അമേരിക്കയിൽ താമസമാക്കിയ ആളുടെ ഒന്നര കോടിയുടെ വീടും സ്ഥലം സിംപിളായി പേരിലാക്കി വിറ്റ സംഭവം; 'മെറിനെ വളര്‍ത്തുമകളാക്കിയ' അൻവര്‍ കൂടി അറസ്റ്റിൽ

Published : Aug 02, 2025, 11:13 AM ISTUpdated : Aug 02, 2025, 11:50 AM IST
Fraud case

Synopsis

ഒന്നരക്കോടി രൂപ വിലവരുന്ന വീടും വസ്തുവും വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. 

 തിരുവനന്തപുരം: ഒന്നരക്കോടി രൂപ വിലവരുന്ന വീടും വസ്തുവും വ്യാജ രേഖകളുണ്ടാക്കി തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തമലം സ്വദേശി സയ്യിദ് അബ്ദുൾ ഖാദറിൻ്റെ മകൻ അൻവർ എന്ന സയ്യിദ് അലി (47) യെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിലെ ഒന്നാം പ്രതിയായ മണികണ്ഠന്, കേസിൽ ഉൾപ്പെട്ട മെറിൻ ജേക്കബിനെ പരിചയപ്പെടുത്തിയത് അൻവർ ആണെന്ന് പോലീസ് പറഞ്ഞു. രജിസ്ട്രാർ ഓഫീസിൽ മെറിനെ കാറിൽ എത്തിച്ചതും അൻവർ തന്നെയാണ്.

അൻവറിൻ്റെ പൈപ്പിൻമൂട്ടിലുള്ള 'വെഗ്രോ' എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് മെറിൻ. അൻവർ തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പിന്നോക്ക വിഭാഗക്കാരെ ആക്രമിച്ച കേസിലും പ്രതിയാണെന്നും പോലീസ് അറിയിച്ചു. എസിപി സ്റ്റുവർട്ട് കീലറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സി.ഐ. വിമൽ, എസ്.ഐ.മാരായ വിപിൻ, ബാലസുബ്രഹ്മണ്യൻ, സി.പി.ഒ.മാരായ രഞ്ജിത്, ഷിനി, ഉദയൻ, അനൂപ് സാജൻ, ഡിക്സൺ, അരുൺ, ഹൈനസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കേസും വിശദാംശങ്ങളും

വ്യാജരേഖ ചമച്ചും ആൾമാറാട്ടം നടത്തിയും തിരുവനന്തപുരം നഗരത്തിലെ അമേരിക്കൻ സ്വദേശിയുടെ വീടും സ്ഥലവും വിദേശവാസിയായ ഉടമ അറിയാതെ ഒന്നരക്കോടി രൂപയ്ക്ക് മറിച്ചുവിറ്റെന്നതാണ് കേസ്. തട്ടിപ്പിന്‍റെ പ്രധാന സൂത്രധാരൻ വെണ്ടർ അനന്തപുരി മണികണ്ഠന്റെ അനുജനായ ആറ്റുകാൽ പുത്തൻകോട്ട സ്വദേശി മഹേഷിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

വ്യാജമായുണ്ടാക്കിയ ആധാരം ജനറേറ്റ് ചെയ്‌തിരിക്കുന്നതും ആധാരമെഴുത്തുകാരനായ മഹേഷിന്റെ ലൈസൻസ് നമ്പർ ഉപയോഗിച്ചാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മ്യൂസിയം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ആധാരം രജിസ്റ്റർ ചെയ്യണമെങ്കിൽ ഇ - സ്റ്റാമ്പ് ജനറേറ്റ് ചെയ്യുകയും രജിസ്റ്റർ ഫീസ് അടയ്ക്കുകയും ചെയ്യണം. ഇതിനായി മഹേഷിന്റെ യൂസർ ഐ ഡിയും പാസ്‌വേർഡും ഉപയോഗിച്ചാണ് വ്യാജമായി നിർമ്മിച്ച ധനനിശ്ചയ ആധാരവും വിലയാധാരവും ജനറേറ്റ് ചെയ്‌തിരിക്കുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അമേരിക്കയിൽ താമസിക്കുന്ന ഡോറ അസറിയ ക്രിപ്‌സിന്റെ വസ്തുവും വീടുമാണ് മെറിൻ ജേക്കബ് എന്നയാൾക്ക് ഉടമയറിയാതെ എഴുതിക്കൊടുക്കുകയും പിന്നാലെ ചന്ദ്രസേനൻ എന്നയാൾക്ക് മറിച്ചുവിൽക്കുകയും ചെയ്തത്. ഡോറയുടെ വളർത്തുമകളാണ് മെറിൻ ജേക്കബെന്ന് വരുത്തിത്തീർത്താണ് വസ്തു കൈമാറ്റം നടത്തിയത്. ഡോറയുടെ വളര്‍ത്തു മകളെന്ന വ്യാജേന മെറിന്റെ പേരില്‍ ജനുവരിയിൽ വസ്തു രജിസ്റ്റര്‍ ചെയ്തായിരുന്നു തട്ടിപ്പ്. വസ്തുവിന്റെ മേല്‍നോട്ടത്തിനു ഡോറ ചുമതലപ്പെടുത്തിയിരുന്ന കെയര്‍ടേക്കര്‍ കരം അടക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പിന്നാലെയാണ് പരാതി നൽകിയത്.

കേസിൽ മെറിൻ ജേക്കബിനെയും ഡോറയായി ആൾമാറാട്ടം നടത്തിയ വസന്തയെയും പൊലീസ് നേരത്തെ പിടികൂടിയിരുന്നു. മുഖ്യപ്രതിയായ മെറിനാണ് ഇപ്പോൾ ജാമ്യം ലഭിച്ചത്. വ്യാജമായി ആധാരവും മറ്റ് രേഖകളുമുണ്ടാക്കിയെന്ന് സംശയിക്കുന്ന അനന്തപുരി മണികണ്ഠൻ ഒളിവിലാണ്. തട്ടിപ്പിനായി മെറിന്റെ ആധാര്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കിയിരുന്നു. ആധാര്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മെറിന്‍ പിടിയിലായത്. വ്യാജ പ്രമാണം, വ്യാജ ആധാര്‍ കാര്‍ഡ്, എന്നിവ മ്യൂസിയം പൊലീസ് കണ്ടെത്തുകയും രജിസ്ട്രാര്‍ ഓഫീസിലെ രേഖകള്‍ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് ഫിംഗര്‍ പ്രിന്‍റ് ബ്യൂറോയുടെ സഹായത്താല്‍ വിരലടയാളങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും. ഒളിവിലുള്ള അനന്തപുരി മണികണ്ഠനെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാണെന്ന് പൊലീസ് വ്യക്തമാക്കി.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
വെള്ളിയാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മധ്യവയസ്‌കന്റെ ജഡം