Alappuzha Bypass Accident : ആലപ്പുഴ ബൈപാസ്‌ തുറന്നിട്ട്‌ ഒരു വര്‍ഷം; പൊലിഞ്ഞത്‌ ഒന്‍പത്‌ ജീവനുകള്‍

By Web TeamFirst Published Jan 24, 2022, 5:52 PM IST
Highlights

ആലപ്പുഴ ബൈപാസ്‌ തുറന്നിട്ട് ഒരു വർഷമാകുമ്പോൾ ഇതുവരെ പൊലിഞ്ഞത്‌ ഒന്‍പത്‌ ജീവനുകളാണ്‌. 35 ഓളം പേര്‍ക്ക്‌ പരുക്കേറ്റിട്ടുണ്ട്‌...

ആലപ്പുഴ: അപകടമേഖലയായി മാറിയ ആലപ്പുഴ ബൈപാസില്‍ (Alappuzha Bypass) ഒരുജീവന്‍ കൂടി ഇന്നലെ  പൊലിഞ്ഞു. ഇതുവരെ പൊലിഞ്ഞത്‌ ഒന്‍പത്‌ ജീവനുകളാണ്‌ (Accident Death). 35 ഓളം പേര്‍ക്ക്‌ പരുക്കേറ്റിട്ടുണ്ട്‌. പിതൃസഹോദരനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കാറിടിച്ച്‌ ഗുരുതരമായി പരുക്കേറ്റ 11 വയസുകാരിയാണ്‌ ഇന്നലെ മരിച്ചത്‌. സിപിഎം ആലപ്പുഴ ഇരവുകാട്‌ തെക്ക്‌ ബ്രാഞ്ച്‌ സെക്രട്ടറി കൊമ്പത്താംപറമ്പ്‌ ജയ്‌മോന്റെ മകള്‍ ദയ (11) ആണ്‌ മരിച്ചത്‌. 

ശനിയാഴ്‌ച വൈകിട്ട്‌ 5.30 ഓടെ ആലപ്പുഴ ബൈപാസ്‌ കളര്‍കോട്‌ ഭാഗത്താണ്‌ അപകടം നടന്നത്‌. കളര്‍കോട്‌ യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിനിയായ ദയയെ പിതൃസഹോദരന്‍ രഞ്‌ജിത്‌ പണിക്കര്‍ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുവരുന്ന വഴിയാണ്‌ അപകടം. കളര്‍കോട്‌ ബൈപാസ്‌ റോഡിലേയ്‌ക്ക്‌ പ്രവേശിക്കാനായി ബൈക്കില്‍ റോഡ്‌ മുറിച്ചുകടക്കുമ്പോള്‍ വടക്കുനിന്നു വന്ന കാറിടിച്ചു പരfക്കേല്‍ക്കുകയായിരുന്നു. 

കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി ബൈപാസില്‍ കാറും ലോറിയും കൂട്ടിയിടിച്ചു യുവാവ്‌ മരിച്ചിരുന്നു. പഴവീട്‌ മാപ്പിളശേരിയില്‍ സജീവിന്റെ മകന്‍ ജോ അബ്രാഹം (25) ആണ്‌ മരിച്ചത്‌. ബൈപാസില്‍ മാളികമുക്ക്‌ മുക്ക്‌ മേല്‍പാലത്തിനു സമീപമായിരുന്നു അപകടം. കൊമ്മാടി ഭാഗത്തുനിന്നും വന്ന ജോ അബ്രാഹം സഞ്ചരിച്ച കാറും എതിരേ പോവുകയായിരുന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റ യുവാവിനെ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

2021 ജനുവരി 28ന്‌ ബൈപാസ്‌ ഉദ്‌ഘാടനം ചെയ്‌ത ദിവസം കാറുകള്‍ കൂട്ടിയിടിച്ച്‌ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആറു പേര്‍ക്ക്‌ പരുക്കേറ്റിരുന്നു. ജനുവരി 29ന്‌ പുലര്‍ച്ചെ നാലിന്‌ തടി കയറ്റിവന്ന ലോറി കൊമ്മാടിയിലെ ടോള്‍ പ്ലാസയില്‍ ഇടിച്ചു കയറി ബൂത്ത്‌ തകര്‍ന്നു ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ ചെറുതും വലുതുമായ അഞ്ചു അപകടങ്ങളില്‍ 12 പേര്‍ക്ക്‌ പരുക്കേറ്റു. 

മാര്‍ച്ച്‌ 29ന്‌ രാത്രി കളര്‍കോട്‌ ബൈപാസില്‍ ബൈക്കില്‍ അജ്‌ഞാത വാഹനം ഇടിച്ച്‌ സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറി നീര്‍ക്കുന്നം സ്വദേശി ജി.സുധീഷ്‌ (48) മരിച്ചു.ഏപ്രില്‍ ഒന്നിന്‌ മാളികമുക്ക്‌ മേല്‍പ്പാലത്തില്‍ കാറും മിനിലോറിയും കൂട്ടിയിടിച്ച്‌ കാര്‍ ഓടിച്ച കളപ്പുര സ്വദേശി ആഷ്‌ലിന്‍ ആന്റണി (26) മരിച്ചു. സുഹൃത്ത്‌ ജിഷ്‌ണുവിനു (26) പരുക്കേറ്റു. 

ഓഗസ്‌റ്റ്‌ 10ന്‌ ഇരവുകാട്‌ ഭാഗത്ത്‌ ബൈപാസിലേക്ക്‌ കയറുന്ന ഭാഗത്ത്‌ കാര്‍ കോണ്‍ക്രീറ്റ്‌ തൂണുകളില്‍ ഇടിച്ചുമറിഞ്ഞു ഡീസല്‍ ഒഴുകിയതിനുമേല്‍ ബൈക്കും മറിഞ്ഞ്‌ അഞ്ചുപേര്‍ക്ക്‌ പരുക്കേറ്റു. ഓഗസ്‌റ്റ്‌ 31ന്‌ രാവിലെ കാഞ്ഞിരംചിറ ലെവല്‍ക്രോസിന്‌ മുകളില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ മരട്‌ സ്വദേശി സുനില്‍കുമാറും (40), ചെല്ലാനം സ്വദേശി ബാബുവും (40) മരിച്ചു. പരുക്കേറ്റ രണ്ടു പേരില്‍ ഒരാളും പിന്നീട്‌ മരിച്ചു. 

നവംബര്‍ 15ന്‌ വൈകിട്ട്‌ നാലിന്‌ ബൈപാസില്‍ കൊമ്മാടി സിഗ്‌നലിനു സമീപം മിനി ലോറി ഇടിച്ച്‌ മംഗലം പനയ്‌ക്കല്‍ മേഴ്‌സി നെല്‍സണ്‍ (50) മരിച്ചു. ഭര്‍ത്താവ്‌ മരിച്ചതിനെ തുടര്‍ന്ന്‌ വിധവാ പെന്‍ഷന്റെ അപേക്ഷ നല്‍കാന്‍ നഗരസഭയില്‍ പോയി വരികയായിരുന്നു. ഡിസംബര്‍ രണ്ടിന്‌ പുലര്‍ച്ചെ നാലിന്‌ കാഞ്ഞിരംചിറ ലവല്‍ക്രോസിനു മുകളില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അഞ്ചുപേര്‍ക്ക്‌ പരുക്കേറ്റു. മിനിലോറിയിലുണ്ടായിരുന്ന ഫൈബര്‍വള്ളം മേല്‍പ്പാലത്തില്‍നിന്നു താഴെ വീണു. 

ഡിസംബര്‍ ഒന്‍പതിനു രാത്രി 12.30നു മേല്‍പാലത്തില്‍ കുതിരപ്പന്തിക്കു സമീപം രണ്ടു ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മണ്ണഞ്ചേരി കുപ്പേഴത്ത്‌ പുത്തന്‍പുരയില്‍ വാടകയ്‌ക്ക്‌ താമസിക്കുന്ന പള്ളിപ്പറമ്പ്‌ വീട്ടില്‍ ഷിഫ്‌നാസ്‌ (22) മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരന്‌ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക്‌ പരfക്കേറ്റിരുന്നു. 2021 ജനുവരി 27നാണ്‌ ബൈപാസ്‌ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്‌.

click me!