കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി രോഗമുക്തി; നിരീക്ഷണം പൂര്‍ത്തിയാക്കിയത് 22,040 പേര്‍

By Web TeamFirst Published Apr 30, 2020, 7:10 PM IST
Highlights

216 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. ജില്ലയില്‍ 2310 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 9030 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. 

കോഴിക്കോട്: ജില്ലയില്‍ ഇന്ന് ഒരാള്‍ കൂടി രോഗമുക്തി നേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. അഴിയൂര്‍ സ്വദേശിയാണ് രോഗമുക്തനായത്. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയ കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 21 ആയി. ഒരു തമിഴ്‌നാട് സ്വദേശി ഉള്‍പ്പെടെ മൂന്ന് പേരാണ് ജില്ലയില്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതുകൂടാതെ ഒരു കണ്ണൂര്‍ സ്വദേശിയും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്.  

ഇന്ന് 24 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതോടെ നിരീക്ഷണകാലയളവ് പൂര്‍ത്തിയാക്കിയവരുടെ എണ്ണം 22,040 ആയി. ഇപ്പോള്‍ 1247 പേര്‍ നിരീക്ഷണത്തിലുണ്ട്. പുതുതായി വന്ന 15 പേര്‍ ഉള്‍പ്പെടെ 42 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 26 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
  
ഇന്ന് 69 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 1475 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1400 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1370 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 75 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. 

ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. 

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 18 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. 216 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. ജില്ലയില്‍ 2310 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 9030 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പുതുപ്പാടിയില്‍ മൈക്ക് പ്രചരണം നടത്തി.

click me!