
തിരുവനന്തപുരം: കടൽത്തിരകളോട് മല്ലടിക്കുന്നവരുടെ ജീവിതം അറിയാനായി മത്സ്യത്തൊഴിലാളിക്കുപ്പായമണിഞ്ഞ് കടലിലേക്ക് യാത്ര നടത്തി ഓൺലൈൻ മൽസ്യ കച്ചവടക്കാരി. പൂന്തുറ ചേരിയാമുട്ടം സ്വദേശിയായ ജ്യോതി(38)യാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നിന്നും കടലിൽ പോയത്. ആദ്യമായാണ് ഒരു സ്ത്രീ വിഴിഞ്ഞത്ത് നിന്ന് ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോകുന്നത്. ചെറുപ്രായത്തിൽ തന്നെ കടലിൽ നീന്തൽ പഠിച്ചിട്ടുള്ളതിനാൽ ജ്യോതിക്ക് കടലിനെ പേടിയില്ല. തൊഴിലാളികൾക്കൊപ്പം ചൂണ്ടയിട്ടു. ആദ്യമായി കിട്ടിയത് പുള്ളിക്കലവയായിരുന്നു.
ആദ്യമായി മീൻ പിടിച്ചതാണെങ്കിലും വലുപ്പത്തിൽ ചെറുതായതിനാൽ മീനിനെ കടലിലേക്ക് തിരികെ വിട്ടു. അമ്മയോടൊപ്പം മീൻ കച്ചവടം നടത്തുന്നുണ്ടെങ്കിലും മീൻപിടുത്തത്തെ കുറിച്ച് കൂടുതലറിയാനുള്ള താൽപര്യമുണ്ടായിരുന്നു. അങ്ങനെയാണ് വള്ളത്തിൽ മത്സ്യ ബന്ധനത്തിന് പോകാൻതയ്യാറായതെന്ന് അവർ പറയുന്നു. പരിചയക്കാരായ വള്ളക്കാരോട് ആഗ്രഹം പറഞ്ഞു. അപകടം നിറഞ്ഞ കടലിനെ കുറിച്ചും മത്സ്യബന്ധനത്തെക്കുറിച്ചും പറഞ്ഞു മനസിലാക്കിയെങ്കിലും പിൻമാറിയില്ല.
പിന്നെ തൊഴിലാളികൾ ഒപ്പം കൂട്ടുകയായിരുന്നു. പൂന്തുറയിൽ നിന്നും വിഴിഞ്ഞത്ത് എത്തി ഇവിടെ നിന്നും എൻജിൻ ഘടപ്പിച്ച വള്ളത്തിലാണ് കടലിൽ പോയത്. ഏകദേശം രണ്ട് മണിക്കൂറിലേറെ കടലിൽ സഞ്ചരിച്ച ശേഷമാണ് തിരികെ എത്തിയത്. ഇതിനിടയിൽ ജ്യോതി വള്ളം ഓടിച്ച് നോക്കുകയും ചെയ്തു. പൂന്തുറയിൽ മത്തിക്കര എന്ന പേരിൽ ഓൺലൈൻ മത്സ്യകച്ചവടം നടത്തുകയാണ് ജ്യോതി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam