത്തിയത് പുറംലോകം അറിയണം. ലോകം കാണണം അത് മറ്റ് ബിആര്‍സികള്‍ക്കും മാതൃകയാവണം.  കുന്നുമ്മല്‍ ബിആര്‍സിയിലെ റിസോഴ്സ് അധ്യാപകന്‍ കൂടിയായ ആദിത്ത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. സംസ്ഥാനത്തെ മികച്ച റിസോഴ്സ് അധ്യാപകനായി ഈ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടതും ആദിത്തായിരുന്നു.

കലാപരിപാടികൾ, നക്ഷത്ര നിരീക്ഷണം, ഗാനമേള, ക്യാമ്പ് ഫയർ എന്നിവയൊക്കെ അവരും അറിയണം. മാറ്റിനിര്‍ത്തപ്പെട്ടവരായി അവര്‍ക്ക് തോന്നരുത്. അതിനു വേണ്ടിയാണ് ഇതൊക്കെ ഒരുക്കിയത്. ഒരു റിസോഴ്സ് അധ്യാപകന് ചെയ്യാനാകുന്നതില്‍ പരിമിതിയുണ്ട്. ഇത്തരമൊരു പരിപാടി നടത്താന്‍ എല്ലാ കാര്യങ്ങളും ചെയ്ത് തന്നത് കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ സജിത്താണ്. അദ്ദേഹം നല്‍കിയ പിന്തുണയാണ് ഞങ്ങളെ സംബന്ധിച്ചോളം ചരിത്രനിമിഷം സമ്മാനിച്ചതെന്നും ആദിത്ത് കൂട്ടിച്ചേര്‍ത്തു.

click me!