'ഓപ്പറേഷന്‍ കോബ്ര' പത്തിമടക്കി; പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് നടന്ന കൊലപാതകത്തിന്റെ ഭീതിയില്‍ നഗരം

By Web TeamFirst Published Mar 16, 2019, 4:53 PM IST
Highlights

ലിഗ എന്ന വിദേശ വനിത കൊല്ലപ്പെട്ട തരുത്തിൽ സിറ്റി പൊലീസ് കമ്മീഷ്ണർ നേരിട്ട് എത്തി പരിശോധന നടത്തിയാണ് ഓപ്പറേഷൻ കോബ്ര ഒരു മാസം മുൻപ് തുടങ്ങുന്നത്. ഗുണ്ടാവിളയാട്ടവും ലഹരിക്കടത്തും തലസ്ഥാനത്ത് വ്യാപിച്ചപ്പോഴായിരുന്നു ഈ നടപടി

തിരുവനന്തപുരം: ക്രിമിനലുകളെ നിയന്ത്രിക്കാന്‍ പൊലീസ് കൊണ്ടുവനന്ന പദ്ധതികള്‍ പരാജയം. തിരുവനന്തപുരത്ത് ഗുണ്ടാവിളയാട്ടം വ്യാപകം. കഴിഞ്ഞ മാസം പൊലീസ് തുടങ്ങിയ ഓപ്പറേഷന്‍ കോബ്രയിലൂടെ ഗുണ്ടകളേയും അവരുടെ താവളങ്ങളേയും കുറിച്ചുള്ള പൂര്‍ണവിവരം ശേഖരിച്ചിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. ഇതിനിടയിലാണ് പൊലീസിന് നാണക്കേടായി മാറിയിരിക്കുകയാണ് ലഹരിമാഫിയയും ഗുണ്ടകളും ഉള്‍പ്പെട്ട തുടര്‍ക്കൊലപാതകങ്ങള്‍. 

കോവളത്ത് ലിഗ എന്ന വിദേശ വനിത കൊല്ലപ്പെട്ട തരുത്തിൽ സിറ്റി പൊലീസ് കമ്മീഷ്ണർ നേരിട്ട് എത്തി പരിശോധന നടത്തിയാണ് ഓപ്പറേഷൻ കോബ്ര ഒരു മാസം മുൻപ് തുടങ്ങുന്നത്. ഗുണ്ടാവിളയാട്ടവും ലഹരിക്കടത്തും തലസ്ഥാനത്ത് വ്യാപിച്ചപ്പോഴായിരുന്നു ഈ നടപടി. സാമൂഹ്യവിരുദ്ധ പ്രവർത്തനം നടക്കുന്ന ആളൊഴിഞ്ഞ സ്ഥലങ്ങളെക്കുറിച്ച് പൂർണ്ണവിവരം ശേഖരിക്കുകയായിരുന്നു ഒരു ലക്ഷ്യം. കൂടാതെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരുടെ കണക്കുകൾ എല്ലാ പൊലീസ് സ്റ്റേഷനുകളിൽ നിന്നും ശേഖരിച്ചു. 80ലധികം പേരാണ് അന്ന് ജയിലിലായത്. കമ്മീഷണർ ഓഫീസ് കേന്ദ്രീകരിച്ച് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരെ നിരീക്ഷിക്കാൻ പുതിയ സെൽ തുടങ്ങുന്ന കാര്യവും പരിഗണനയിലുണ്ടായിരുന്നു.

 

അവിടെ ചിലര്‍ മദ്യപിക്കുന്നതും ലഹരിയുപയോഗിക്കുന്നതിനെക്കുറിച്ചും അറിവുണ്ടായിരുന്നുവെന്നാണ് കരമനയിൽ അനന്തുവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കാടുപിടിച്ച സ്ഥലത്തെക്കുറിച്ച് സിറ്റി പൊലീസ് കമ്മീഷണർ പറയുന്നത്. എന്നാല്‍ കരമന പൊലീസ് സ്റ്റേഷനില്‍ നിന്ന് ഏറെ അകലെയല്ലാത്ത ഇവിടെയാണ് സുഹൃത്തുക്കള്‍ അനന്തുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഓപ്പറേഷന്‍ കോബ്രയില്‍ ഈ ഒഴിഞ്ഞ ഇടത്ത് നടക്കുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചില്ലേയെന്നാണ് അനന്തുവിന്റെ മരണത്തിന് പിന്നാലെയുയരുന്ന ചോദ്യം. 

അനന്തുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ശ്രീവരാഹ ക്ഷേത്രത്തിനടുത്ത് കൊലപാതകം നടക്കുന്നത്. ഇവിടെ കൊല്ലപ്പെട്ടയാളും കൊലപാതകികളുമെല്ലാം ക്രിമിനൽ കേസുള്ളവരാണ്. ഇതിന് മുൻപും ഇവർ തമ്മിൽ ഏറ്റുമുട്ടിയിട്ടുണ്ടെന്ന കാര്യം പൊലീസും സമ്മതിക്കുന്നു. പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം ഉണ്ടെന്ന് നാട്ടുകാരും പറയുന്നു. എന്നിട്ടും ഇവിടെ  പൊലീസ് നിരീക്ഷണം ഉണ്ടായില്ലെന്നാണ് ആരോപണം. കൊട്ടിഘോഷിച്ച് തുടങ്ങിയ ഓപ്പറേഷൻ കോബ്ര ഒരു ചുവടുപോലും മുന്നോട്ട് വയ്ക്കാതെ പത്തിമടക്കിയെന്നാണ് നഗരത്തിൽ രണ്ടിടത്ത് തുടർച്ചയായി നടന്ന കൊലപാതകങ്ങൾ വ്യക്തമാക്കുന്നത്.
 

click me!