
കോഴിക്കോട്: കോഴിക്കോട് കോർപറേഷനിലെ കോൺഗ്രസിന്‍റെ മേയർ സ്ഥാനാർഥി വി എം വിനുവിന്‍റെ പേര് വോട്ടർ പട്ടികയിലില്ലാത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് രംഗത്ത്. വി എം വിനുവിനെ വോട്ട് ചേർക്കാൻ അനുവദിക്കരുതെന്ന് സി പി എം നേതാക്കൾ കളക്ടറോട് ആവശ്യപ്പെടുന്നുവെന്ന് സിദ്ദിഖ് വിമർശിച്ചു. വി എം വിനു യഥാർത്ഥ വോട്ടറും ഇന്ത്യൻ പൗരനും ആണ്. ഭരണ സ്വാധീനം മുഴുവൻ ഉപയോഗപ്പെടുത്തി അദ്ദേഹത്തിന്‍റെ വോട്ടവകാശം നഷ്ടപ്പെടുത്താനാണ് സി പി എം ശ്രമിക്കുന്നതെന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടു. കേന്ദ്രത്തിൽ ബി ജെ പി ചെയ്യുന്നത് തന്നെയാണ് കേരളത്തിൽ സി പി എം ചെയ്യുന്നത്. നിയമപരമായ എല്ലാ നടപടികളും കോൺഗ്രസ് സ്വീകരിക്കും. വോട്ട് ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് പ്രാദേശിക തലത്തിലാണെന്നും ഒരു പൗരന് വോട്ടുണ്ട് എന്ന് ഉറപ്പിക്കേണ്ടത് രാജ്യത്തിന്‍റെ ഉത്തരവാദിത്വമാണെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.
അതേസമയം വി എം വിനുവിന് 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ട് ഉണ്ടായിരുന്നില്ലെന്ന് സി പി എം. 2020 ൽ അദ്ദേഹം വോട്ട് ചെയ്തിട്ടില്ലെന്ന് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് പറഞ്ഞു. അന്നത്തെ വോട്ടർ പട്ടികയിലും വി എം വിനു ഉൾപ്പെട്ടിരുന്നില്ല. വി എം വിനുവിന് നിയമപ്രകാരമല്ലാതെ വോട്ട് അനുവദിച്ചാൽ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വിനു വോട്ടുചെയ്തെന്ന വാദം ആവർത്തിച്ച് ഡി സി സി നേതൃത്വം രംഗത്തെത്തി. വോട്ട് ചെയ്തിരുന്നെന്ന വാദം വിനുവും ആവര്‍ത്തിച്ചു. അന്നത്തെ വോട്ടർ പട്ടിക ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ഇല്ലെന്നും അതിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ഡി സി സി പ്രസിഡന്റ് കെ പ്രവീൺകുമാർ ആരോപിച്ചു. അതേസമയം കോഴിക്കോട് കോർപറേഷൻ 19 -ാം വാർഡ് യു ഡി എഫ് സ്ഥാനാർഥി ബിന്ദു കമ്മനക്കണ്ടിയുടെ പേരും വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. വിനുവിന്റെയും ബിന്ദുവിന്റെയും കാര്യത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഡി സി സി നേതൃത്വം അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam