
കല്‍പ്പറ്റ: ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ ആരംഭിച്ച 'ഓപ്പറേഷന്‍ കാവല്‍' ന്റെ ഭാഗമായി ജില്ലയിലെ സ്ഥിരം കുറ്റവാളികളായ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി പെരിക്കല്ലൂര്‍ മൂന്ന് പാലം ചക്കാലക്കല്‍ വീട്ടില്‍ സുജിത്ത് (27), നടവയല്‍ കായക്കുന്ന് പതിപ്ലാക്കല്‍ വീട്ടില്‍ ജോബിഷ് ജോസഫ് (25) എന്നിവരെയാണ് കാപ്പ നിയമപ്രകാരം പിടികൂടി ജയിലിലടച്ചത്. ജില്ലയിലെ പോലീസ് സ്‌റ്റേഷനുകള്‍ക്ക് പുറമെ മറ്റു ജില്ലകളിലും നിരവധി കേസുകളില്‍ പ്രതികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
പുല്‍പ്പള്ളി, തിരുനെല്ലി പൊലീസ് സ്റ്റേഷനുകളിലും, കണ്ണൂര്‍ ജില്ലയിലെ മയ്യില്‍, കതിരൂര്‍, വളപട്ടണം, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലയിലെ പയ്യോളി, മലപ്പുറം, തൃശൂരിലെ ചാലക്കുടി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ സംഘം ചേര്‍ന്ന് ഗൂഡാലോചന നടത്തി തട്ടിക്കൊണ്ടു പോയി കവര്‍ച്ച നടത്തല്‍, വധശ്രമം, അടിപിടി, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ പത്തോളം കേസുകളില്‍ സുജിത്ത് പ്രതിയാണ്. വയനാട് ജില്ലയിലെതന്നെ പുല്‍പ്പള്ളി, തിരുനെല്ലി പൊലീസ് സ്റ്റേഷനുകളിലും ജില്ലക്ക് പുറത്ത് കാസര്‍ഗോഡ്, പയ്യോളി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലും സംഘം ചേര്‍ന്ന് ഗൂഢാലോചന നടത്തി തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തല്‍, വധശ്രമം, അടിപിടി, ഉള്‍പ്പെടെ നാല് കേസുകളില്‍ പ്രതിയാണ് ജോബിഷ് ജോസഫ്.
Read more: 'ആ രാജിക്കത്തും ഒപ്പും വ്യാജം', പൊലീസിൽ പരാതിയുമായി മൂന്നാറിൽ കോൺഗ്രസിനൊപ്പം ചേർന്ന സിപിഎം അംഗം
സുജിത്തും ജോബിഷ് ജോസഫും അടങ്ങുന്ന സംഘമാണ് 2022 ഒക്ടോബറില്‍ തിരുനെല്ലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാട്ടിക്കുളത്ത് വെച്ച് പൊലീസ് സ്റ്റിക്കര്‍ പതിച്ച വാഹനവുമായി വന്ന് ബംഗളൂരുവില്‍ നിന്ന് വരികയായിരുന്ന സില്‍വര്‍ ലൈന്‍ ബസ് തടഞ്ഞുനിര്‍ത്തി മലപ്പുറം സ്വദേശിയില്‍ നിന്നും ഒരു കോടിയിലധികം രൂപ കവര്‍ച്ച ചെയ്തതെന്ന് പൊലീസ് പറയുന്നു. ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറാണ് ഉത്തരവ് ഇറക്കിയത്. ജില്ലയിലെ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിനായി തുടര്‍ന്നും ഇത്തരത്തിലുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.