33 കാരി ആര്യ ദാസ്, വീട് തിരുമല, ഫേസ്ബുക്ക് ചാറ്റിനൊടുവിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ചു, 2 മാസത്തിനുള്ളിൽ തട്ടിയത് 16.6 ലക്ഷം! റിമാൻഡിൽ

Published : Nov 19, 2025, 11:53 AM IST
Online trading fraud

Synopsis

പരാതിക്കാരനെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് സ്വകാര്യ ഷെയർ ട്രേഡിങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തിയാണ് കെണിയിലാക്കിയത്. വ്യാജ ഷെയർ ട്രേഡിങ് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് പണം തട്ടുകയായിരുന്നു.

ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയിൽ നിന്ന് 16.6 ലക്ഷം രൂപ തട്ടിയ കേസിൽ തിരുവനന്തപുരം സ്വദേശിനിയായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. തിരുവനന്തപുരം തിരുമല പുത്തേരിൽ വീട്ടിൽ ആര്യ ദാസിനെയാണ് (33) ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായതിന് പിന്നാലെ  ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച പ്രതിയെ നവംബർ 18 ന് അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഐശ്വര്യ ആൻ ജേക്കബ്ബ് മെഡിക്കൽ കോളജിലെത്തിയാണ് റിമാൻഡ് ചെയ്തത്. വ്യാജ ആപ്പിൽ പണം നിക്ഷേപിക്കാനായി പരാതിക്കാരനിൽ നിന്ന് തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ആര്യയാണ് പണം കൈപ്പറ്റിയതെന്ന് പൊലീസ് കണ്ടെത്തിയരുന്നു.

തട്ടിപ്പുകാർ പരാതിക്കാരനെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് സ്വകാര്യ ഷെയർ ട്രേഡിങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തിയാണ് കെണിയിലാക്കിയത്. വ്യാജ ഷെയർ ട്രേഡിങ് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് പണം തട്ടുകയായിരുന്നു. ഈ വ്യാജ ആപ്പിലൂടെ പ്രതികൾ നിര്‍ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് രണ്ടു മാസത്തിനിടയിൽ 16.6 ലക്ഷം രൂപയാണ് പരാതിക്കാരൻ അയച്ചു കൊടുത്തത്. നിക്ഷേപിച്ച പണത്തിന് ലാഭം ഉൾപ്പെടെ വ്യാജ ആപ്പിൽ പ്രത്യക്ഷപ്പെട്ടെങ്കിലും പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പറ്റാതെ വന്നപ്പോഴാണ് താൻ തട്ടിപ്പിന് ഇരയായ വിവരം പരാതിക്കാരൻ മനസിലാക്കിയത്.

തുടർന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ ഐ പി എസ്സിന്റെ നിര്‍ദേശപ്രകാരം നവംബർ 10 ന് ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. തുട‍ർന്ന് സ്റ്റേഷൻ ഹൗസ് ഓഫിസര്‍ ഏലിയാസ് പി ജോർജ്ജിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. പരാതിക്കാരന് നഷ്ടമായ പണം അറസ്റ്റിലായ ആര്യദാസ് തന്റെ പേരിലുള്ള ഇൻഡസ് ഇൻഡ് ബാങ്കിന്റെ തിരുവനന്തപുരം ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ് അയച്ചു വാങ്ങിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

4.5 ലക്ഷം രൂപ തിരിച്ച് പിടിച്ചു 

അന്വേഷണത്തിനൊടുവിൽ ആലപ്പുഴ ഡിസിആർബി ഡിവൈഎസ് പി സന്തോഷ് എം എസിന്റെ നിര്‍ദേശപ്രകാരം സ്റ്റേഷൻ ഹൗസ് ഓഫിസര്‍ ഏലിയാസ് പി ജോർജ്ജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ആതിര ഉണ്ണികൃഷ്ണൻ, ശരത്ചന്ദ്രൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ രഞ്ജിത്ത് ജെ, ദീപ്തിമോൾ, സി പി ഒ മാരായ ജേക്കബ് സേവ്യർ, ആരതി കെ.യു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിലവിൽ 4.5 ലക്ഷം രൂപ എൻ സി ആർ പി പോർട്ടൽ വഴി പരാതിക്കാരന് തിരികെ ലഭ്യമാക്കുന്നതിനായി മരവിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

ഈ കേസുമായി ബന്ധപ്പെട്ട് ഐ പി അഡ്രസ്സുകൾ കേന്ദ്രീകരിച്ചും ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിച്ചും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറിയിച്ചു. കേരളത്തിൽ എറണാകുളം സിറ്റിയിലും, ഡൽഹി, മഹാരാഷ്ട്ര, പഞ്ചാബ്, വെസ്റ്റ് ബംഗാൾ, ഉത്തർപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായി പ്രതിക്കെരെ 28 പരാതികൾ നിലവിലുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൃശൂരിലെ നടുക്കുന്ന സംഭവം; 23കാരിയെ വെട്ടി പരിക്കേൽപ്പിച്ചു, കാൽ അറ്റ നിലയിൽ, ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
ഓട്ടോയിൽ നടന്ന് വിൽപ്പന, പിടികൂടിയത് സഹോദരങ്ങളടക്കം നാലുപേരെ, 21.37 ​ഗ്രാം എംഎഡിഎംഎയും പിടിച്ചെടുത്തു