
കോട്ടയം: അഞ്ച് ലക്ഷം രൂപയുടെ ഓൺലൈൻ വായ്പ വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശിനിയായ വീട്ടമ്മയിൽ നിന്ന് രണ്ട് ലക്ഷം രൂപ തട്ടി. കേസിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി നഹാസ് കെ എ, പള്ളുരുത്തി തങ്ങള്‍ നഗര്‍ ഭാഗത്ത് സാദത്ത് പി റ്റി എന്നിവരാണ് അറസ്റ്റിലായത്. ഭരണങ്ങാനം സ്വദേശിനിയായ വീട്ടമ്മയെയാണ് ഇരുവരും ചേർന്ന് പറ്റിച്ചത്.
വീട്ടമ്മ തന്റെ ഫേസ്ബുക്കിൽ സ്വകാര്യ ബാങ്കിന്റെ രണ്ട് ലക്ഷം രൂപ പേഴ്സണൽ ലോണിന്റെ പരസ്യം കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുകയും തുടർന്ന് ലോണിന് അപേക്ഷിക്കുകയായിരുന്നു. അപേക്ഷ സമര്‍പ്പിച്ചതിനെ തുടർന്ന് 5 ലക്ഷം രൂപ ലോൺ ലഭിക്കുമെന്ന് ഇരുവരും വീട്ടമ്മയെ വിശ്വസിപ്പിച്ചു. ഇതിനായി പ്രോസസിങ് ഫീസും, മറ്റിനത്തിലുമായി പണം അടയ്ക്കണം എന്നുപറഞ്ഞ് ആദ്യം പണം വാങ്ങി. പിന്നീട് ലോണിന്റെ ഈടായും, പെനാൽറ്റിയായും പണം വേണമെന്ന് ആവശ്യപ്പെട്ടു. പല കുറിയായി രണ്ട് ലക്ഷം രൂപ അങ്ങനെ തട്ടി. പിന്നെയും പണം ആവശ്യപ്പെട്ടതോടെ വീട്ടമ്മയ്ക്ക് സംശയം തോന്നി പൊലിസിനെ സമീപിക്കുകയായിരുന്നു. സൈബർ സെൽ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam